മാലാഖമാരും നിറം മാറുന്നു...
August 22, 2017, 12:57 am
എം. ബിജുമോഹൻ
പത്തനംതിട്ട: വെള്ളക്കുപ്പായം ധരിച്ച മാലാഖമാരെ ഇനി ലാവൻഡം, നീല കളറുകളിൽ കണ്ടാൽ ആരും അത്ഭുതപ്പെടേണ്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരെ പോലെ ഗവ. നഴ്സുമാരും നിറം മാറുകയാണ്. ഹെഡ് നഴ്സുമാർ ലാവൻഡം കളറിലേക്കും സ്റ്റാഫ് നഴ്സുമാർ നീല കളറിലേക്കുമാണ് മാറുന്നത്. പക്ഷെ വെള്ള ഒാവർക്കോട്ട് നിർബന്ധം. ചുരിദാറോ സാരിയോ ഇഷ്ടംപോലെ ധരിക്കാം. മെയിൽ നഴ്സുമാർക്ക് നീല ഷർട്ടും കറുത്ത പാന്റും വെള്ള ഒാവർക്കോട്ടുമാണ് വേഷം.
1957 മുതൽ വെള്ളക്കളറിലാണ് നഴ്സുമാരുടെ യൂണിഫോം. ഇൗ വർഷം സെപ്തംബർ ഒന്ന് മുതൽ പുതിയ യൂണിഫോം ധരിക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, അതുവരെ കാത്ത് നിൽക്കാതെ പല ആശുപത്രികളിലെയും നഴ്സുമാർ നിറം മാറ്റിയിട്ടുണ്ട്. യൂണിഫോമിന്റെ നിറം മാറ്റണമെന്ന നഴ്സുമാരുടെ സംഘടനകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. പുതിയ നിറം ഏത് വേണമെന്ന കാര്യത്തിൽ സംഘടനകൾ പൊതുവായ തീരുമാനത്തിലെത്തി സർക്കാരിനെ അറിയിക്കാനായിരുന്നു നിർദേശം. ഇതേ തുടർന്നാണ് ലാവൻഡം, നീല കളറുകൾ തിരഞ്ഞെടുത്തത്. നിറം മാറ്റുന്നതിന് ആഗസ്റ്റ് ആദ്യം സർക്കാർ ഉത്തരവിറങ്ങി.
അതേസമയം, പുതിയ യൂണിഫോമിനുളള തുണികൾ എല്ലായിടത്തും ലഭ്യമായിട്ടില്ലെന്നാണ് നഴ്സുമാരുടെ പരാതി. എന്നാൽ, തുണികൾ എല്ലാ ജില്ലകളിലും എത്തിക്കാൻ ഒരു കടയുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

യൂണിഫോം അലവൻസ്
ഹെഡ് നഴ്സിന് വർഷം 2800രൂപ
സ്റ്റാഫ് നഴ്സിന് 2400രൂപ

................
''സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് യൂണിഫോം മാറ്റാൻ തീരുമാനിച്ചത്. പ്രത്യേകിച്ച് ബുദ്ധിമുട്ടുണ്ടായത് കൊണ്ടല്ല. കണ്ടക്ടർമാരുടെ യൂണിഫോമിന്റെ നിറം മാറ്റിയതു പോലുളള ഒരു തീരുമാനമാണിത്. നിറം മാറണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
ഉഷാകുമാരി (ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ