രേവതിക്കു ഡോക്ടറാകണം, ഇനിയും കരയിക്കരുത്
September 1, 2017, 1:40 am
കോവളം സതീഷ്‌കുമാർ
കൊല്ലം: ഈ റിപ്പോർട്ട് വായിച്ചുതുടങ്ങുമ്പോൾ രേവതിക്കു അഡ്മിഷൻ കിട്ടിയിട്ടുണ്ടാവും. കിട്ടാതാവരുതേ എന്നാണ് പ്രാർത്ഥന. അത്രയ്ക്ക് വേദനിച്ചു, ഈ പെൺകുട്ടിയും അമ്മയും... പാവപ്പെട്ട പട്ടികജാതി കുടുംബത്തിൽ ജനിച്ചതിനാൽ ഡോക്ടറാകാൻ കൊതിച്ചതും അവളെ പഠിപ്പിക്കാനായി ആ അമ്മ ഓടി നടന്നതും തെറ്റൊന്നുമല്ല. എന്നാൽ ചെന്നൈ ഇ.എസ്.ഐ മെഡിക്കൽ കോളേജിൽ സംവരണ സീറ്റിൽ അഡ്മിഷൻ ലഭിക്കുമെന്നായപ്പോൾ ഒരു ഉദ്യോഗസ്ഥൻ കണ്ണടച്ച് പറഞ്ഞു, നിങ്ങൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് തരാൻ സാദ്ധ്യമല്ലെന്ന്. പിന്നെ കോടതിയിലേക്കായി ഓട്ടം. വിധി വന്നത് ഇന്നലെ ഉച്ചയ്ക്ക്. അതിന് മുൻപ് ചെന്നൈ ഇ.എസ്.ഐ കോളേജിൽ നിന്ന് അറിയിപ്പ് കിട്ടി. 'വൈകിട്ട് 5ന് മുൻപ് വന്നാൽ പ്രവേശനം ലഭിക്കും. വന്നില്ലെങ്കിൽ ഇല്ല', എങ്ങനെ എത്തും?
റെയിൽവേ സ്റ്റേഷനിൽ നിന്ന് നിസഹായരായി പൊട്ടിക്കരയുകയാണ് രേവതിയും അമ്മ രാധാമണിയും അച്ഛൻ ബാബുവും. ആയൂർ ഇളമാട് സ്വദേശിനിയായ രാധാമണി ചെറുവയ്ക്കൽ കോട്ടയ്ക്കാവിള ലൂർദ്ദ് മാതാ കശുഅണ്ടി ഫാക്ടറി തൊഴിലാളിയാണ്. അഖിലേന്ത്യാപ്രവേശനപരീക്ഷയിൽ 38748-ാമത് റാങ്ക് നേടിയ രേവതിക്ക് ആദ്യ അലോട്ട്മെന്റ് ലഭിച്ചത് ജാർഖണ്ഡിൽ. ദൂരെമേറെയായതിനാൽ പോയില്ല. രണ്ടാമത്തെ അലോട്ട്മെന്റ് ചെന്നൈ ഇ.എസ്.ഐ മെ‌ഡിക്കൽ കോളേജിൽ സംവരണസീറ്റിൽ. 8ന് അവിടെയെത്തി. അപ്പോഴാണ് ഇ.എസ്.ഐ യുടെ സർട്ടിഫിക്കറ്റുകൂടി വേണമെന്ന് പറയുന്നത്.
ആശ്രാമത്തെ റീജിയണൽ ഓഫീസിലെത്തിയ രാധാമണിയോട് ഫാക്ടറിയിലെ ഹാജർ സംബന്ധിച്ച രേഖ ഹാജരാക്കണമെന്നായി ഓഫീസർ. അത് ഹാജരാക്കി, 2015 ഒക്ടോബർ മുതൽ 2016 മാർച്ച് വരെയുള്ള കോളത്തിൽ 'നൊ വർക്ക്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ കാരണം ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് ഓഫീസർ പറഞ്ഞു. ഫാക്ടറി പൂട്ടിയിട്ടിരുന്ന കാലമായിരുന്നു ഇതെന്ന് രാധാമണി കരഞ്ഞ് പറഞ്ഞിട്ടും ഓഫീസർ ചെവിക്കൊണ്ടില്ല. ജോലിയില്ലാതിരുന്നപ്പോൾ കുടുംബം അരപ്പട്ടിണിയിലായിരുന്നു. ആ നാളുകളുടെ കാര്യം പറഞ്ഞാണ് മകളുടെ പ്രവേശനം മുടക്കുന്നത്. ഗത്യന്തരമില്ലാതെ കോടതിയെ അഭയം പ്രാപിച്ചു. പ്രവേശന നടപടി അന്തിമവിധി വരുന്നതുവരെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനിടെ മറ്റൊരു കേസിൽ 31ന് തന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം വന്നു. അതനുസരിക്കാൻ ചൈന്നെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് അധികൃതരും തീരുമാനിച്ചു. ഇവിടെ ഹൈക്കോടതി വിധി വരുന്നത് ഇന്നലെ ഉച്ചയ്ക്കും പ്രവേശനം നേടേണ്ടത് വൈകിട്ട് 5ന് മുൻപും.

പ്രതീക്ഷയുടെ വഴിത്തിരിവ്

വിവരം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനനെ അറിയിക്കാൻ മാദ്ധ്യമ പ്രവർത്തകർ നിർദ്ദേശിച്ചു. മൂവരും ജയമോഹന് മുന്നിൽ. ജയമോഹൻ അഭിഭാഷകനെ ഫോണിൽ വിളിച്ചു. വിധി അനുകൂലമാകുമെന്നറിയുന്നു. ' നിങ്ങൾ ഇ.എസ്.ഐ ഓഫീസിൽ പോയി സർട്ടിഫിക്കറ്റ് വാങ്ങണം. അവിടെ നിന്ന് കാറിൽ തിരുവനന്തപുരത്ത് എത്തണം. തുടർന്ന് വിമാനത്തിൽ ചെന്നൈയിലേക്ക് പോകാനുള്ള ചെലവ് കോർപ്പറേഷൻ വഹിക്കും'. കോർപ്പറേഷന്റെ വാഹനവും ഒരു ജീവനക്കാരനെയും കൂട്ടിയാണ് ജയമോഹൻ അവരെ യാത്രയാക്കിയത്.
രാത്രി 10നേ വിമാനം ഉള്ളൂ. ജയമോഹൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയെ വിവരമറിയിച്ചു. അവിടെ നിന്ന് ഫോൺ ചെന്നൈ മെഡിക്കൽ കോളേജിലേക്ക്, 'കുട്ടി രാത്രി 12ന് മുൻപ് എത്തും പ്രവേശനം നൽകണം', അനുകൂല മറുപടി ലഭിച്ചു. ഇവിടത്തെ ഇ.എസ്.ഐ ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കിട്ടിയപ്പോൾ വൈകിട്ട് 5മണി. 10 നുള്ള വിമാനത്തിൽ കയറി 12ന് മുൻപ് കോളേജിലെത്തണം. ആത്മവിശ്വാസത്തോടെ അവർ പുറപ്പെട്ടു.

crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ