കടുവകളെ നിരീക്ഷിക്കാൻ ടൈഗർ ട്രാപ്പ് കാമറകൾ
April 15, 2018, 8:00 am
ബി. അജീഷ്
കോന്നി : കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട കോന്നി വനമേഖലയിൽ നിരീക്ഷണത്തിന് ടൈഗർ ട്രാപ്പ് കാമറകൾ സ്ഥാപിക്കുന്നു. കഴിഞ്ഞ ദിവസം കല്ലേലി വനമേഖലയിലും കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിദ്ധ്യം ഉള്ളതായി വനപാലകർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ടൈഗർ ട്രാപ്പ് കാമറകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വനാതിർത്തിയിലെ വിവിധ കേന്ദ്രങ്ങളിൽ 30 ക്ളോസ്ഡ് സർക്യൂട്ട് കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിനുപുറമേയാണ് ട്രാപ്പ് കാമറകളും എത്തിക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിലെ വിദഗ്ദ്ധരായ ഇക്കോളജിസ്റ്റ് രമേശ്, ടൈഗർ മോണിട്ടറിംഗ് അസിസ്റ്റന്റ് രാഹുൽ, ടൈഗർ ഫോറസ്റ്റ് വാച്ചർ പൊന്നച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഒരാഴ്ച മുമ്പ് വനസംരക്ഷണ സമിതി പ്രവർത്തകൻ രവിയെ കൊന്നുതിന്നത് ഒന്നിൽ കൂടുതൽ കടുവകളാണെന്ന് പോസ്റ്റുമോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവ ഇണകളാണോ, കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന കുടുംബമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. ട്രാപ്പ് കാമറകൾ സ്ഥാപിക്കുന്നതിലൂടെ ഈ സംശയങ്ങൾ ദൂരീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിവിധ കാമറകളിൽ ലഭിക്കുന്ന ദൃശ്യങ്ങളിലെ കടുവകളുടെ ശരീരത്തിലെ വരകളും മറ്റ് ചില വ്യത്യാസങ്ങളും കണ്ടെത്തി എണ്ണം മനസിലാക്കാൻ കഴിയും. കഴിഞ്ഞ ഞായറാഴ്ചയാണ് കോന്നി വനമേഖലയിൽ കടുവയുടെ സാന്നിദ്ധ്യം വനം വകുപ്പ് ഉറപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കല്ലേലിയിലും സമീപങ്ങളിലും കടുവയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്.

ടൈഗർ ട്രാപ്പ് കാമറ
സാധാരണ കാമറകളിൽ നിന്ന് വ്യത്യസ്തമായി വന്യമൃഗം കാമറയുടെ മുന്നിൽപ്പെടുമ്പോൾ മാത്രം സെൻസർ പ്രവർത്തിച്ച് ചിത്രം പകർത്തുന്നു. കാമറകൾ മൃഗങ്ങളുടെ ശരീരത്തിലെ ഊഷ്മാവ് തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കും. 50 അടി ദൂരത്തിൽ വരെ വ്യക്തമായ ചിത്രങ്ങളെടുക്കാൻ സാധിക്കും. 200,00 രൂപയാണ് ഒരു കാമറയുടെ വില. ഒരു മാസം വരെ ബാറ്ററി ചാർജ് നിൽക്കും. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന മെമ്മറി കാർഡുകൾ പരിശോധിച്ചാണ് മൃഗങ്ങളുടെ സാന്നിദ്ധ്യവും എണ്ണവും ഉറപ്പിക്കുന്നത്.


ഭീതി ഒഴിയാതെ
കടുവയുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ കല്ലേലി, കൊക്കാത്തോട് പ്രദേശം പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. പുറത്തുനിന്നുള്ളവർ ഇവിടേക്ക് ഇപ്പോൾ എത്താറില്ല. പ്രദേശവാസികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മടിക്കുകയാണ്. കടുവയെ കാട്ടിൽ കയറി പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം വന്യജീവികളെ കാട്ടിൽ കയറി പിടികൂടാൻ കഴിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വനം വകുപ്പിന്റെ പ്രത്യേക സംഘം ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഡി.എഫ്.ഒ മനോജ് കുമാർ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ