വേറിട്ട കൂട്ടായി ജാക്കിയും മണിയനും
July 16, 2017, 3:18 pm
അജിത് കാമ്പിശേരി
തിരുവല്ല: ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന് തെളിയിക്കുകയാണ് ജാക്കിയും മണിയനും . കുട്ടമ്പേരൂർ രേവതിഭവനത്തിൽ സന്തോഷിന്റെ വളർത്തുമൃഗങ്ങളാണ് ജാക്കി എന്ന നായയും മണിയൻ താറാവും. ജാക്കിയെ രണ്ടുവർഷം മുമ്പ് വീടിന് മുന്നിലുള്ള റോഡിൽനിന്ന് കിട്ടിയതാണ്. ഒരു വർഷത്തിനുശേഷം തിരുവല്ല-കായംകുളം പാതയിൽ ആലുംമൂട് ജംഗ്ഷന് സമീപത്തുനിന്നാണ് മണിയനെ കിട്ടുന്നത്. വാനിൽനിന്ന് തെറിച്ചുവീണ മണിയന്‍ പരിക്കേറ്റ നിലയിലായിരുന്നു. ഇരുവരും കണ്ടുമുട്ടിയ അന്നുമുതൽ ഇണപിരിയാത്ത കൂട്ടുകാരായി. ആരെങ്കിലും ജാക്കിയുടെ അടുത്തേക്ക് വന്നാൽപ്പിന്നെ മണിയന് കലികയറും. ഓടിയെത്തി അവരെ കൊത്താൻ തുടങ്ങും. ഇടക്കാലത്ത് സന്തോഷ് ഒരു പിടത്താറാവിനെ വാങ്ങി വീട്ടിൽ കൊണ്ടുവന്നു. മണിയൻ അടുത്തില്ല. അതിനെയും കൊത്തിയോടിച്ചു. ഊണിലും ഉറക്കത്തിലുമെല്ലാം ഈ മിണ്ടാപ്രാണികൾ ഒന്നിച്ചാണ്. ഒരു പാത്രത്തിൽനിന്നാണ് ഇരുവരും ഭക്ഷണം കഴിക്കുന്നത്. മീൻകറിയും ചോറുമാണ് ഇരുവരുടെയും ഇഷ്ടവിഭവം. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ രണ്ടുപേരും മുട്ടിയുരുമ്മി കിടക്കും. ഇടയ്ക്ക് ജാക്കിയുടെ ദേഹത്തുള്ള ചെള്ളിനെ മണിയൻ കൊത്തിയെടുക്കും. ഈസമയം മണിയനെ ജാക്കി നക്കിത്തുടയ്ക്കും. രണ്ട് വയസുകാരൻ ജാക്കിയുടെയും ഒരുവയസുള്ള മണിയന്റെയും സ്‌നേഹസല്ലാപം കാഴ്ചക്കാർക്ക് കൗതുകമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ