കന്നുകാലി സെൻസസും ഹൈടെക്;ടാബുമായി 1500 ഇൻസ്പെക്ടർമാർ
November 13, 2017, 12:34 am
എം. ബിജുമോഹൻ
പത്തനംതിട്ട: അഞ്ചു കൊല്ലം കൂടുമ്പോൾ നടത്തുന്ന കന്നുകാലി സെൻസസ് ഇത്തവണ ഹൈടെക് ആകുന്നു. കാലികളുടെ കണക്കെടുക്കാൻ കമ്പ്യൂട്ടർ ടാബുമായി 1500 ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാർ വീടുകളിൽ എത്തും. ഒരു പഞ്ചായത്തിൽ രണ്ടോ മൂന്നോ ഇൻസ്പെ‌ക്ടർമാർ പങ്കെടുക്കും. പാകപ്പിഴകൾ ഒഴിവാക്കാൻ വെറ്ററിനറി ‌ഡോക്‌ടർമാരും ഉണ്ടാകും.
രാജ്യവ്യാപകമായാണ് കന്നുകാലി സെൻസസ് നടത്തുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് ആദ്യ ഗഡുവായി 1.45 കോടി രൂപ ലഭിച്ചിട്ടുണ്ട്. ടാബുകൾ വാങ്ങിക്കഴിഞ്ഞു. സോഫ്റ്റ്‌വെയർ അപ്‌ലോഡ് ചെയ്ത് പരിശീലനം പൂർത്തിയാക്കേണ്ടതിനാൽ സെൻസസ് കുറച്ചു വൈകും. ജനുവരിയിൽ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കാനാണ് നീക്കം. സാധാരണ കാലി സെൻസസ് ഒക്ടോബറിൽ പൂർത്തിയാകേണ്ടതാണ്.
വീട്ടുകാർ പറയുന്നതു കേട്ട് കന്നുകാലികളുടെ എണ്ണം ബുക്കിൽ എഴുതുന്നതായിരുന്നു ഇതുവരെ പതിവ്. പത്താം ക്ളാസ് പാസായവരെ കരാർ വ്യവസ്ഥയിൽ നിയമിച്ച് പരിശീലനം നൽകിയാണ് സെൻസസ് നടത്തിയിരുന്നത്. ഇവർ മൃഗങ്ങളെ ഇനം തിരിച്ച് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇത്തരം അപാകതകൾ പരിഹരിക്കാനാണ് വെറ്ററിനറി ഡോക്‌ടർമാരെയും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരയും നിയോഗിക്കുന്നത്. ഇൻസ്പെക്ടർമാർ വീടുകളിലും ഫാമുകളിലുമെത്തി വളർത്തു മൃഗങ്ങളെ കണ്ട് കണക്കെടുക്കും. അപ്പോൾത്തന്നെ ടാബിൽ വിവരം അപ്‌ലോഡ് ചെയ്യും. ഇതുവഴി ഒരു ദിവസത്തെ സെൻസസിന്റെ കണക്ക് അന്നുതന്നെ അറിയാം.
പശു, കാള, എരുമ, പോത്ത്, പന്നി, ആട്, വളർത്തു നായകൾ, കോഴി, താറാവ്, ആന, കുതിര, കഴുത, ഒട്ടകം തുടങ്ങിയവയാണ് സെൻസസിൽ ഉൾപ്പെടുന്നത്.

2012ൽ 19-ാം സെൻസസ്
നടന്നത് 88,39,154 വീടുകളിൽ
കന്നുകാലികൾ: 27,35,162
കോഴികൾ: 2,42,81,928

1000 വീടുകളിലെ ശരാശരി
പശു 150
എരുമ 12
ആട് 141
പന്നി 6


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ