യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച കാമുകൻ അറസ്റ്റിൽ
July 16, 2017, 1:52 am
സ്വന്തം ലേഖകൻ
പൊളളലേറ്റ യുവാവിനെ കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ

പത്തനംതിട്ട: പതിനേഴുകാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ച കാമുകൻ കടമ്മനിട്ട തെക്കുംപറമ്പിൽ സജിലിനെ (20) സംഭവം നടന്ന വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു.
പൂർണ നഗ്നനും അവശനുമായിരുന്ന ഇയാളുടെ നെഞ്ചിലും പുറത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
വെളളിയാഴ്ച വൈകിട്ട് ആറരയോടെയാണ് കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയിൽ കോളനിയിലെ പെൺകുട്ടിയെ സജിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് സംഭവം നടന്ന വീട്. പെൺകുട്ടിയുടെ അപ്പൂപ്പനും ചിറ്റപ്പനുമാണ് അവിടെ താമസിക്കുന്നത്. രണ്ടു വീടിനപ്പുറമാണ് പെൺകുട്ടി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം കഴിയുന്നത്. ആ വീട്ടിലായിരുന്ന പെൺകുട്ടിയെ സജിൽ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും വഴക്കിട്ട ശേഷം സജിൽ പുറത്തേക്കു പോയി. പിന്നീട് ഒരു കുപ്പിയിൽ പെട്രോളുമായി വന്ന് വീടിനകത്തും പെൺകുട്ടിയുടെ ദേഹത്തും ഒഴിച്ചു. സജിലിന്റെ ദേഹത്തും പെട്രോൾ വീണു. തീ കൊളുത്തിയതോടെ പെൺകുട്ടി അലറി വിളിച്ച് മുറിയിലൂടെ പിന്നിലേക്കോടി. ഇൗ സമയം സജിലിന്റെ ദേഹത്തും തീപിടിച്ചു. ഇയാൾ വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ കിടന്നുരുണ്ട് തീയണച്ച ശേഷം ഒാടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇരുവരും ഏറെനാൾ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്തകാലത്തായി പെൺകുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തിലാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുമുറ്റത്തു നിന്ന് കാൽഭാഗം പെട്രോളുമായി മിനറൽ വാട്ടറിന്റെ കുപ്പി, ഒരു കറിക്കത്തി, കമ്പിവടി എന്നിവ കണ്ടെടുത്തു. ഇതെല്ലാം പ്രതിയുടേതാണെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പിന്നിൽ പെൺകുട്ടിയുടെ തലമുടിയും വസ്ത്രഭാഗങ്ങളും കണ്ടെത്തി. ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പെൺകുട്ടിയുടെ അപ്പൂപ്പനെ മൊഴിയെടുത്ത ശേഷം പൊലീസ് സാക്ഷിയാക്കിയിട്ടുണ്ട്. പ്രതിയായ സജിലിനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം കൂടുതൽ ചോദ്യംചെയ്യുമെന്ന് പത്തനംതിട്ട ഡിവൈ. എസ്. പി കെ. എ. വിദ്യാധരൻ പറഞ്ഞു. കോഴഞ്ചേരി സി. ഐ. ബി. അനിലിനാണ് അന്വേഷണച്ചുമതല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ