കാട്ടാനകളെ കടത്താൻ സൂത്രവിദ്യ
August 12, 2017, 1:00 am
എം. ബിജുമോഹൻ
ഇന്ന് ലോക ഗജദിനം
പത്തനംതിട്ട: പാലക്കാട്, തൃശൂർ ജില്ലക്കാരെ ഭീതിയിലാഴ്ത്തി വിഹരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു തിരികെ കയറ്റാൻ രണ്ടു ദിവസമായി വനപാലകർ പെടാപ്പാടു പെടുമ്പോൾ എളുപ്പത്തിൽ അവയെ കൈകാര്യം ചെയ്യാമെന്നാണ് ആന ഗവേഷകനും സോഷ്യൽ ഫോറസ്ട്രി മുൻ ഉദ്യോഗസ്ഥനുമായ പത്തനംതിട്ട സ്വദേശി ചിറ്റാർ ആനന്ദൻ പറയുന്നത്.
പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനകളെ തിരികെയോടിക്കാൻ ശ്രമിച്ചാൽ വിജയിക്കണമെന്നില്ല. ഭയന്നോടുമ്പോൾ കാട്ടിലേക്കു മടങ്ങാനുള്ള ആനകളുടെ സഞ്ചാര പാത നഷ്ടമാകും. ആനകളെ ഭയപ്പെടുത്താതെയും മയക്കുവെടി വയ്ക്കാതെയും കാട്ടിലേക്കു തിരികെ വിടാൻ ചില നാടൻ സൂത്രവിദ്യകൾ മതി.

കാട്ടിലേക്ക് കയറ്റാൻ ഉപ്പിടുക
ആനകൾ കാട്ടിലേക്കു കയറാനുള്ള വഴികളിൽ ഉപ്പിടുക. കൈതച്ചക്ക, വാഴക്കുല തുടങ്ങിയ പഴങ്ങൾ ഈ പാതയിൽ ഇടവിട്ട് ഇട്ടുകൊടുക്കണം. ഉൾവനങ്ങളിലെ വഴികൾ വശമുള്ള വനസംരക്ഷണ സമിതി പ്രവർത്തകരെ പഴങ്ങളും ഉപ്പുമായി ഉൾവനത്തിലേക്ക് കയറ്റി വിടണം. മണം പിടിച്ച് ആനകൾക്ക് ഇതു വഴി കാട്ടിലേക്കു കയറാനാകും. തള്ളയാനയെയും കൊമ്പനെയും ആകർഷിക്കാൻ കുട്ടിയാനകളുടെ കരച്ചിൽ അനുകരിക്കുന്ന ആളുകളെ വനത്തിലേക്കു വിടണം. ആനകൾ കാട്ടിലേക്ക് കയറിത്തുടങ്ങുമ്പോൾ അവയ്ക്ക് അരോചകമായി പുലിമൂളൽ പോലുള്ള ശബ്ദങ്ങൾ പിന്നിൽ നിന്നു കേൾപ്പിക്കണം.

കാടിറങ്ങാനുള്ള
കാരണങ്ങൾ

മഴക്കാലത്ത് ആനകളുടെ ശരീരത്തിൽ ലവണാംശം കുറയും. ഉപ്പുരസമുള്ള ഭക്ഷണം തേടി അലയും.
ആനകൾക്ക് നായകളെക്കാൾ ഘ്രാണശക്തിയുണ്ട്. ഉരുൾപൊട്ടൽ, മലയിടിച്ചിൽ, മരങ്ങൾ ഒടിഞ്ഞു വീഴുന്നത് എന്നിവയുണ്ടാകും മുൻപ് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയും. മനുഷ്യനു കേൾക്കാൻ കഴിയാത്ത പ്രകൃതിയിലെ ശബ്ദങ്ങളിലൂടെയാണ് ആനകൾ ഇതു തിരിച്ചറിയുന്നത്. അത്തരം ഘട്ടത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ ഈറ്റക്കാടുകൾ, തേക്കു തോട്ടങ്ങൾ എന്നിവിടങ്ങളിലേക്ക് മാറും. അതുവഴി കാടിനോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിലുമെത്തും. മഴക്കാലത്ത് നാട്ടിൻപുറങ്ങളിലുണ്ടാകുന്ന പഴങ്ങളുടെ മണം ആനകളെ ആകർഷിക്കും. 'ആന, കാഴ്ചയുടെ കാണാപ്പുറങ്ങൾ' എന്ന പഠന ഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനുമാണ്. ചിറ്റാർ ആനന്ദന്റെ ഫോൺ: 9447142182.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ