പമ്പ ഇപ്പോൾ ഇങ്ങനെ
September 15, 2018, 12:10 am
എം. ബിജുമോഹൻ
കന്നിമാസ പൂജയ്ക്ക് ശബരിമല നട നാളെ തുറക്കുകയാണ്. ചിങ്ങമാസ പൂജയ്ക്കും നിറപുത്തരി ചടങ്ങുകൾക്കുമായി ശബരിമലയിലേക്ക് വലിയ തോതിൽ ഭക്തർ എത്തേണ്ടിയിരുന്ന ആഗസ്റ്റ് 16 മുതൽ നാല് ദിവസം പമ്പാനദി പ്രളയത്താൽ ഉഗ്രരൂപിണിയായിരുന്നു. കരകവിഞ്ഞും ഗതിതിരിഞ്ഞും ഒഴുകിയ പമ്പ കടന്ന് ഭക്തർക്ക് മല ചവിട്ടാൻ കഴിഞ്ഞിരുന്നില്ല. പ്രളയം ഒഴിഞ്ഞപ്പോൾ യുദ്ധക്കളം പോലെയായ പമ്പയും മണപ്പുറവും പുനർനിർമാണത്തിന്റെ പാതയിലാണ്. ഭക്തർക്ക് പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകാനുളള വഴി തെളിച്ചിട്ടുണ്ട്.
ചിങ്ങമാസത്തിൽ ദർശനം നടത്താൻ കഴിയാതിരുന്നവർ കൂടി നാളെ മുതൽ എത്തുമെന്നതിനാൽ കന്നിമാസ പൂജയ്ക്ക് തിരക്കേറുമെന്നാണ് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും കണക്കുകൂട്ടൽ. ഒരു തവണയെങ്കിലും ശബരിമലയിലെത്തിയിട്ടുളളവർക്ക് ഇത്തവണ പമ്പ അത്ഭുതക്കാഴ്ചയാകും.


നിലവിലെ പമ്പയുടെ സ്ഥിതി

കന്നിമാസ പൂജയ്ക്കെത്തുന്ന ഭക്തർ പമ്പയിൽ കുളിച്ചു കയറുന്നത് ഇപ്പോഴത്തെ സ്ഥിതിയിൽ സാധ്യമല്ല. പമ്പയുടെ കിടപ്പു മാറി. കുളിക്കടവുകൾ അപ്രത്യക്ഷമായി. കുളിച്ചു ശുദ്ധി വരുത്തി മണപ്പുറം ചവിട്ടി ശരണംവിളികളുമായി പോകുന്ന വഴികളിൽ പ്രളയവും ഉരുൾപാെട്ടലും അവശേഷിപ്പിച്ച വലിയ പാറക്കല്ലുകളും മരങ്ങളും മണലും മാലിന്യവും നിറഞ്ഞ് കിടക്കുന്നു. വഴി തിരിഞ്ഞൊഴുകിയ പമ്പയെ ചാല് തിരിച്ച് കക്കിയാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പമ്പ പഴയ പമ്പയാകാണമെങ്കിൽ ഇപ്പോഴത്തെ ശുചീകരണത്തിന്റെയും നിർമാണ പ്രവർത്തനങ്ങളുടെയും വേഗത കൂട്ടണം. വൃശ്ചികമാസത്തിൽ തീർത്ഥാടനം തുടങ്ങുന്നതിനു മുൻപ് പമ്പയിൽ പുനർനിർമാണം പൂർത്തിയാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
പമ്പയിൽ രണ്ടാൾ പൊക്കത്തോളം അടിഞ്ഞ മണലുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നു. ടാറ്റ പ്രോജക്ട് ലിമിറ്റഡ് സൗജന്യമായാണ് പമ്പാ നവീകരണം ഏറ്റെടുത്തിരിക്കുന്നത്. മണൽ വലിയ ടോറസ് ലോറികളിലാക്കി ത്രിവേണിയിലെ പാർക്കിംഗ് ഗ്രൗണ്ടിലും കെ. എസ്. ആർ. ടി. സി ഡിപ്പോയ്ക്ക് എതിർവശത്തുമായാണ് തളളുന്നത്. ഒരു ദിവസം അഞ്ഞൂറ് ലോഡ് മണൽ വീതമാണ് മണപ്പുറത്തു നിന്ന് കോരി മാറ്റുന്നത്. ഇത് ടെൻഡർ ചെയ്തു വിൽക്കാനാണ് ആലോചന. പമ്പയുടെ അടിത്തട്ട് താഴ്ത്താനുളള വലിയ പരിശ്രമം ഇനി മുന്നിലുണ്ട്. മണപ്പുറവും പമ്പയുടെ ഒഴുക്കും ഇപ്പോൾ ഒരേ നിരപ്പിലാണ്. നേരത്തെ മണപ്പുറത്തു നിന്ന് ഏഴടിയോളം താഴ്ചയിലായിരുന്നു പമ്പ ഒഴുകിയിരുന്നത്. പമ്പയുടെ ആഴം മണപ്പുറത്തു നിന്ന് 12അടിയെങ്കിലും താഴ്ത്തണമെന്നാണ് ജലസേചന വിഭാഗത്തിന്റെ ശുപാർശ.
ഒഴുക്കെടുത്തുവെന്നു കരുതിയ ത്രിവേണി പാലം തെളിച്ചെടുത്തു. ബലക്ഷയമില്ലെന്നാണ് നിഗമനം. മണലുമായി ടോറസ് ലോറികൾ പലം കയറിയാണ് പോകുന്നത്. വലിയ മരം പിഴുതുവീണ നടപ്പാലത്തിലൂടെ ഇപ്പോൾ പോകാൻ കഴിയില്ല. ചെളിയും മണലും അടിഞ്ഞു കിടക്കുന്നു. ചെറിയാനവട്ടത്ത് മാലിന്യപ്ളാന്റിലേക്കുളള പാലം വെളളത്തിനടിയിലാണ്. ഇതു തെളിച്ചെടുക്കാനുളള ശ്രമം തുടങ്ങിയിട്ടില്ല.
പമ്പയിലെ മൂന്നു ബ്ളോക്കുകളിലായുളള ശൗചാലയം പ്രളയത്തിൽ തകർന്നു. ഉരുൾപൊട്ടിയെത്തിയ കൂറ്റൻ മരങ്ങളും പാറകളും ഇടിച്ചു കയറിയ കെട്ടിടം പൂർണമായും പൊളിച്ചു നീക്കാനുണ്ട്. ഒഴുക്കെടുത്ത രാമമൂർത്തി മണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും അവശിഷ്ടങ്ങൾ ചാലക്കയത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പമ്പയിലെ ഹോട്ടലിനും അന്നദാന മണ്ഡപത്തിനും ബലക്ഷയം ഉണ്ടോ എന്നു പരിശോധിക്കണം. ആശുപത്രിയിലെ ഒന്നാം നിലയോളം മണ്ണ് കയറി. ഇനി മണപ്പുറത്ത് ഒരു നിർമാണപ്രവർത്തനവും വേണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

നിയന്ത്രണങ്ങൾ ഇങ്ങനെ
................................................................
> മണ്ണാറക്കുളഞ്ഞി - പമ്പ റോഡ്

മണ്ണാറക്കുളഞ്ഞി - പമ്പ റോഡിൽ പത്തിടങ്ങളിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നിട്ടുണ്ട്. പ്ളാപ്പളളിക്കു മുൻപായി 30 മീറ്റർ നീളത്തിൽ റോഡ് പകുതിഭാഗം ഇടിഞ്ഞു പോയി. ഇവിടെ നിർമാണം തുടങ്ങി. വാഹനങ്ങൾ നിയന്ത്രിച്ചാണ് പമ്പയിലേക്കു വിടുന്നത്. കമ്പത്തുംവളവിനു സമീപം, ളാഹ വലിയ വളവ്, പ്ളാന്തോട് ഭാഗങ്ങളിൽ റോഡ് ഇടിഞ്ഞു പോയതിനാൽ ഗതാഗത നിയന്ത്രണമുണ്ട്.

ഭക്തരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ

പമ്പയിൽ പാർക്കിംഗ് മൈതാനത്തു മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കെ. എസ്. ആർ.ടി. ഡിപ്പോയ്ക്കും ത്രിവേണിക്കുമിടയിൽ റോഡ് ഇടിഞ്ഞിട്ടുണ്ട്. ഹിൽടോപ്പിൽ പെട്രോൾ പമ്പിനു സമീപത്ത് നിന്ന് മുന്നൂറ് മീറ്റർ നീളത്തിൽ കൽക്കെട്ട് ഇടിഞ്ഞ് പമ്പയിൽ പതിച്ചതിനാൽ ഇൗ ഭാഗത്ത് വാഹനങ്ങൾ നിരോധിച്ചു. ഭക്തരുടെ വാഹനങ്ങൾ നിലയ്ക്കലിൽ നിയന്ത്രിക്കും. അവിടെ നിന്ന് കെ. എസ്. ആർ.ടി. സി ബസ് പമ്പയിലേക്ക് സർവീസ് നടത്തും. 50 ബസുകൾ ഇതിനായി അനുവദിച്ചു. പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ടിക്കറ്റിനു പകരം 50രൂപയുടെ ഒരു കൂപ്പൺ നൽകും. നേരത്തെ ഇരു റൂട്ടിലേക്കും 62രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. കൂപ്പണാക്കുമ്പോൾ ഭക്തർക്ക് 12രൂപ ലാഭം.

പിതൃതർപ്പണം ത്രിവേണിപ്പാലത്തിന് വലതുഭാഗത്ത്

ഭക്തർക്ക് ത്രിവേണിപ്പാലത്തിനു വലതുഭാഗത്ത് പിതൃതർപ്പണത്തിനു സൗകര്യമൊരുക്കും. ഇവിടെ കുളിക്കാനും കഴിയും. തിരക്ക് ഒഴിവാക്കാൻ പൊലീസിന്റെ നിയന്ത്രണമുണ്ടുകും.

താൽക്കാലിക ബണ്ടിലൂടെ നടപ്പാലം

പമ്പയിൽ നിന്ന് ഗണപതി ക്ഷേത്രത്തിലേക്ക് ത്രിവേണിയിൽ നിന്ന് പാറയും മണൽചാക്കും അടുക്കിയ താൽക്കാലിക ബണ്ടിലൂടെ ഭക്തരെ കടത്തിവിടും. ശൗചാലയം കോംപ്ളക്സിനു പിന്നിലെ സർവീസ് റോഡു വഴി ഗോഡൗണിനു മുന്നിലൂടെ ഗണപതി ക്ഷേത്രത്തിലെത്തണം.

കുടിവെളളവും ഭക്ഷണവും കരുതണം
പമ്പയിലെ ജലവിതരണം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലുകളും വാട്ടർ കിയോസ്കുകളും പ്രളയത്തിൽ തകർന്നതിനാൽ ലഘുഭക്ഷണവും കുടിവെളളവും ഭക്തർ കരുതണം.

ഹിൽടോപ്പിൽ നിന്ന് പുതിയ പാലം

ദീർഘകാല ആവശ്യത്തിനായി ഹിൽടോപ്പിൽ നിന്ന് ഗണപതി ക്ഷേത്രത്തിലേക്ക് പുതിയ പാലം. 23. 86 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ടാറ്റാ പ്രോഡക്ട്സിനെ പദ്ധതിയേൽപ്പിക്കും. ഹൈപവർ കമ്മറ്റിയുടെ പണവും ഉപയോഗിക്കും. ജനുവരി 15നു ശേഷം നിർമാണം ആരംഭിക്കും. പമ്പയിൽ വെളളപ്പൊക്കമുണ്ടായാലും മുങ്ങാത്ത രീതിയിലായിരിക്കും പാലം നിർമാണം.
ത്രിവേണിപ്പാലത്തിന് ബലക്ഷയം ഇല്ലാത്തതിനാൽ ബെയ്ലി പാലത്തിന്റെ ആവശ്യമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

നിലയ്ക്കലിൽ അടിസ്ഥാന സൗകര്യം
ഭക്തർക്കു വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ നിലയ്ക്കലിൽ ക്രമീകരിക്കും. ബയോ ടോയ്ലറ്റുകളും കുടിവെളള കിയോസ്കുകളും സ്ഥാപിക്കും.

ആയിരം ബസുകൾ
തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ.എസ്. ആർ. ടി. സി സർവീസ് സ്ഥിരമാക്കും. ആയിരം ബസുകൾ ഇതിനായി കെ. എസ്. ആർ.ടി.സിയോട് ദേവസ്വം ബോർഡ് ചോദിച്ചിട്ടുണ്ട്. എ. സി, ഇലക്ട്രിക് ബസുകളും ഉപയോഗിക്കും.


...................................................................
'' ശബരിമല റോഡിന്റെ പല ഭാഗത്തും വശങ്ങൾ ഇടിഞ്ഞിട്ടുണ്ട്. കെ.എസ്. ആർ.ടി. സി അല്ലാതെ മറ്റൊരു വാഹനവും കടത്തിവിടില്ല. ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ തീർത്ഥാടനത്തിനു വരുന്നത് ഒഴിവാക്കണം.

ടി. നാരായണൻ, പൊലീസ് ചീഫ് പത്തനംതിട്ട.
...............................
'' ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ താൽക്കാലിക സൗകര്യങ്ങളുമായി ഭക്തർ സഹകരിക്കണം. പമ്പയിൽ ഇനി പുതിയ കെട്ടിടങ്ങൾ നിർമിക്കില്ല. ശൗചാലയത്തിനു പകരം ആയിരം ബയോ ടോയ്ലറ്റുകൾ പമ്പയിൽ സ്ഥാപിക്കും.

എ. പത്മകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ