പ്രാണനെടുത്ത മുത്തച്ഛൻ
March 20, 2017, 11:24 am
കോട്ടാത്തല ശ്രീകുമാർ
കൊട്ടാരക്കര : ഒരുപാട് പ്രതീക്ഷകളുമായാണ് വൈദ്യുതി ബോർഡിൽ ലൈൻമാനായ കുണ്ടറ വെള്ളിമൺ സ്വദേശി ജോസ് നാന്തിരിക്കൽ ട്രിനിറ്റി സ്കൂളിന് സമീപത്ത് 5 സെന്റ് സ്ഥലം വാങ്ങിയത്. അതിൽ രണ്ട് നിലകളുള്ള ഭേദപ്പെട്ട ഒരു വീട് നിർമ്മിക്കുമ്പോൾ രണ്ട് പെൺമക്കളും നഴ്സറി സ്കൂളിൽ പോകാൻ തുടങ്ങിയതേയുള്ളു. സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു. മുറ്റത്ത് ഓടിക്കളിച്ച് രണ്ട് കുട്ടികളും വളർന്നുവരുന്നതിനിടയിലാണ് രണ്ട് വർഷം മുൻപ് ജോസിനെതിരെ ഭാര്യ ഷീജ പൊലീസിൽ പരാതി നൽകിയത്.
എട്ടും ഒൻപതും വയസുള്ള പെൺമക്കളെ പിതാവായ ജോസ് പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. കുട്ടികളുടെ മൊഴിയും വ്യത്യസ്തമായില്ല. ജോസിനെതിരെ കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ തുടങ്ങി 'ശ്രേയസ്' വീടിന്റെ ദുരിതങ്ങളും. അന്നത്തെ കേസിന്റെ സത്യാവസ്ഥ എന്തെന്നറിയാൻ പൊലീസ് അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്. അത് എന്തുതന്നെയായാലും അനിലയുടെ മരണത്തിന് പിന്നിലെ പീഡന സംഭവങ്ങൾ വെളിച്ചത്തെത്തിക്കുവാൻ ജോസ് നടത്തിയ പെടാപ്പാടുകൾ ചില്ലറയല്ല.
ജോസ് വീട്ടിൽ നിന്ന് മാറിയതോടെയാണ് അപ്പൂപ്പൻ വിക്ടർ ഡാനിയേലിന്റെ പീഡനങ്ങൾ തുടങ്ങിയത്. ലാളിക്കേണ്ട കൈകൾ അരുതാത്ത പ്രവൃത്തികൾ ചെയ്ത് തുടങ്ങിയത് എതിർക്കാൻ വീട്ടിൽ മറ്റാർക്കും കഴിയാതെ വന്നതാണ് ദുരന്തത്തിലേക്ക് എത്തിച്ചത്. പലപ്പോഴും വിക്ടർ പേരക്കുട്ടികളെ വേട്ടയാടുന്നത് അമ്മക്കും അമ്മൂമ്മക്കും നോക്കി നിൽക്കേണ്ടി വന്നു. ഒടുവിൽ രണ്ട് പെൺമക്കളിൽ ഒരാൾ മരണത്തെ സ്വയം വരിച്ചു. അനില മരണത്തിന് കീഴടങ്ങിയപ്പോൾ ചേച്ചി ചൈൽഡ് ലൈനിന്റെ സംരക്ഷണയിലേക്ക് മാറി. വിക്ടറിന്റെ ചെയ്തികളോട് അയൽക്കാർക്ക് പണ്ടേ അരിശമുണ്ട്. പക്ഷേ, പ്രതികരിക്കാൻ ആരുമില്ലാതെ പോയി. ആ വലിയ വീടിന്റെ അകത്തളത്ത് പിഞ്ച് പൈതലുകൾ ആ നരാധമന്റെ കൈകളിൽ ഞെരിഞ്ഞമർന്നപ്പോളും ആരും പ്രതികരിച്ചില്ല. അവിടെ എന്ത് ബഹളം കേട്ടാലും ഞങ്ങൾ അങ്ങോട്ട് നോക്കില്ലെന്നാണ് അയൽക്കാരിൽ ഒരാൾ പറഞ്ഞത്. അത്രത്തോളം അവർ വെറുത്തിരുന്നു ആ കുടുംബത്തിനെ.

ലാളിക്കേണ്ട കൈകൾ
2016 ഏപ്രിൽ 15, കഴിഞ്ഞ വേനൽ അവധിക്കിടയിലെ ഒരു വെള്ളിയാഴ്ച ദിവസം, വിക്ടർ ഡാനിയേലിന്റെ വീട്ടിൽ വിക്ടറും പേരക്കുട്ടി അനിലയും മാത്രമാണുണ്ടായിരുന്നത്. ഒൻപത് വയസുള്ള പെൺകുട്ടിയെ അപ്പൂപ്പനൊപ്പം നിർത്തിയിട്ട് തൊഴിലിടത്തേക്ക് പോകുമ്പോൾ ഷീജ മനസ്സിൽ വേറൊന്നും ചിന്തിച്ചില്ല. പക്ഷേ, പുറത്ത് വെയിൽച്ചൂട് കൂടുമ്പോൾ വിക്ടർ ഡാനിയേലിന്റെ നെഞ്ചിടിപ്പും കൂടി. അകത്ത് കട്ടിലിൽ കിടന്നുറങ്ങുന്ന അനിലയുടെ അടുത്തെത്തി. അയാളുടെ കാമക്കണ്ണുകൾ അവളുടെ കുഞ്ഞ്മേനി ഉഴിഞ്ഞു. നിമിഷ നേരംകൊണ്ട് ആ പിഞ്ച് ശരീരം അയാൾ പിച്ചിച്ചീന്തി. വേദനകൊണ്ട് നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. അന്നുമുതൽ ആ പിഞ്ച് പെൺകുട്ടി അപ്പുപ്പനെന്ന മനുഷ്യ മൃഗത്തിന്റെ ഇരയായി മാറി. ദിവസങ്ങളോളം പേടിച്ച് വിറച്ച് മനസ്സിൽ കൊണ്ടുനടന്നിട്ടാണ് ഈ സംഭവം അനില അമ്മൂമ്മയോട് പറഞ്ഞത്. പക്ഷേ, ഫലമുണ്ടായില്ല. പിന്നെ ഓരോ തവണയും അപ്പൂപ്പൻ അവളിലും ചേച്ചിയിലും കാമവെറി തീർത്തപ്പോൾ അമ്മൂമ്മ മാത്രമല്ല, സ്വന്തം അമ്മപോലും നോക്കിനിന്നുവത്രെ. അനിലയുടെ വീടിന് മൂന്ന് വീട് ദൂരത്തിലാണ് വിക്ടർ താമസിച്ചിരുന്നത്. പിതാവ് ജോസിനെതിരെ കുണ്ടറ പൊലീസ് പീഡനക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷീജ മക്കളെയും കൂട്ടി തൊട്ടടുത്ത് തന്നെയുള്ള വിക്ടർ ഡാനിയേലിന്റെ വീട്ടിൽ താമസത്തിനെത്തുകയായിരുന്നു. സ്വന്തം വീട് വാടകക്ക് നൽകിയ ശേഷമാണ് ഇവർ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തിയത്. വിക്ടറിന്റെ സ്വഭാവ ദൂഷ്യം വ്യക്തമായറിയാമെങ്കിലും പേരക്കുട്ടിയോട് ഇയാൾ മോശമായി പെരുമാറുമെന്ന് ഷീജ കരുതിയിരുന്നില്ല. അമ്മൂമ്മ ലത സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റാവുകയും ഷീജ ജോലിക്കായി പോവുകയും ചെയ്ത ഒരു പകൽ നേരത്താണ് വിക്ടർ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. രണ്ട് പെൺകുട്ടികൾക്കും നിരന്തരം പീഡനമേൽക്കേണ്ടി വന്നപ്പോൾ ഷീജ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.

ഇവിടെ താഴെ നില വാടകക്കാർക്ക് കൊടുക്കുകയും മുകളിൽ ഷീജയും മക്കളും താമസിക്കുകയും ചെയ്തു. എന്നാൽ വിക്ടർ ഇവിടെ എത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപും അനില പീഡിപ്പിക്കപ്പെട്ടു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താഴെയുള്ള വാടകക്കാരോട് കുട്ടി പറയാൻ തുടങ്ങിയതിനാണ് ക്രൂരമായി മർദ്ദിച്ചത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജനുവരി 15ന് രാവിലെ വിക്ടർ അനിലയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ഇനി ജീവിക്കേണ്ടെന്ന് ആ പിഞ്ച് മനസ്സ് ചിന്തിച്ചു. കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു. സഹോദരി നോക്കി നിൽക്കെയായിരുന്നു ആത്മഹത്യാ കുറിപ്പ് എഴുതിയതെന്നും പൊലീസ് പറഞ്ഞു. അനിലയുടെ മൃതദേഹം സാധാരണ ആത്മഹത്യയെന്ന തരത്തിൽ പൊലീസ് എഴുതിത്തള്ളുകയും ചെയ്തു. എന്നാൽ കേസ് വീണ്ടും കുത്തിപ്പൊക്കിയപ്പോഴാണ് വിക്ടറിന്റെ ക്രൂരതകൾ പുറത്ത് വന്നത്. കേസിൽ വിക്ടർ ഡാനിയേൽ മാത്രമാണ് ഇപ്പോൾ പ്രതിയായിട്ടുള്ളത്. അയാളുടെ പീഡനങ്ങൾ കണ്ട് നിന്നിട്ടും പ്രതികരിക്കാത്ത അമ്മയ്ക്കും അമ്മൂമ്മയ്ക്കും ശിക്ഷ നൽകണമെന്നുതന്നെയാണ് പൊതുജനാഭിപ്രായം.

ഞണ്ട് നാട്ടുകാരുടെ കണ്ണിലെ കരട്
ഞണ്ട് വിജയനെന്ന വിക്ടർ ഡാനിയേൽ നാട്ടുകാരുടെ കണ്ണിലെ കരടായിരുന്നു. ശരിക്കും വൃത്തികെട്ട മനുഷ്യനാണെന്നാണ് അയൽവാസി പറഞ്ഞത്. പ്രമുഖ ക്രിമിനൽ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന ഇയാൾ അടുത്ത കാലത്തായി ലോഡ്ജിലെ ജീവനക്കാരനാണ്. ലോഡ്ജിൽ വച്ച് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്ന പരാതിയും ഉണ്ടായിട്ടുണ്ട്. മദ്യപാനവും ചീത്തവിളിയും വഴക്കുമൊക്കെ പതിവായതിനാൽ വിക്ടറിന്റെയും മകൾ ഷീജയുടെയും വീട്ടിൽ എന്തുണ്ടായാലും അയൽക്കാർ ശ്രദ്ധിക്കാറില്ല. പല ദിവസങ്ങളിലും അയാളുടെ കരങ്ങളിൽ രണ്ട് പിഞ്ച് പെൺശരീരങ്ങൾ പിടയുമ്പോൾ അവരുടെ നിലവിളികൾ അടുത്ത വീട്ടുകാർ അറിയാതെ പോയതും ഇതുകൊണ്ടുതന്നെ. വൈദ്യുതി ബോർഡിലെ ലൈൻമാനായ ജോസിനെ കുടുംബത്തിൽ നിന്നും അകറ്റിയതിന് പിന്നിലും വിക്ടറിന് പങ്കുണ്ടെന്നാണ് വെളിപ്പെടുന്നത്. സ്വന്തം മകളെ പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് താൻ ജയിലിൽ പോയതെങ്കിലും ഇതിന്റെ സത്യാവസ്ഥ തെളിയിക്കേണ്ടത് തന്റെ ആവശ്യമാണെന്ന് ജോസ് ഉറപ്പിച്ചിരുന്നു. തികഞ്ഞ മദ്യപാനിയായ ജോസിന്റെ വാക്കുകൾക്ക് നാട്ടുകാർ പുല്ലുവിലയാണ് കല്പിച്ചത്. പക്ഷേ, വീടിന്റെ ജനലഴിയിൽ തൂങ്ങിയ അനിലയുടെ മരണത്തിന് പിന്നിലെ ദുരൂഹത മറനീക്കുവാൻ ജോസിന്റെ പരാതികൾക്ക് വേണ്ടത്ര ബലമുണ്ടായിരുന്നുവെന്നതാണ് കണ്ടത്.

പോക്സോ കുറ്റം
കേസിൽ പോക്സോ വകുപ്പ് ചേർത്തു. മരിച്ച അനിലയുടെ സഹോദരിയെയും പീഡിപ്പിച്ച കുറ്റത്തിനാണ് കേസ്. 11 വയസ്സുള്ള ഈ പെൺകുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. അനിലയുടെ മരണവുമായി അസ്വാഭിക മരണത്തിനാണ് കുണ്ടറ പൊലീസ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇത് റദ്ദാക്കിയ ശേഷം പുതിയ കേസായി രജിസ്റ്റർ ചെയ്തു. അനിലയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റവും പീഡനക്കുറ്റവും അടക്കം വിക്ടറിന്റെ പേരിൽ എടുത്തതിനൊപ്പമാണ് സഹോദരിയെ പീഡിപ്പിച്ച കേസും ഉൾക്കൊള്ളിച്ചത്.

കസ്റ്റഡിയിൽ വാങ്ങും
അറസ്റ്റിലായ അപ്പൂപ്പൻ കുണ്ടറ വെള്ളിമൺ നാന്തിരിക്കൽ ഷിബു നിവാസിൽ വിക്ടർ ഡാനിയേലിനെ (66 ) കൊല്ലം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. പ്രതി ഇന്നലെ കുറ്റ സമ്മതം നടത്തിയിരുന്നു. മരിച്ച പെൺകുട്ടിയുടെ സഹോദരി, മാതാവ് ഷീജ, അമ്മൂമ്മ ലത എന്നിവരുടെ മൊഴിയാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്. 2016 ഏപ്രിൽ മുതൽ വിക്ടർ ഡാനിയേൽ പെൺകുട്ടിയെയും സഹോദരിയെയും പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പൊലീസിനോട് സമ്മതിച്ചത്. ശാസ്ത്രീയ പരിശോധനകളുടെയും പഴുതടച്ചുള്ള അന്വേഷണത്തിന്റെയും ഫലമായിട്ടാണ് കേസ് തെളിയിച്ചതെന്നും റൂറൽ എസ്.പി എസ്. സുരേന്ദ്രൻ പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളെ ചേർക്കുന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. മരിച്ച അനിലയുടെ സഹോദരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഈ കുട്ടിക്കും വിക്ടറിൽ നിന്നും പീഡനമേറ്റിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി വിക്ടറിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ