സുധാമണി, ഭിന്നശേഷിക്കാരുടെ അമ്മ
July 17, 2017, 3:59 am
വീണ വിശ്വൻ
കൊല്ലം: ഭിന്നശേഷിക്കാരനായി പിറന്ന മകനു നേരിടേണ്ടി വന്ന പ്രതിസന്ധികൾക്കെതിരെ പോരാടിയ മാതാവ് സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അമ്മയായി.
കൊല്ലം കലയ്‌ക്കോട് സ്വദേശിയും റിട്ട. അദ്ധ്യാപികയുമായ സുധാമണി മംഗോളിസവും ചലനവൈകല്യവുമായി പിറന്ന മകൻ മണിദാസിന് സാമൂഹികനീതി ലഭിക്കാനായാണ് പോരാട്ടം തുടങ്ങിയത്. തയ്യൽ അദ്ധ്യാപികയായിരുന്ന സ്‌കൂളിലെ തന്റെ സഹപ്രവർത്തകരിൽനിന്നുൾപ്പെടെ മണിദാസിന് ദുരനുഭവങ്ങളുണ്ടായതോടെയാണ് മകനുവേണ്ടി ഏതറ്റംവരെയും പോകാനുള്ള ഊർജം ലഭിച്ചത്. ഇപ്പോൾ പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് മണിദാസ്. കേന്ദ്ര വികലാംഗ നിയമത്തിന് വിരുദ്ധമായി സംസ്ഥാന സർക്കാർ വികലാംഗരെ വർഗീകരിച്ചതിനെതിരെയായിരുന്നു സുധാമണിയുടെ ആദ്യ പോരാട്ടം. 81 ശതമാനം മുതൽ മുകളിൽ വൈകല്യമുള്ളവർക്ക് 700 രൂപയും 80 ശതമാനം മുതൽ താഴെയുള്ളവർക്ക് 525 രൂപയുമായിരുന്നു പെൻഷൻ നൽകിയിരുന്നത്.
1995ലെ കേന്ദ്ര വികലാംഗ നിയമത്തിൽ 80 ശതമാനവും അതിന് മുകളിലും വൈകല്യമുള്ളവരെയാണ് ഗുരുതര വൈകല്യമുള്ളവരായി കണക്കാക്കിയിരുന്നത്. ഇതുചൂണ്ടിക്കാട്ടി സുധാമണി നടത്തിയ പോരാട്ടത്തിലൂടെ 80 ശതമാനം വൈകല്യമുള്ളവർക്കും 700 രൂപ പെൻഷൻ നേടിക്കൊടുത്തു.
അടുത്തതായി, അംഗപരിമിതരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകി. തുടർന്ന് കളക്‌ടറുടെ നിർദ്ദേശ പ്രകാരം സ്‌കോളർഷിപ്പിനൊപ്പം ബത്തയും അനുവദിച്ച് നടപടിയായി.
ഗ്രാമപഞ്ചായത്തുകൾ ഭിന്നശേഷിക്കാർക്കായുള്ള പ്രോജക്‌ടുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയത്തിലും ഈ അമ്മ ഇടപെട്ടു. ഇതിന്റെ ഫലമായി വികസനഫണ്ടിന്റെ അഞ്ച് ശതമാനത്തിൽ കൂടുതൽ തുക വികലാംഗർക്കും കുട്ടികൾക്കും മാത്രമായി വകയിരുത്തണമെന്ന് ഉത്തരവായി. ഭിന്നശേഷിയുള്ളവർക്ക് ജന്മനാ വികലാംഗ സർട്ടിഫിക്കറ്റ് മാത്രം മതിയെന്ന ഉത്തരവ് നേടാനായതും നേട്ടമായി. സാമൂഹ്യ നീതി വകുപ്പ് സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ബോർഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ അംഗപരിമിതർക്ക് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലായിടങ്ങളിലും ആധികാരിക രേഖയായി സ്വീകരിക്കണമെന്ന ഉത്തരവാണ് ഈ 61 കാരി ഒടുവിൽ നേടിയെടുത്തത്. മൂന്നുവർഷം കൂടുമ്പോൾ ബന്ധപ്പെട്ട ഡോക്‌ടർമാരിൽ നിന്ന് സർട്ടിഫിക്കറ്റ് പുതുക്കി വാങ്ങേണ്ട അവസ്ഥയ്‌ക്കാണ് ഇതിലൂടെ മാറ്റമുണ്ടായത്.
ഭിന്നശേഷിക്കാരുടെ വീട്ടുകരം ഒഴിവാക്കുക, എ.പി.എൽ കാർഡിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരെ ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് സുധാമണി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ