Friday, 22 September 2017 10.13 AM IST
വനിതാപൊലീസ് അടുക്കളയിൽ, വീട്ടമ്മയ്ക്ക് മോഹാലസ്യം
September 14, 2017, 11:30 am
ഫ്‌ളാഷ് ബ്യൂറോ
കൊല്ലം: അടുക്കളയിൽ പാചകം ചെയ്തുകൊണ്ടുനിന്ന വീട്ടമ്മ ആളനക്കംകേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ... ദേ നിൽക്കുന്നു വനിതാപൊലീസ്! പിന്നെ ഒന്നും ഓർമ്മയില്ല, ബോധം വീഴുമ്പോൾ കാണുന്നത് വീശിക്കൊണ്ടിരിക്കുന്ന പൊലീസുകാരെ. എന്താകാര്യം എന്നു ചോദിക്കുന്നിതിനു മുന്നേ പൊലീസുകാരി കാര്യം പറഞ്ഞു. ഹോ, ഇത്രയേയുള്ളോ! താനെന്തൊരു പേടിക്കാരിയെന്ന് വീട്ടമ്മയുടെ ആത്മഗതം. കേരള പൊലീസ് ഭവന സന്ദർശനത്തിന് എത്തിയപ്പോൾ ഉണ്ടായ ചില അനുഭവങ്ങൾ കേട്ടാൽ ആരും ചിരിച്ചുപോകും. ചിലതു കേട്ടാൽ മനസ്സ് നിറയും. ചിലതാകട്ടെ, മനസ്സിന് നീറ്റലാവും.
സ്നേഹ വായ്പോടെ സ്വീകരിച്ച അമ്മമാർ നിരവധിയാണ്. ചായയോ, നാരങ്ങാവെള്ളമോ നൽകി സൽക്കരിച്ചിട്ടേ പലരും വിട്ടുള്ളൂ.

ചിലർ കാണുമ്പോഴേ ഓടും
ഭവന സന്ദർശനത്തിന് ഇറങ്ങിയ കൊല്ലം പൊലീസിന് കുറ്റാന്വേഷണത്തിനും ക്രമ സമാധാന പരിപാലനത്തിനും ആവശ്യമായ നിർണായക വിവരങ്ങളും കിട്ടുന്നുണ്ട്. കാക്കി കാണുമ്പോഴേ ചിലർ മുങ്ങും. സ്വാഭാവികമായും അങ്ങനെ മുങ്ങുന്നവരെ കുറിച്ച് കൂടുതൽ തിരക്കാൻ നിർബന്ധിതരാവും. അവർ നോട്ടപ്പുള്ളികളാവുകയും ചെയ്യും. ഇതിനിടെ പട്ടിയുടെ കടി ഏല്ക്കാതിരിക്കാൻ ഓടിയ എസ്. ഐയ്ക്ക് വീണു പരിക്കേറ്റ സംഭവവും ഉണ്ടായി. കാക്കികാരെ കണ്ട് പിൻവാതിൽ വഴി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് പറ്റിയ അമളിയും പൊലീസുകാർക്ക് ഓർക്കാനുണ്ട്. ഡേറ്റാ കളക്ഷന്റെ ഭാഗമായുള്ള അവലോകന യോഗത്തിലാണ് ഇതെല്ലാം ചർച്ചയായത്. അടിയന്തരമായി ചിലർക്ക് കാരുണ്യത്തിന്റെ വെളിച്ചമാവാനും പൊലീസ് തയ്യാറായി. അത്തരക്കാർക്ക് ഓണക്കാലത്ത് സഹായം എത്തിക്കുകയും ചെയ്തു. ഡേറ്റ കളക്ഷൻ പുരോഗതി ചർച്ച ചെയ്യാൻ കൊല്ലത്ത് സിറ്റി പൊലീസ് കമ്മീഷണർ എസ്.അജീത ബീഗം വിളിച്ചു ചേർത്ത കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർമാരുടെ യോഗത്തിലായിരുന്നു ഭവന സന്ദർശനത്തിനിടയിലുണ്ടായ അനുഭവങ്ങൾ പൊലീസുകാർ പങ്ക് വച്ചത്.

ഒരു വില്ലേജിന് ഒരു ബീറ്റ് ഓഫീസർ
സിറ്റി പൊലീസ് പരിധിയിൽ കരുനാഗപ്പള്ളി സ്‌റ്റേഷൻ അതിർത്തി ഒരു മുനസിപ്പാലിറ്റിയും നാല് പഞ്ചായത്തുകളും ചേർന്നതാണ്.ഇവിടെ ഒമ്പത് വില്ലേജുകളുണ്ട്.ഔദ്യോഗിക രേഖകൾ പ്രകാരം 62000ത്തോളം വീടുകളും രണ്ട് ലക്ഷത്തിന് മുകളിൽ ജനസംഖ്യയുമുണ്ട്. ഏറെ ദുഷ്‌കരമാണെങ്കിലും വിവരശേഖരണം ഇവിടെ പുരോഗതിയിലാണ്.നഗര ഹൃദയമായ കൊല്ലം ഈസ്‌റ്റിൽ 25000ത്തിന് താഴെയാണ് വീടുകൾ.ഒരു വില്ലേജിന് ഒരു ബീറ്റ് ഓഫീസർ എന്നതാണ് കണക്ക്.കരുനാഗപ്പള്ളിയിൽ ഒമ്പത് ബീറ്റുകളാണുള്ളത്.എസ് ഐ റാങ്കിൽ വരെയുള്ള ഉദ്യോഗസ്ഥരാണ് ഫീൽഡിലുള്ളത്.ലോക്കൽ സ്‌റ്റേഷനിലെ പൊലീസുകാരെ കൂടാതെ സ്‌പെഷ്യൽ യൂണിറ്റിലെ അംഗങ്ങളും രംഗത്തുണ്ട്. ക്രമ സമാധാന പ്രശ്‌നങ്ങൾ കൂടാതെ പൊലീസിന് ഇതു വരെ ലഭിക്കാത്ത പുതു വിവരങ്ങളും ലഭിക്കുന്നുണ്ട്.

ഒരു ദിവസം 1500 വീടുകൾ
പല ടീമായുള്ള ബീറ്റുകാർ ദിവസം 1300 മുതൽ 1500 വരെ വീടുകൾ സന്ദർശിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരും ജലാശയങ്ങൾ മലിനപ്പെടുത്തുന്നവരും വിരങ്ങൾ ലഭിച്ചവരുടെ ലിസ്റ്റിലുണ്ട്.ഒറ്റപ്പെട്ട് കഴിയുന്ന ചിലർ അനുഭവിക്കുന്ന കഷ്‌ടതകളും അവശതകളും മനസിലാക്കിയ പൊലീസ് അവരെ സഹായിച്ച ചരിത്രവുമുണ്ട്.റേഷൻ കാർഡിന് കയറിയിറങ്ങി ഹതാശയരായവർക്ക് കാർഡ് ലഭിച്ചതും ഈ ജീവിതത്തിനിടെ മണ്ണെണ്ണ വിളക്കിൽ നിന്നും മോചനം ലഭിക്കില്ലെന്ന് കരുതിയവർക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചതും ജനമൈത്രി ബീറ്റിനിടയിലെ ഇടപെടൽ കൊണ്ടാണെന്ന് കമ്മിഷണർ പറഞ്ഞു.
സെപ്‌തംബർ 30 ന് പരിപാടി അവസാനിക്കുന്നിടത്ത് നിന്നും പൊലീസിന് പുതിയ കർമ്മ പദ്ധതികളുമായി മുന്നേറാനുള്ള ഊർജ്ജമാണ് ഗൃഹസന്ദർശനത്തിലൂടെ സ്വായത്തമാകുന്നതെന്നും അവർ കൂട്ടി ചേർത്തു
എന്തായാലും ഒരു വീട്ടിൽ ആ സ്‌റ്റേഷൻ പരിധിയിലെ ഏതെങ്കിലും ഒരു പൊലീസുകാരന്റെ നമ്പർ ലഭിക്കുന്നതോടെ ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണത്തിലും കേരള പൊലീസ് വലിയ ചുവട് വയ്പാണ് നടത്തുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ