മദപ്പാടിന്റെ കാലമെത്തി, ഇടയുന്ന കൊമ്പനെ ആര് തളയ്ക്കും...?
January 9, 2018, 11:48 pm
എം. ബിജുമോഹൻ
പത്തനംതിട്ട: രാത്രി മഞ്ഞും പകൽ കൊടും ചൂടുമുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ആനകൾക്ക് മദപ്പാടുണ്ടാകുന്നത്. ആനകളെ എഴുന്നള്ളിക്കുന്ന ഒട്ടുമുക്കാൽ ഉത്സവങ്ങളും ഈ സമയത്താണ്. ഉത്സവത്തിനിടെ ആന വിരളുന്നതും കൊലയാളിയാവുന്നതും എല്ലാ വർഷവും പതിവ്. പറഞ്ഞിട്ടെന്തു ഫലം, ഇടയുന്ന ആനകളെ തളയ്ക്കാൻ പരിശീലനം കിട്ടിയ വെറ്ററിനറി ഡോക്ടർമാർ വിരലിൽ എണ്ണാവുന്നവർ. മൃഗസംരക്ഷണ വകുപ്പിൽ എലിഫന്റ് സ്ക്വാഡ് രൂപീകരിച്ച് കൂടുതൽ ഡോക്ടർമാർക്ക് പരിശീലനം നൽകുമെന്ന പ്രഖ്യാപനം നീളുന്നു.
താത്പര്യമുള്ള വെറ്ററിനറി ഡോക്ടർമാർക്ക് നാട്ടാന പരിപാലനത്തിൽ പരിശീലനം നൽകുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. റിസ്ക് അലവൻസായി ആയിരം രൂപയും മരുന്നും നൽകി കൈയൊഴിയും. ആന വിരണ്ടെന്ന് അറിഞ്ഞാൽ പ്രദേശത്തേക്ക് എത്താൻ വാഹനം പോലും അനുവദിക്കില്ല. സഹായികളെയും കിട്ടില്ല.

എലിഫന്റ് സ്ക്വാഡ്
ഒരു ജില്ലയിൽ രണ്ട് വെറ്ററിനറി ഡോക്ടറെ വീതം എലിഫന്റ് സ്ക്വാഡിൽ നിയമിച്ച് മയക്കുവെടി വയ്ക്കുന്നതിൽ ഉൾപ്പെടെ പരിശീലനം നൽകണമെന്നാണ് അനിമൽ ഹസ്ബൻഡറി വിഭാഗത്തിന്റെയും ഡോക്ടർമാരുടെ സംഘടനകളുടെയും ആവശ്യം. വാഹനം, ഡ്രൈവർ, രണ്ട് അറ്റൻഡർ എന്നിവരങ്ങുന്ന ടീം ഓരോ ജില്ലയിലും വേണം. മയക്കുവെടി കൊണ്ട ആന തളരാൻ ഇരുപത് മിനിട്ടോളം വേണം. വെടിയേൽക്കുമ്പോൾ ആന അക്രമം കാട്ടും. ചിലത് തിരിഞ്ഞു വന്നാക്രമിക്കും. ഇത്തരം സന്ദർഭങ്ങളിൽ രക്ഷപ്പെടാൻ ശാരീരിക ക്ഷമതയുള്ളവരെ വേണം സ്ക്വാഡിൽ നിയമിക്കാൻ.

ഓർമ്മയിൽ ഡോ. ഗോപകുമാർ
ഇടഞ്ഞ കൊമ്പനെ തളയ്ക്കാൻ 2015 ജനുവരി 11ന് മല്ലപ്പള്ളി വായ്പൂരിലെത്തിയ വെറ്ററിനറി ഡോക്ടർ ഗോപകുമാറിനെ ആന കുത്തിക്കൊന്ന ദാരുണ സംഭവത്തിന് ഈ മാസം 11ന് മൂന്നു വർഷം തികയുന്നു. മയക്കു വെടിയേറ്റ ആന തിരിഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലയിൽ ആനയെ തളയ്ക്കാൻ ഡോക്ടറില്ല. തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ നിന്ന് സ്വന്തം കാറോടിച്ചാണ് അന്ന് ഗോപകുമാർ എത്തിയത്.

1575: സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടർമാർ

ഡോക്ടർമാർ ജില്ല തിരിച്ച്
തിരുവനന്തപുരം 153
കൊല്ലം 122
പത്തനംതിട്ട 85
ആലപ്പുഴ 113
കോട്ടയം 113
ഇടുക്കി 83
എറണാകുളം 136
തൃശൂർ 155
പാലക്കാട് 134
മലപ്പുറം 133
കോഴിക്കോട് 116
വയനാട് 43
കണ്ണൂർ 134
കാസർകോട് 55.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ