സൈബർ സെൽ, ഹൈടെക്ക് ...അതുക്കുംമേലെ സൈജൻ പോൾ
August 18, 2017, 12:26 pm
ഫ്‌ളാഷ് ബ്യൂറോ
കൊല്ലം : ഫോണിൽ അപരന്റെ അശ്ലീലവും ചീത്തവിളിയും കേട്ട് സഹികെട്ട അഞ്ഞൂറോളം വനിതകൾ. അവരിൽ ഇന്ത്യൻ സിവിൽ സർവീസിലെയും പൊലീസ് സർവീസിലെയും വീരാംഗനമാർ മുതൽ സാധാരണ വീട്ടമ്മമാർ വരെ. വിളിച്ച് ശല്യപ്പെടുത്തിയിരുന്നത് ഇരവിപുരം താന്നി സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന സൈജു എന്ന സൈജൻ പോൾ. പ്രായം മുപ്പത്തിയഞ്ചു വയസ്. ഇയാളുടെ ഫോൺ കോൾ വൈകൃതങ്ങൾക്ക് ഇരകളായി അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തവരുടെയും നീണ്ട നിര വേറെയുമുണ്ട്. രണ്ടു വർഷമായി കേരള പൊലീസിനെ വട്ടം കറക്കിയ വിരുതനെ കണ്ടെത്താൻ കഴിയില്ലെന്ന് കരുതി ഫയൽ ക്ലോസ് ചെയ്യാൻ തീരുമാനിച്ചിരിക്കവെയാണ് പ്രതി കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ ടീമിന്റെ വലയിൽ കുടുങ്ങിയത്.

കോൾ വനിതകൾക്ക് മാത്രം
നാട്ടിൽ മാന്യനാണ് സൈജൻ . ഏതു ജോലിയും ചെയ്യും. അദ്ധ്വാനശീലൻ, നല്ലവനെന്ന പേരുള്ളയാളിൽനിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നിരന്തരമായി സംഭവിച്ചുകൊണ്ടിരുന്നത്. പകൽ ജോലിക്ക് പോകും, രാത്രി കാലങ്ങളിലാണ് ഫോണിലൂടെ ആക്‌‌ടീവാകുന്നത്. പലരുടെയും ഔദ്യോഗിക നമ്പരിലേക്ക് വിളിക്കുമ്പോൾ അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത് . അതിനായി താൻ ടാർജറ്റ് ചെയ്യുന്നവരെക്കുറിച്ച് പരമാവധി കാര്യങ്ങൾ മനസിലാക്കി നല്ല ഒഴുക്കോടെ, ആകർഷകമായ വാക്കുകളിലൂടെ സംസാരം തുടങ്ങും. ഒരു ഘട്ടം കഴിയുമ്പോൾ സംസാരം അശ്ലീലച്ചുവയോടെയാകുന്നു. എതിർക്കുമ്പോൾ പുളിച്ച തെറി കൊണ്ടഭിഷേകം. പൊലീസ് സ്‌റ്റേഷനുകളിലും കൺട്രോൾ റൂമിലും വിളിച്ചാണ് ഉന്നത പൊലീസ് വനിതാ ഉദ്യോഗസ്ഥരുടെ നമ്പർ സംഘടിപ്പിക്കുന്നത്. കൊല്ലത്തെയും സമീപ ജില്ലകളിലെയും ചില വനിതാ ജനപ്രതിനിധികളെയും തേടി രാത്രി കാലങ്ങളിൽ ചെന്നു സൈജന്റെ കോളുകൾ.

പൊലീസ് സുല്ലിട്ട കേസ്
വിളിച്ച നമ്പർ നോക്കി ആളെ തേടി ഇറങ്ങിയ പൊലീസിന് കൊല്ലം കോട്ടയ്‌ക്കകം വാർഡിലെ ഒരു വൃദ്ധയുടെ മോഷണം പോയ ഫോണിന്റെ സിമ്മാണ് ഷൈജൻ ഉപയോഗിക്കുന്നതെന്ന് മനസിലായി. വേറെ രണ്ട് നമ്പരുകളിൽ നിന്നും കോളുകൾ പ്രവഹിച്ചു തുടങ്ങിയപ്പോൾ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തി. ഇരവിപുരം പൊലീസ് അതിർത്തിയിൽ നിന്നും കവർന്നതാണ് ഈ രണ്ട് ഫോണുകളിലെയും സിമ്മെന്ന് മനസിലായി.
ഫോൺ ഉപയോഗിക്കുന്ന ടവർ ലൊക്കേഷൻ തേടി ഇറങ്ങിയെങ്കിലും സ്ഥലം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ല. ഒരേ സ്ഥലത്ത് നിന്നു മാറാതെയാണ് ഈ രണ്ട് വർഷവും ഫോൺ പ്രവർത്തിച്ചിരുന്നത്. മാത്രമല്ല ഒരിക്കൽ പോലും ഈ ഫോൺ എങ്ങോട്ടും നീങ്ങിയിട്ടില്ല. അങ്ങനെയെങ്കിൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് നീങ്ങുമ്പോൾ കണ്ടെത്താൻ പൊലീസിന് ഒരു നേരിയ സാദ്ധ്യത ഉണ്ടായിരുന്നു. ടാർജറ്റ് ചെയ്‌തിട്ടുള്ള സ്‌ത്രീകളെ അല്ലാതെ മറ്റാരെയും വിളിക്കാനും ഈ സിം ഉപയോഗിച്ചിരുന്നില്ല. അതോടെ ആളെ കണ്ടെത്താനുള്ള ദൗത്യത്തിന് മുന്നിൽ സൈബർ സെല്ലും ഹൈടെക്ക് സെല്ലും സുല്ലിട്ടു. പിന്നെ ഒരു കാര്യത്തിന് കൂടി ഈ ഫോൺ ഉപയോഗിച്ചിരുന്നു.എക്‌സൈസിനും പൊലീസിനും ചില കുറ്റവാളികളെ കുറിച്ച് വിവരങ്ങൾ നൽകാനായിരുന്നു ഇത്. ചിലപ്പോൾ പിങ്ക് പൊലീസിനും സൈജൻ വിവരങ്ങൾ നൽകി. ഈ വിവരങ്ങൾ വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ഇരവിപുരം പൊലീസ് അതിർത്തിയിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് കോളുകൾ പോയിരുന്നത്. ആ പ്രദേശത്തെ ക്രിമിനൽ പശ്ചാത്തലമുള്ള പലരെയെും പൊലീസ് നിരീക്ഷിച്ചു. ചിലരെ ചോദ്യം ചെയ്‌തു. സൈജൻ മാന്യനും ഏത് ജോലിക്ക് പോയും കുടുംബം പുലർത്തിയിരുന്ന ആളായതിനാലും ആരും സംശയിച്ചില്ല. എങ്കിലും ഫോണുകളുടെ ഐ എം ഇ നമ്പരുകൾ നിരന്തരമായി നിരീക്ഷണത്തിലായി. അങ്ങനെയിരിക്കവെ പുതിയ ഒരു സിം നമ്പർ ഈ ഐ എം ഇ നമ്പരുള്ള ഫോണിൽ ഉപയോഗിക്കുന്നതായി സൈബർ സെല്ലിന് വിവരം ലഭിച്ചു. സിം വാങ്ങാൻ കൊടുത്ത അഡ്രസ് വച്ചു ആളെ പൊക്കിയപ്പോൾ ഇതര സംസ്ഥാന തൊഴിലാളിയാണ് പുതിയ സിമ്മിന്റെ ഉടമ. ചോദ്യം ചെയ്‌തപ്പോൾ സൈജൻ വിറ്റ ഫോണാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അങ്ങനെയാണ് സൈജനെ അകത്താക്കിയത്.

ടെറസിൽനിന്നൊരു ഫോൺ ഇൻ പ്രോഗ്രാം
സീസൺ അനുസരിച്ച് വള്ളത്തിലെ പണിക്കും പെയിന്റിംഗ് ജോലിക്കും പോയാണ് സൈജൻ കുടുംബം പുലർത്തിയിരുന്നത്. അറിയപ്പെടുന്ന സെലിബ്രിറ്റികളുടെ നമ്പർ കൂടാതെ സാധാരണ വീട്ടമ്മമാരയും സൈജൻ വിളിച്ചിട്ടുണ്ട്. ഒരു ഊഹം വെച്ച് വിളിക്കും. സ്‌ത്രീകളാണങ്കിൽ സംസാരിക്കും. പുരുഷൻമാരെ ഒഴിവാക്കും. പത്ത് നമ്പർ ഡയൽ ചെയ്യുമ്പോൾ ഒരു സ്‌ത്രീ രത്‌നമെങ്കിലും കുടുങ്ങുമെന്നാണ് സൈജൻ തിയറി. സുനാമിയെ തുടർന്നാണ് സൈജനും കുടുംബവും കൊല്ലം പള്ളിത്തോട്ടം ഭാഗത്ത് നിന്നും ഇരവിപുരം താന്നിയിൽ സർക്കാർ നൽകിയ സുനാമി ഫ്ലാറ്റിലേക്ക് താമസം മാറിയത്. സുനാമി ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ കയറി പരമ രഹസ്യമായിട്ടായിരുന്നു സൈജന്റെ ഫോൺ ഇൻ പ്രോഗ്രാം. ടവർ ലൊക്കേഷൻ ഒരു കിലോമീറ്റർ ചുറ്റളവിൽ എന്ന കണക്കിനാണ് സാധാരണ സേവന ദാതാക്കൾ വിലയിരുത്തുന്നത്. എന്നാൽ ഒരേ സ്ഥലത്ത് നിന്നുള്ള നിരന്തര വിളി കണ്ടെത്താൻ പൊലീസിന് ഈ ദൂര പരിധിയിലെ എല്ലാ വീടും കയറി പരിശോധിക്കാൻ കഴിയാത്തത് സൈജന് അനുഗ്രഹമായി. സുനാമി ഫ്ലാറ്റിലെ ചിലരെ സംശയിച്ചെങ്കിലും വിവാഹിതനും മാതൃകാ കുടുംബം നയിക്കുന്ന ആളുമായ സൈജനെ ആര് സംശയിക്കാൻ.

പൊലീസിന് അഭിമാനിക്കാം
ഇത്തരം വിളികളിലൂടെ ആത്‌മരതി അടയുന്ന മാനസികാവസ്ഥയാണോ ഇയാൾക്കുള്ളതെന്ന് പരിശോധിക്കാൻ മനോരോഗ വിദഗ്ധരുടെ സഹകരണം തേടുമെന്ന് പൊലീസ് അറിയിച്ചു. പുതിയ താമസ സ്ഥലത്ത് പ്രശ്‌‌നങ്ങൾ ഇല്ലെങ്കിലും പള്ളിത്തോട്ടത്ത് സൈജന് ചില സ്‌ത്രീ വിഷയങ്ങൾ ഉണ്ടെന്നാണ് വിവരം.
കമ്മിഷണറുടെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ ടീമിന് ഇത് തൊപ്പിയിൽ പൊൻ തൂവലാണ്.അന്തർ സംസ്ഥാന ബുള്ളറ്റ് മോഷ്‌ടാക്കളെ പിടിച്ച് 26 കേസുകൾ തെളിയിച്ചതിന്റെ നേട്ടം പൊലീസ് ആസ്ഥാനത്തെ ക്രൈം കോൺഫറൻസിൽ ചർച്ചയായത് ഒരാഴ്‌ച്ച് മുമ്പ് മാത്രമാണ്.
കമ്മിഷണർ എസ്.അജീത ബീഗത്തിന്റെ മേൽനോട്ടത്തിൽ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ. സി പി ജെ.ഷിഹാബുദീനാണ് പൊലീസ് -സൈബർ സെൽ നീക്കങ്ങൾ ഏകോപിപ്പിച്ചത് .ഷാഡോ എസ് .ഐ യു. പി വിപിൻകുമാർ,സ്‌‌ക്വാഡ് അംഗങ്ങളായ സീനു,വിനു,ഹരിലാൽ,മനു,സജു,മണികണ്‌ഠൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ