ആന്റിബയോട്ടിക്കും ആരോഗ്യവും
November 14, 2017, 12:10 am
ഡോ.ജി. ജയദേവൻ
ആധുനിക ശാസ്ത്രത്തിന്റെ വികാസം സീമാതീതമായി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ദൂരവും സമയവും ചുരുങ്ങികൊണ്ടിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് വലിയ ദൂരങ്ങൾ കീഴടക്കാനും വളരെ ഏറെ കാര്യങ്ങൾ ചെയ്തു തീർക്കാനും നമുക്ക് സാധിക്കുന്നു. എന്നിട്ടും നമുക്ക് ഒന്നിനും സമയം തികയുന്നില്ല. ശാസ്ത്ര പുരോഗതിയിലൂടെ നാം കൈവരിക്കുന്ന നേട്ടങ്ങൾക്കു തുല്യമായൊ അതിലേറെയോ കോട്ടങ്ങൾ നമുക്കുണ്ടാകുന്നു എന്ന് തിരിച്ചറിയാനുള്ള സമയമോ സാവകാശമോ ചിന്തകളോ നമുക്കുണ്ടാകുന്നില്ല. ഈ കോട്ടങ്ങളെ കാലാകാലങ്ങളിൽ വിലയിരുത്താതെ പോകുന്നത് അപകടകരമായ അനാസ്ഥയാണ്.
ആധുനിക വൈദ്യശാസ്ത്രം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങൾ ശ്ളാഘനീയമാണ്. രോഗനിവാരണത്തിന് പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ആശ്രയിച്ചിരുന്ന അവസ്ഥയ്ക്ക് വിപ്ളവകരമായ മാറ്റം സംഭവിച്ചത് പെനിസിലിൻ എന്ന ആന്റിബയോട്ടിക്കിന്റെ കണ്ടുപിടുത്തത്തോടെയാണ്. ഇതിനുള്ള നോബൽസമ്മാനം 1945ൽ ലഭിച്ചപ്പോൾ അലക്സാണ്ടർ ഫ്ളമിംഗ് നടത്തിയ പ്രസംഗത്തിൽ ആന്റിബയോട്ടിക്കുകളുടെ സാദ്ധ്യതകളെകുറിച്ചു വിശദീകരിച്ചതു കേട്ട് ജനം കോരിത്തരിച്ചു. മാരകമായ പലരോഗങ്ങളിൽ നിന്നും രക്ഷപ്പെട്ടു എന്ന് സമാശ്വസിച്ചു. തുടർന്നിങ്ങോട്ട് ആന്റിബയോട്ടിക്കുകളുടെ ഒരുവൻ നിരതന്നെ ആവിർഭവിച്ചു. സർവ്വകാരണ നാശിനികൾ എന്നവകാശപ്പെടുന്ന ബ്രോഡസ്പെക്ട്രം, ന്യൂജനറേഷൻ തുടങ്ങി ഒന്നിലധികം മരുന്നുകളുടെ സംയുക്തങ്ങളടങ്ങിയ ബയോകോമ്പിനേഷൻസ് വരെ വിപണിയിൽ സുലഭമായിരിക്കുന്നു. ഇവയുടെ ഉല്പാദനവും വിതരണവും അന്താരാഷ്ട്ര കമ്പനികൾ കയ്യടക്കികൊണ്ട് ആരോഗ്യ രംഗം തന്നെ നിയന്ത്രിക്കാനുള്ള ശക്തിയും തന്ത്രങ്ങളും അവർ ആർജ്ജിച്ചിരിക്കുന്നു. മരുന്നുകളുടെ പാർശ്വഫലങ്ങളുടെ പഠനങ്ങൾക്കുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്കുള്ള സാമ്പത്തിക സഹായം ചെയ്യാനും നിയന്ത്രിക്കാനുമുള്ള ഏജൻസികളായി ഇവർ പ്രവർത്തിക്കുന്നു. പലപ്പോഴും ലോകാരോഗ്യ സംഘടനയെ (WHO) പോലും സ്വാധീനിക്കുന്നു എന്ന പരാതികൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇവരുടെ പ്രതിനിധികൾ കമ്പനികളുടെ ലഘുലേഖകളും സാമ്പിളുകളും പാരിതോഷകങ്ങളും നൽകി. മരുന്നുകളുടെ ഗുണഗണങ്ങളെ പർവ്വതീകരിച്ചും പാർശ്വഫലങ്ങളെ ലഘൂകരിച്ചും പറഞ്ഞും പരീക്ഷിച്ച് ഡോക്ടർമാരെകൊണ്ട് അവരുടെ മരുന്നുകളുടെ വിപണനം ത്വരിതപ്പെടുത്തുന്നതും സർവ്വസാധാരണമാണ് പാർശ്വഫലങ്ങൾ ഏറെയുള്ള മരുന്നുകൾ പോലും വിറ്റഴിക്കാനുള്ള സർട്ടിഫിക്കറ്റുകൾ നേടിയെടുക്കാൻ ബഹുരാഷ്ട്ര കമ്പനികൾ നടത്തുന്ന സ്വാധീനങ്ങൾ പരക്കെ ചർച്ചാവിഷയമാണ്. ഇതെല്ലാം അറിയേണ്ട അധികാരികൾ അറിയാതെപോവുകയോ അജ്ഞത നടിച്ച് നടപടികൾ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നതിലൂടെ ആരോഗ്യരംഗം വികലവും വിനാശകരവുമായിക്കൊണ്ടിരിക്കുന്നു.
ഒരു ഒൗഷധം ഒരു പ്രത്യേക അസുഖത്തിന് വിവിധ രോഗങ്ങളിൽ, അല്ലെങ്കിൽ ഒരേ രോഗിയിൽ തന്നെ വിവിധ സാഹചര്യങ്ങളിൽ, ഒരേ രോഗത്തിന്റെ തന്നെ വിവിധ ലക്ഷണങ്ങളിൽ പ്രവർത്തിക്കുന്നതും ഫലം തരുന്നതും വിവിധ രീതിയിലായിരിക്കും. അതിനെ സാന്ദർഭികമായും തുടർനിരീക്ഷണങ്ങളിലൂടെയും ചികിത്സകനും രോഗിയും ചേർന്ന് വിലയിരുത്തുമ്പോൾ മാത്രമേ അതിന്റെ ഗുണദോഷങ്ങൾ വിധിക്കാനാകൂ. അല്ലാതെ മരുന്നുകമ്പിനികൾ റാൻഡം സാമ്പിളിംഗിലൂടെ നടത്തുന്ന വിലയിരുത്തലുകളല്ല എപ്പോഴും ശരിയാകുന്നത്.
ആഗോളതലത്തിൽ വൈദ്യശാസ്ത്രം നേരിടുന്ന വെല്ലുവിളി, ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ നേടിയെടുക്കുന്ന പ്രതിരോധശക്തി (Resistance) ആണ് UKയിലെ ഡസ്ക് ഓഫ് ഫോ‌ർ‌ഡ് തുടങ്ങിയ യൂണിവേഴ് സിറ്റികളിലെ ഒരുകൂട്ടം ഡോക്ടർമാർ, മാർട്ടിൻ .ജെ , ജന്നിഫർ.എം എന്നിവരുടെ നേതൃത്വത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെയും ബാക്ടീരിയൽ റസിസ്റ്റൻസിനെയും കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ സ്വതന്ത്ര കണ്ടെത്തലുകൾ 26.7.2017 ലെ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലൽ (BMJ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഈ പഠനം വെളിപ്പെടുത്തുന്നു. ഇവരുടെ കണ്ടെത്തൽ അനുസരിച്ച് ഒരു മരുന്നിന് നിർദ്ദേശിക്കപ്പെട്ട കോഴ്സ് അവസാനിക്കുന്നതിനു മുമ്പുതന്നെ എപ്പോൾവേണമെങ്കിലും ആകസ്മികമായി ജനിതക മ്യൂട്ടേഷനിലൂടെ (വ്യതിയാനം) അണുക്കൾ റസിസ്റ്റൻസ് (പ്രതിരോധ ശക്തി) കൈവരിക്കാം. ദിവസങ്ങളോളം തുടരുന്ന ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നമ്മുടെ ശരീര പ്രതലത്തിലും അന്നനാളത്തിലും നിരുപദ്രവകാരികളായി കഴിയുന്ന എന്നാൽ അവസരം വരുമ്പോൾ ആക്രമണകാരികളാകാൻ സാധ്യതയുള്ള (Opertunist) ബാക്ടീരിയകളും ആ മരുന്നിന് റസിസ്റ്റൻസ് കൈവരിക്കാൻ ഇടയാകുന്നു. അതുലോലെ തന്നെ നമ്മുടെ ചുറ്റുപാടുമുള്ള അണുക്കൾപോലും ഈ പ്രതിരോധ ശക്തി നേടി എടുക്കാം. നമ്മുടെ ആശുപത്രികളിൽ കണ്ടുവരുന്ന മൾട്ടിട്രഗ് റസിസ്റ്റന്റ് (MDR) ബാക്ടിരിയകൾ ഇതിനുദാരണമാണ്. ഇവ എത്ര മാകരമായ ആശുപത്രി ജന്യരോഗങ്ങൾക്കു കാരണമാകുന്നു എന്നത് ശ്രദ്ധിക്കപ്പെടാതെപോകുന്നു. ഈ കണ്ടെത്തുലകളെ തുടർന്ന് ആന്റിബയോട്ടിക്കുകളുടെ ഉപയോഗക്രമത്തെ കുറിച്ച് വികസിത രാജ്യങ്ങൾ മാറിചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. 2016ൽ ലോകാരോഗ്യ സംഘനടയുടെ (WHO) ആന്റിബയോട്ടിക് ബോധവൽക്കണ പരിപാടിയുടെ ഭാഗമായി പുറപ്പെടുവിച്ച നിർദ്ദേശം ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോൾ നിർദ്ദിഷ്ടകാലയളവ് പൂർ‌ത്തിയാക്കിയിരിക്കണം (Always Complete the full course) എന്നായിരുന്നു. ഇത് പലരാജ്യങ്ങളിലും സ്കൂളുകളിൽ പാഠ്യവിഷമാക്കുകയും ചെയ്തു. എന്നാൽ ഇന്ന് അമേരിക്കയിലെ ഡീസിസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (CDC) പബ്ളിക് ഹെൽത്ത് ഇംഗ്ളണ്ടും, കോഴ്സുകംപ്ളീറ്റ് ചെയ്യുക എന്നതു മാറ്റി ഡോക്ടർ നിർദ്ദേശിക്കുന്നതനുസരിച്ച് (exactly as priscribed) എന്നാക്കിമാറ്റിയിരിക്കുന്നു.
രോഗാണുക്കൾക്കുനേരെ പ്രയോഗിക്കുന്ന ഒരു കെമിക്കൽ ബോംബാണ് ആന്റിബയോട്ടിക്കുകൾ. ഇതുപയോഗിക്കപ്പെടുമ്പോൾ ഇതിനെ പ്രതിരോധിക്കാനായി രോഗാണുക്കളുടെ ഒരു വൻ സൈന്യം പുതിയ പുതിയ രൂപങ്ങളും ഭാവങ്ങളും കൈവരിച്ച് ശക്തമായി മുന്നേറുമ്പോൾ നമ്മുടെ ശരീരം ഒരു യുദ്ധക്കളമായി മാറുന്നു. ഈ ആക്രമണത്തെ നേരിടാൻ നിയോഗിക്കപ്പെടുന്ന സൈന്യത്തിന്റെ പടനായകന്മാരായ ഡോക്ടർമാർ പ്രയോഗിക്കുന്ന രാസായുധം രോഗാണു നിഗ്രഹത്തോടൊപ്പം സാരമായ നാശനഷ്ടങ്ങൾ നമ്മുടെ ശരീരത്തിനു സംഭവിപ്പിക്കാം. ഈ നാശനഷ്ടങ്ങൾ നാം വിലയിരുത്താറില്ല. പാർശ്വഫലങ്ങൾ എന്നറിയപ്പെടുന്ന ഈ പ്രത്യാഘാതങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന സംഭവങ്ങൾ ഏറെയാണ്. പകർച്ചവ്യാധികൾ മൂലം മരണങ്ങൾ സംഭവിക്കുന്നത് വൻ വാർത്തകളാകുമ്പോൾ മരുന്നുകളുടെ പാർശ്വഫങ്ങൾ മൂലം മരണപ്പെടുന്നവരുടെയും കണക്കുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഏത് ആന്റിബയോട്ടിക്കുകളെയും നേരിടാനുള്ള പ്രതിരോധ ശക്തി ആർജ്ജിച്ചുകൊണ്ട് മുന്നേറുന്ന അണുലോകം ശാസ്ത്രത്തിനും മനുഷ്യനും ഭീഷണിയായി നിൽക്കുമ്പോൾ നാം ചെയ്യേണ്ടചില കാര്യങ്ങൾ:-
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ കോമ്പിനേഷനുകളെ കർശനമായി നിരോധിക്കുക, കച്ചവടവൽക്കരണം പ്രോത്സാഹിപ്പിക്കാതിരിക്കുക
വികസിത രാജ്യങ്ങളിലെ പോലെ ആന്റിബയോട്ടിക്കുകളുടെ സംഭരണ വിതരണത്തെയും ഉപയോഗത്തെയും നിയന്ത്രിക്കുക
വൈറസ് രോഗങ്ങൾക്കെതിരെയും രോഗപ്രതിരോധത്തിനായും യാതൊരു തത്വദീക്ഷയുമില്ലാതെ ആന്റിബയോട്ടികൾ നിർദ്ദേശിക്കുന്നതിനെ നിയന്ത്രിക്കാൻ ഒരു ആന്റിബയോട്ടിക് പോളിസിക്ക് രൂപം നൽകുക.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ