ബിവറേജസ് ക്യൂവിൽ സജിൻ വി. ഐ. പി, എതിർത്താൽ കുത്തി വീഴ്‌ത്തും
August 8, 2017, 11:48 am
കൊല്ലം :പുന്തലത്താഴം ബിവറേജസ് ഔട്ട് ‌ലെറ്റിൽ സജിന് വി. ഐ. പി പരിഗണനയാണ്. ഊഴം കാത്തുനിന്ന് മദ്യം വാങ്ങുന്നത് സജിന് ചിന്തിക്കാൻ പോലും കഴിയില്ല. ഉത്സവ സീസണിലെ ക്യൂവിലെ വൻ തിരക്കിനിടെ സജിനോട് ഇടഞ്ഞതിനാണ് വടക്കേവിള സ്വദേശി ടൂ വീലർ മെക്കാനിക്ക് സുമേഷിന് (28) ജീവൻ നഷ്‌ടമായത്. ജൂലായ് ആറിന് നടന്ന സംഭവത്തിന് ഒരു ഫ്ലാഷ് ബാക്കുണ്ട്. കല്ലുന്താഴം നക്ഷത്ര നഗറിൽ സജുഭവനിൽ സജിന് (22)മാസങ്ങൾക്ക് മുമ്പ് ഒരു തിരിച്ചടിയുണ്ടായി. ക്യൂവിൽ നുഴഞ്ഞു കയറിയതിന് അന്ന് ചിലർ നന്നായി കൈകാര്യം ചെയ്‌തു.അതിന് ശേഷം ഒരു എസ് കത്തി അരയിൽ കരുതി മാത്രമേ സജിൻ എത്താറുള്ളൂ. ആ കത്തിയാണ് സുമേഷിന്റെ തലയിൽ കുത്തിയിറക്കിയത്.

1. തല കല്ലിൽ ഇടിച്ചതുപോലെ
രാത്രി എട്ടേമുക്കാലോടെയാണ് ഒരാൾ ചോര വാർന്ന് ക്യൂവിന് സമീപം കിടക്കുന്ന വിവരം ഇരവിപുരം പൊലീസിന് ലഭിച്ചത്. പൊലീസ് എത്തിയാണ് സുമേഷിനെ തിരിച്ചറി‌ഞ്ഞത്. ആൾ അബോധാവസ്ഥയിലായിരുന്നു. അനിയന്ത്രിതമായ തിക്കിലും തിരക്കിലും വീണു തല കല്ലിലിടിച്ചെന്നായിരുന്നു പൊലീസിന് കിട്ടിയ വിവരം. ആദ്യം മീയണ്ണൂർ അസീസിയ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലക്കും മാറ്റി.അബോധാവസ്ഥയിലായിരുന്ന സുമേഷ് പിറ്റേന്ന് മരിച്ചു. സുമേഷിൽ നിന്നും പൊലീസിന് ഒരു വിവരവും ലഭിച്ചില്ല. എന്ത് സംഭവിച്ചു എന്നറിയാൻ നിരീക്ഷണ ക്യാമറകളുടെ സഹായമില്ലാതിരുന്ന സ്ഥലത്ത് പൊലീസ് ആദ്യം വീഴ്‌ച എന്ന കഥ വിശ്വസിച്ചു. ഒരാഴ്‌ച്ച കഴിഞ്ഞു പോസ്‌‌റ്റ്‌മോർട്ടം റിപ്പോർട്ട് ല‌ഭിച്ചപ്പോൾ കൂർത്ത മുന കൊണ്ടുണ്ടായ മുറിവാണ് മരണത്തിന് കാരണം എന്ന് തെളിഞ്ഞു. എന്നാൽ വീഴ്‌ച കല്ലിന്റെ മുകളിലായതിനാൽ വീഴ്‌ച്ചയുടെ ക്ഷതവും കുത്തിന്റെ മുറിവും ഒന്നിച്ചായതിനാൽ പൊലീസ് ആരെയും സംശയിച്ചില്ല. ഇരവിപുരം സി ഐ ബി.പങ്കജാക്ഷൻ പ്രത്യേക താൽപ്പര്യമെടുത്ത് ശാസ്‌ത്രീയ കുറ്റാന്വേഷണ സംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയതോടെ സുമേഷിനെ ആരോ കൊലപ്പെടുത്തിയതാണന്ന് വ്യക്‌തമായി.

2. മൊബൈൽ ഉപയോഗിക്കില്ല, എന്നിട്ടും പൊലീസ് പൊക്കി
മദ്യം വാങ്ങാൻ അന്ന് ക്യൂവിൽ നിന്നവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ബിവറേജസിലെ ജീവനക്കാരും അവിടെ നടന്നതൊന്നും കണ്ടില്ല. എന്നാൽ, സുമേഷിനോടൊപ്പം ഒരാൾ കൂടി മദ്യം വാങ്ങാൻ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.അത് ആന്റണി എന്ന വ്യക്തിയായിരുന്നു.പക്ഷെ, ആന്റണി വീഴ്‌ചയുടെ കഥ മാത്രമാണ് പൊലീസിനോട് പറഞ്ഞത്. അന്വേഷണം വഴിമുട്ടിയ പൊലീസ് കിളികൊല്ലൂർ, ഇരവിപുരം, കൊല്ലം ഈസ്‌റ്റ് സ്‌റ്റേഷൻ അതിർത്തിയിലെ സ്ഥിരം കുറ്റവാളികളായ 50 പേരുടെ പട്ടിക ശേഖരിച്ചു. സംഭവ സമയത്ത് ഈ പ്രദേശത്ത് അതിൽ എത്ര പേർ ബീവറേജസ് നിൽക്കുന്ന പുന്തലത്താഴത്തെ ടവർ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് വിശകലനം ചെയ്‌തപ്പോൾ അഞ്ച് പേരുണ്ടെന്ന് വ്യക്തമായി. ആദ്യത്തെ പേരുകാരനെ കണ്ടപ്പോൾ ആളിന് സംഭവവുമായി ബന്ധമില്ലെന്ന് അറിഞ്ഞു. പക്ഷെ, ആ ആൾ പൊലീസിന് ഒരു നിർണായക വിവരം നൽകി. കുറഞ്ഞത് അ‌ഞ്ച് വർഷമായി മൊബൈൽ ഉപയോഗിക്കാത്ത ഒരാൾ സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ബംഗളുരുവിലേക്ക് പോയെന്നായിരുന്നു ആ വിവരം. പൊലീസ് മൊബൈൽ ഇല്ലാത്ത ആളിനെ മറ്റൊരു സുഹൃത്തിനെ ഉപയോഗിച്ച് കണ്ടെത്തി. ആ തന്ത്രം പുറത്ത് വിട്ടാൽ ഭാവിയിൽ കുറ്റവാളികൾ ആ പഴുതും അടയ്‌ക്കുമെന്ന് സി ഐ വിശ്വസിക്കുന്നു. എന്തായാലും ആളെ നാട്ടിലെത്തിച്ചു. പഴയ ഒരു കേസ് വാറണ്ടായെന്നും ഇപ്പോൾ നാട്ടിലെത്തിയാൽ ജയിലിൽ കഴിയാതെ ജാമ്യം നേടാമെന്നുമാണ് പൊലീസ് മറ്റൊരാളിലൂടെ ഇയാളെ ധരിപ്പിച്ചത്. അങ്ങനെ നേരെ അന്വേഷണ സംഘത്തിന്റെ കെണിയിൽ വീണ ആളാണ് സജിൻ.

3. ഷർട്ടിൽ പിടിച്ചു വലിച്ചു, കത്തിയെടുത്ത് തലയിൽ കുത്തി
സംഭവ ദിവസം രാവിലെ മദ്യ സേവ തുടങ്ങി. രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് അപ്രതീക്ഷിതമായി രണ്ട് സുഹൃത്തുക്കൾ കൂടി പാർട്ടിയിൽ ചേർന്നപ്പോൾ മദ്യം തീർന്നു. ഒരു കുപ്പി കൂടി വാങ്ങാൻ സജിൻ നേരിട്ടെത്തി ക്യൂവിൽ കയറി. എന്നാൽ പണം തികയില്ലെന്ന് കണ്ടതോടെ ക്യൂവിൽ നിന്നും പുറത്തിറങ്ങി.കുറവുള്ള പണം പുറത്ത് പോയി സംഘടിപ്പിച്ചു വന്നപ്പോഴേക്കും താൻ ഒരുപാട് പിന്നിലാണെന്നും അങ്ങനെ ഊഴം കാത്ത് നിൽക്കുമ്പോഴേക്കും മദ്യവിൽപ്പന കേന്ദ്രം അടച്ചു പൂട്ടുമെന്നും സജിന് ഉറപ്പായി.അങ്ങനെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ എടുക്കാറുള്ള നമ്പർ പുറത്തെടുത്തത്. ക്യൂവിൽ താൻ നിന്ന സ്ഥലത്ത് നിൽക്കുന്ന ആന്റണിയുടെ മുന്നിൽ കയറി കൂടി. ആന്റണി എതിർത്തപ്പോൾ ബലം പ്രയോഗിച്ചു.ഈ സമയം ആന്റണിയുടെ തൊട്ടു പിന്നിലുണ്ടായിരുന്ന സുമേഷ് സജിന്റെ ഷർട്ടിൽ കയറി പിടിച്ചു. പിടി വിടാതെ ആയപ്പോൾ സജിൻ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് സുമേഷിന്റെ തലയ്‌ക്ക് കുത്തി വീഴ്‌ത്തി. ഭീകര രംഗം കണ്ടതോടെ ക്യൂവിൽ നിന്ന പലരും സ്ഥലം വിട്ടു.ആന്റണിയെ ചോദ്യം ചെയ്‌തതിൽ നിന്നും മനസിലായത് സജിനെ ഭയന്നാണ് കള്ളം പറഞ്ഞതെന്നാണ്. സജിന്റെ കുറ്റസമ്മത മൊഴി പ്രകാരമാണ് കിളികൊല്ലൂർ മേക്കോൺ കണ്ണൻ കോളനിയിൽ അനൂപ് (27), കുണ്ടറ മാമൂട് പ്രവീണ വിലാസത്തിൽ പ്രജോഷ് (28) എന്നിവർ പിടിയിലാകുന്നത്. ഇവർക്ക് കുറ്റകൃത്യത്തിൽ നേരിട്ട പങ്കില്ല. പ്രതിയെ ഒളിപ്പിച്ചതിനും ആയുധം സൂക്ഷിച്ചതിനുമാണ് ഇവർ കൂട്ടു പ്രതികളായത്. ബംഗ്ലൂരിൽ സജിനെ സഹായിച്ചവർ ഇയാൾ കൊലപാതക കേസിൽ ഉൾപ്പെട്ട വിവരം അറിഞ്ഞിരുന്നാ എന്ന് ഇനിയും വ്യക്‌തമായിട്ടില്ല.അങ്ങനെയാണെങ്കിൽ അവരും പ്രതിയാകും.

4. ഇറച്ചിവെട്ടും, മീൻകച്ചവടവും
സജിൻ ബംഗളുരുവിൽ ഇറച്ചി വെട്ടും മത്‌സ്യ വ്യാപാരവുമാണ് നടത്തിയത്.സജിൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയുമായി പിണങ്ങി കഴിയുകയാണന്ന് പൊലീസ് പറഞ്ഞു. അച്ഛൻ നേരത്തെ കുടുംബം വിട്ടു പോയെന്നും അമ്മ വിദേശത്ത് ജോലി ചെയ്‌തു സമ്പാദിക്കുന്ന പണം കൊണ്ട് സജിൻ ജീവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.റിമാന്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു കിട്ടുന്നതിന് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇരവിപുരം സി ഐ ബി .പങ്കജാക്ഷനൊപ്പം എ എസ് ഐ ലഗേഷ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ ഷാഡോ ടീം അംഗങ്ങളായ മനു,സീനു എന്നിവരാണ് കേസ് അന്വേഷിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ