പെണ്ണിനെ തൊട്ടാൽ ചോദിക്കാൻ പെണ്ണ് വരും
August 27, 2017, 10:32 am
കോവളം സതീഷ്‌കുമാർ
കൊല്ലം: സ്ത്രീകളെ പിറകേ നടന്ന് ശല്യം ചെയ്യുന്നവരും ഉപദ്രവിക്കാൻ തക്കം പാർത്ത് നടക്കുന്നവരും സൂക്ഷിക്കുക. ഇല്ലെങ്കിൽ അവൾക്കു വേണ്ടി ചോദിക്കാൻ പൊലീസിൽ പരിശീലനം ലഭിച്ച വനിതകളായ നിർഭയ വോളന്റിയർമാർ വരും. നിർഭയ പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീകളെത്തന്നെ പൊലീസ് രംഗത്തിറക്കുന്നത്. പെൺസുരക്ഷയ്ക്ക് എല്ലായിടത്തും വനിതാ പൊലീസിന് എത്താനാകില്ല. അതിനാലാണ് കുടുംബശ്രീയെ സഹകരിപ്പിച്ച് നിർഭയ വോളന്റിയർമാരെ സൃഷ്ടിക്കുന്നത്. ഓരോ ജനമൈത്രി പൊലീസ് സ്റ്റേഷന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റിൽനിന്ന് തിരഞ്ഞെടുക്കുന്ന വനിതകളെയാണ് വോളന്റിയർമാരായി പരിശീലനം നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ മാസം ഒരു നിശ്ചിത തുക ലഭിക്കും. കഴിഞ്ഞ വർഷം കൊച്ചിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയംകണ്ട പദ്ധതിയുടെ രണ്ടാംഘട്ടം ആയിരം വോളന്റിയർമാരെ സജ്ജരാക്കി ഓണം കഴിഞ്ഞ് സംസ്ഥാന വ്യാപകമാക്കും. ഇതിനായി രണ്ടരക്കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്തമാസം കൊല്ലത്ത് 150 വോളന്റിയർമാരെയാണ് സജ്ജമാക്കുന്നത്. കൊല്ലത്തും കൊച്ചിയിലും150വീതവും മറ്റിടങ്ങളിൽ 50ൽ കുറയാത്ത വോളന്റിയർമാരും ഉണ്ടാകും.
'സ്ത്രീസുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന പദ്ധതിയാണിതെന്നും സ്വന്തം പരിസരത്തു തന്നെ ഒരു വോളന്റിയർ ഉണ്ടായാൽ സ്ത്രീകൾക്ക് സമീപിക്കാൻ എളുപ്പമായിരിക്കുമെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം പറഞ്ഞു.

നിർഭയ വോളന്റിയർമാരാകാൻ
*പ്ലസ്-ടുവിൽ കുറയാത്ത വിദ്യാഭ്യാസം.
*വോളന്റിയർമാരാകുന്നവർ സ്മാർട്ടായിരിക്കണം.
*കുറ്റകൃത്യങ്ങളിൽ പ്രതിയായിരിക്കരുത്.
*ഭർത്താവിന്റെയോ വീട്ടിലുള്ളവരുടെയോ പേരിൽ പൊലീസ് കേസുണ്ടാകരുത്.
വോളന്റിയർമാരുടെ കർത്തവ്യം
*ലൈംഗികമായ അതിക്രമം, വീട്ടിനുള്ളിലെ പീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികളിൽ ഇരകൾക്ക് വേണ്ട കൗൺസലിംഗ് നൽകുക.
* പരാതിയുടെ സത്യാവസ്ഥ പ്രദേശവാസി എന്ന നിലയിൽ കണ്ടെത്തുക.
*ഒത്തുതീർപ്പാക്കാൻ പറ്റുന്നതാണെങ്കിൽ ഒത്തുതീർപ്പാക്കുക. അല്ലെങ്കിൽ നിയമസഹായം നൽകുക.

എന്താണ് നിർഭയ?
സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയാൻ 2015 മുതൽ പൊലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് 'നിർഭയ'- വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി. ഈ പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളിലും എത്തിക്കാൻ എല്ലാ ജില്ലകളിലെയും പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സ്വയം പ്രതിരോധ സെന്ററുകൾ പ്രവർത്തിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ