Friday, 22 September 2017 10.11 AM IST
പുത്തൂരിൽ സർക്കാർ വക കൊതുക് വളർത്ത് കേന്ദ്രം
September 14, 2017, 12:19 am
കോട്ടാത്തല ശ്രീകുമാർ
പുത്തൂർ: പുത്തൂരിൽ റോഡരികിലെ ഓടയിൽ മലിന ജലം കെട്ടി നിന്ന് ദുർഗന്ധം വമിക്കുന്നു. കൊതുകുവളർത്ത് കേന്ദ്രമായി ഇവിടം മാറിയിട്ടും അധികൃതർക്ക് കുലുക്കമില്ല.
ചേരിയിൽ ക്ഷേത്രത്തിന് സമീപത്താണ് ഈ അഴുക്ക് ചാൽ. ചന്തയിലെ മലിനജലം ഉൾപ്പടെ ഒഴുകിയെത്തുന്ന ഓടയാണിത്. ചന്തയുടെ അവകാശം കുളക്കട ഗ്രാമ പഞ്ചായത്തിനും മലിനജലം കെട്ടി നിൽക്കുന്ന ഭാഗം പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പരിധിയിലുമാണ്. അധികാരത്തർക്കം പലപ്പോഴും രൂക്ഷമായിട്ടുമുണ്ട്. പുത്തൂർ - ശാസ്താംകോട്ട റോഡിൽ ഈ ഭാഗത്തുള്ള കലുങ്ക് നികന്നതോടെയാണ് മലിനജലം കെട്ടി നിൽക്കാൻ തുടങ്ങിയത്. വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. മുമ്പ് പ്രതിഷേധം വ്യാപകമായതോടെ കൊല്ലം ആർ.ഡി.ഒ സ്ഥലത്തെത്തി ഗ്രാമപഞ്ചായത്ത് അധികൃതരുടെയും പൊതുപ്രവർത്തകരുടെയും യോഗം വിളിച്ച് ചേർത്തിരുന്നു. ഇവിടുത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനുള്ള നിർദ്ദേശങ്ങളൊക്കെ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തെങ്കിലും വർഷങ്ങൾ പിന്നിട്ടതല്ലാതെ ഗുണമൊന്നും ഉണ്ടായില്ല. ഇവിടെയുള്ളവർ ഏറെ പ്രതിഷേധം നടത്തിയിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ല. ഇപ്പോൾ നാട്ടുകാർ കൊതുക് വളർത്ത് കേന്ദ്രമെന്ന് ബോർഡും വച്ചിട്ടുണ്ട്.

ഓട്ടോക്കാർ പകർച്ച വ്യാധി ഭീഷണിയിൽ
മലിന ജലം കെട്ടിനിന്ന് കൊതുക് പെരുകാൻ തുടങ്ങിയതോടെ ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്. ഓടയ്ക്ക് മുകളിലാണ് ഓട്ടോ പാർക്ക് ചെയ്യുന്നത്. ഓടയിൽ മലിനജലം കെട്ടി നിൽക്കുന്നതിന്റെ ദുർഗന്ധം. ഇതിന് പുറമെയാണ് കൊതുക് പെരുകി പകർച്ച വ്യാധി പരത്തുന്നത്. സമീപത്തെ വ്യാപാരികളും ബുദ്ധിമുട്ടുകയാണ്

കലുങ്ക് പൊളിച്ച് പണിയണം
(പുത്തൂർ ശോഭനൻ, ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര കോ- ഓർഡിനേറ്റർ)
ചേരിയിൽ ക്ഷേത്രത്തിന് സമീപത്തെ റോഡിലെ കലുങ്ക് പൊളിച്ച് പുതിയത് പണിഞ്ഞെങ്കിൽ മാത്രമേ ഇവിടത്തെ മലിനജലം കെട്ടി നിൽക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ആവുകയുള്ളു. ഓട തെളിച്ച് വെള്ളം സുമഗമമായി ഒഴുകി പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം. ഗ്രാമപഞ്ചായത്തിന്റെ ചുമതലയിൽ തൽക്കാലം ഓട വൃത്തിയാക്കുകയെങ്കിലും ചെയ്യണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ