Friday, 22 September 2017 10.12 AM IST
പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: പുനരുദ്ധാരണം മഹാക്ഷേത്രങ്ങളുടെ മാതൃകയിൽ
September 14, 2017, 12:17 am
 3.20 കോടിയുടെ നിർമ്മാണ നേതൃത്വം വിമല ടീച്ചർക്ക്

കൊല്ലം: ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തുന്നതിന് വർഷങ്ങൾക്ക് മുമ്പേ കൊല്ലം പട്ടത്താനത്തെ ഈഴവ കുടുംബങ്ങൾ ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് പട്ടത്താനം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. തലമുറകളുടെ പ്രാർത്ഥനാ നിമന്ത്രണങ്ങൾ ഏറ്റുവാങ്ങി നാടിന്റെ അഭിജാത ഐശ്വര്യമായി മാറിയ ക്ഷേത്രം ഇന്ന് സമുദായാംഗങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പുനരുദ്ധരിക്കുകയാണ്. പൂർണമായും കൃഷ്‌ണശിലയും തടിയും ചെമ്പോലയും ഉപയോഗിച്ച് പരമ്പരാഗത ക്ഷേത്ര നിർമ്മാണ ശൈലിയിൽ 3.2 കോടി രൂപ ചെലവിട്ടാണ് ക്ഷേത്ര പുനരുദ്ധാരണം.
ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷമാണ് 42 ഈഴവ കുടുംബങ്ങൾക്ക് ആരാധന നടത്താനായി സ്ഥാപിച്ച ക്ഷേത്രം എസ്.എൻ.ഡി.പി യോഗം പട്ടത്താനം ശാഖയുടെ നിയന്ത്രണത്തിലെത്തിയത്. ആമ്പാടി അമർജ്യോതി ഗ്രൂപ്പ് ഉടമയായിരുന്ന നാരായണൻ മുതലാളിയാണ് ക്ഷേത്രഭൂമി വിലയാധാരം വാങ്ങി പട്ടത്താനം ശാഖയ്‌ക്ക് കൈമാറിയത്. പട്ടത്താനം എസ്.എൻ.ഡി.പി ശാഖയുടെ പാരമ്പര്യത്തിന്റെ നിത്യ സ്‌മാരകമാണ് പട്ടത്താനം എസ്.എൻ.ഡി.പി സ്‌കൂൾ. അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാൻ നിവൃത്തി ഇല്ലാതെ വന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ പട്ടത്താനം എസ്.എൻ.ഡി.പി സ്‌കൂൾ, പട്ടത്താനം ശാഖ സർക്കാരിന് കൈമാറിയത്. 50 വർഷങ്ങൾക്ക് മുമ്പാണ് ക്ഷേത്രത്തിൽ ഒടുവിൽ പുനരുദ്ധാരണം നടത്തിയത്. പുനരുദ്ധാരണത്തിലൂടെ പുതിയ ക്ഷേത്രം നിർമ്മിക്കണമെന്ന അഭിപ്രായം വിശ്വാസികളിൽ നിന്നുയർന്നത് മുതൽ എല്ലാ പിന്തുണയുമായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഒപ്പമുണ്ട്. 2015 മാർച്ച് 22ന് ഷഡാധാര പ്രതിഷ്‌ഠ നടത്തിയാണ് പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിലേക്ക് നാട് ഉത്സവാരവങ്ങളോടെ കടന്നത്.

 മഹാക്ഷേത്രങ്ങളുടെ നിർമ്മാണ ശൈലിയിൽ

പതിറ്റാണ്ടുകൾക്ക് മുമ്പ് സാമൂഹിക വ്യവസ്ഥിതികൾ ഇരുൾ പടർത്തിയ കാലത്ത് അതിജീവനത്തിന്റെയും വിശ്വാസത്തിന്റെയും വെളിച്ചമായിരുന്നു പട്ടത്താനത്തെയും പരിസരങ്ങളിലെയും ജനങ്ങൾക്ക് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ക്ഷേത്രം പുനരുദ്ധരിക്കുന്നത് മഹാക്ഷേത്രങ്ങളുടെ നിർമ്മാണ ശൈലിയിൽ തലമുറകൾക്ക് വെളിച്ചമാകുന്ന തരത്തിൽ വേണമെന്ന ഏകാഭിപ്രായത്തിലെത്താൻ കാരണമിതാണ്. ചുറ്റമ്പലത്തിനുള്ളിൽ ശ്രീകോവിലിന് പുറമെ ഗണപതി, അയ്യപ്പൻ, വള്ളിദേവയാനി എന്നീ ഉപദേവാലയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം. പരമ്പരാഗത ശൈലിയിൽ കൃഷ്‌ണശിലയും തടിയും ചെമ്പോലയുമാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ശ്രീകോവിലിന്റെയും നമസ്‌കാര മണ്ഡപത്തിന്റെയും നിർമ്മാണം പൂർത്തിയായി. ചുറ്റമ്പലത്തിന്റെ മേൽക്കൂരയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

 സമാനതകളില്ലാത്ത ജനകീയ പങ്കാളിത്തം

പട്ടത്താനം ക്ഷേത്രം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിൽ സമാനതകളില്ലാത്ത സാമ്പത്തിക പിന്തുണയാണ് സമുദായാംഗങ്ങളും പൊതുജനങ്ങളും പുനരുദ്ധാരണത്തിന് നൽകുന്നത്. എസ്.എൻ.ഡി.പി യോഗം പട്ടത്താനം ശാഖയിലെയും പട്ടത്താനം ശാഖ വിഭജിച്ച് രൂപീകരിച്ച മറ്റ് മൂന്ന് ശാഖകളിലെയും കുടുംബങ്ങളിൽ കാർഡ് നൽകി മാസം തോറും പണം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പുനരുദ്ധാരണത്തിന് നൽകാൻ ഉദ്ദേശിക്കുന്ന തുക ഇത്തരത്തിൽ മാസ തവണകളായി നൽകാം. മാസംതോറും വനിതാസംഘം പ്രവർത്തകർ വീടുകളിലെത്തി പണം സ്വീകരിക്കും. പല തുള്ളി പെരുവെള്ളം എന്ന നിലയിൽ 3.2 കോടി എന്ന വലിയ സംഖ്യയിലേക്ക് നീങ്ങുന്നത് ഇങ്ങനെയാണ്. ജനങ്ങളിൽ നിന്ന് ലഭിച്ചതും ക്ഷേത്രനിർമ്മാണത്തിന് ചെലവായതുമായ തുകയുടെ കണക്ക് കൃത്യമായ ഇടവേളകളിൽ അച്ചടിച്ച് ജനങ്ങളിൽ എത്തിക്കുന്നുണ്ട്.

 ക്ഷേത്ര നിർമ്മാണത്തിന് വനിതാ നേതൃത്വം

വനിതാസംഘം കൊല്ലം യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജെ. വിമലകുമാരി ആണ് പട്ടത്താനം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ജനറൽ കൺവീനർ. കോടികളുടെ ചെലവ് വരുന്ന മഹാക്ഷേത്ര നിർമ്മാണത്തിന് ഒരു വനിത നേതൃത്വം നൽകുന്നത് ചരിത്രത്തിലെ തന്നെ അപൂർവതയാകും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനും സമുദായാംഗങ്ങളും നൽകിയ പിന്തുണയുടെ കരുത്തിലാണ് ഇത്ര വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കോയിക്കൽ ഗവ.എച്ച്.എസ്.എസിലെ ആദ്യ പ്രിൻസിപ്പൽ കൂടിയായ വിമല ടീച്ചർ തയ്യാറായത്. ക്ഷേത്ര നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും വിമല ടീച്ചറുടെ ദീർഘവീക്ഷണം പ്രകടമാണ്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ വലച്ചപ്പോഴും പതറാതെ മുന്നോട്ട് നീങ്ങിയതിന്റെ അടയാളമായാണ് ക്ഷേത്ര നിർമ്മാണം അതിവേഗം പുരോഗമിക്കുന്നത്.
പട്ടത്താനം ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഭരണസമിതിയംഗം, പട്ടത്താനം എസ്.എൻ.ഡി.പി ശാഖാ വനിതാസംഘം പ്രസിഡന്റ്, പട്ടത്താനം ശാഖാ കമ്മിറ്റിയംഗം എന്നീ നിലകളിലും മികവാർന്ന ഇടപെടലുകളാണ് ടീച്ചർ നടത്തുന്നത്. പുനരുദ്ധാരണ കമ്മിറ്റിയുടെ ജനറൽ കൺവീനറായി വിമല ടീച്ചറെത്തിയപ്പോൾ എല്ലാ പിന്തുണയുമായി വനിതാസംഘം പ്രവർത്തകരും ഒപ്പം ചേർന്നു. വീടുകളിലെത്തി മാസതവണകളായി പണം വാങ്ങുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വനിതാ കൂട്ടായ്‌മയുടെയും വിമല ടീച്ചറുടെയും ആശയങ്ങളാണ്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ