Thursday, 30 March 2017 4.25 AM IST
മരിച്ച കുട്ടിയുടെ ചേച്ചിയെയും അപ്പൂപ്പൻ പീഡിപ്പിച്ചു
March 21, 2017, 12:03 am
 പ്രതി ജുഡിഷ്യൽ കസ്റ്റഡിയിൽ
 മൂത്ത കുട്ടിയെ പീഡിപ്പിച്ചതിന് പ്രത്യേക കേസെടുത്തു
 വിക്ടറിനെ കുടുക്കിയത് ഭാര്യയുടെയും മകന്റെയും മൊഴി

കൊല്ലം: കുണ്ടറ നാന്തിരിക്കലിൽ പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യചെയ്ത പത്ത് വയസുകാരി അനിലയുടെ സഹോദരിയെയും മുത്തച്ഛൻ വിക്ടർ ഡാനിയേൽ പലതവണ പീഡിപ്പിച്ചതായി തെളിഞ്ഞു. കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിക്ടറിന്റെ മകൻ, വിക്ടറിന്റെ ഭാര്യ എന്നിവരുടെ മൊഴികളിൽ നിന്നാണ് പത്ത് വയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛൻ തന്നെയാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സഹോദരി തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. മൂത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുണ്ടറ എസ്.ഐ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചതിന്റെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്കും നാന്തിരിക്കലിലെ വീട്ടിൽ വച്ച് വിക്ടർ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പ്രതിയുടെ വീട്ടിൽ വച്ച് നേരത്തേ പലതവണ പീഡിപ്പിച്ചിട്ടുണ്ട്.

മാനഭംഗം (375), പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (377), കുട്ടികളെ അത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ (305) എന്നീ വകുപ്പുകൾക്ക് പുറമേ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിനെതിരെയുള്ള പോക്സോ ആക്ടും വിക്ടറിനെതിരെ ചുമത്തി. പെൺകുട്ടിയുടെ കുണ്ടറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം വൈകിട്ട് നാല് മണിയോടെ പ്രതിയെ കൊല്ലം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിക്ടർ തന്നെയാണ് ജനുവരി 15ന് പെൺകുട്ടിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ വിവരം കുണ്ടറ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.

പെൺകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് കാര്യമായെടുത്തില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബുധനാഴ്ച മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പൊലീസ് ഉണർന്നത്. ഇതേദിവസം തന്നെ വിക്ടർ, പെൺകുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്യലിനോട് ഇവർ സഹകരിച്ചില്ല. വിക്ടറെ ആദ്യംമുതൽ പൊലീസ് സംശയിച്ചിരുന്നു. പെൺകുട്ടിയുടെ അമ്മ അന്വേഷണസംഘത്തോട് ഇനിയും സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ