Friday, 22 September 2017 10.13 AM IST
കായംകുളം മത്സ്യബന്ധന തുറമുഖം ഡ്രഡ്ജ് ചെയ്യണം
September 14, 2017, 12:20 am
കരുനാഗപ്പള്ളി: മത്സ്യബന്ധന തൊഴിലാളികളുടെ പേടിസ്വപ്നമായി മാറിയ കായംകുളം മത്സ്യബന്ധന തുറമുഖത്തെ മണൽത്തിട്ടകൾ ഡ്രഡ്ജ് ചെയ്ത് നീക്കി അപകടം ഒഴിവാക്കണമെന്ന് അഖില കേരള ധീവരസഭസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അഴിമുഖം ഡ്രഡ്ജ് ചെയ്തിട്ട് വർഷങ്ങളായി. മത്സ്യബന്ധന യാനങ്ങൾ കടന്ന് പോകുന്ന അഴിമുഖം മണ്ണ് വീണ് നികന്ന നിലയിലാണ്. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് വരുന്ന വള്ളങ്ങൾ മണൽത്തിട്ടയിൽ തട്ടി അപകടത്തിൽപ്പെടുന്നത് പതിവായി തീർന്നു. കഴിഞ്ഞവർഷം ഇത്തരത്തിൽ പത്തിലധികം അപകടങ്ങൾ ഉണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അഴിമുഖത്ത് മണൽത്തിട്ടകൾ ഉള്ളതിനാൽ ഇവിടെ തിരമാലകൾക്ക് ശക്തി കൂടുതലാണ്. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇക്കഴിഞ്ഞ ജൂലായിൽ ഉണ്ടായ അപകടത്തിൽ വള്ളം തകർന്ന് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അപകടം ഉണ്ടാകുമ്പോൾ അഴിമുഖം എത്രയും വേഗം ഡ്രഡ്ജ് ചെയ്ത് മണ്ണ് നീക്കുമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയാറുണ്ടെങ്കിലും ഒന്നും നടക്കാറില്ല. വർഷങ്ങളായി ഇതു തന്നെയാണ് സ്ഥിതി.
തുറമുഖത്തിന്റെ അടിസ്ഥാന വികസനം പോലും നടക്കുന്നില്ല. തുറമുഖത്തേക്ക് വള്ളങ്ങൾക്കും ബോട്ടുകൾക്കും അനായാസം കടന്ന് വരാനായി നിർമ്മിച്ചിട്ടുള്ള പുലിമുട്ടിന്റെ പാറകൾ തകർന്ന് വീണതാണ് മണ്ണ് അടിഞ്ഞ് കൂടാൻ കാരണം. ഈ മണ്ണ് നീക്കം ചെയ്താൽ യാനങ്ങൾക്ക് യഥേഷ്ടം തുറമുഖത്തേക്ക് കടന്ന് വരാൻ കഴിയും. മത്സ്യതൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ തുറമുഖത്തെ അപകടകരമായ മണൽ തിട്ടകൾ ഡ്രഡ്ജ് ചെയ്ത് നീക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം. വത്സലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി. പ്രിയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി. ചിദംബരൻ, ജെ. വിശ്വംഭരൻ, സി. ഇന്ദുചൂഡൻ എന്നിവർ സംസാരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ