ഉൾക്കടലിൽ ദുരന്ത മുന്നറിയിപ്പിന് 'സി മൊബൈൽ
December 3, 2017, 1:00 am
സി.വിമൽകുമാർ
കൊല്ലം: 'ഓഖി' ചുഴലിക്കാറ്റും കടൽക്ഷോഭവും തെക്കൻ കേരളത്തെ വിറപ്പിക്കുമ്പോൾ, കൊച്ചി മുതൽ കുളച്ചൽ വരെയുള്ള തീരത്ത് നിന്ന് ഉൾക്കടലിലേക്ക് പോയ 400 ഓളം ബോട്ടുകളിലെ തൊഴിലാളികൾ ആശ്വാസത്തോടെ ഒാർക്കുന്നത് സുശീൽ ജേക്കബ് തര്യനെയും ,
'സി മൊബൈലി'നെയും.

100 കിലോമീറ്റോളം ഉൾക്കടലിലേക്ക് പോയി മത്സ്യബന്ധനം നടത്തിയ ഇവർക്ക് രൗദ്ര ഭാവത്തിലേക്ക് കടലും കാലാവസ്ഥയും മാറുന്ന വിവരം കൃത്യമായി കരയിൽ നിന്ന് ലഭിച്ചു. പേമാരിയും കടൽക്ഷോഭവും തീവ്രമാകും മുമ്പ് ഇവരെല്ലാം തീരമണഞ്ഞു.

കൊല്ലം നീണ്ടകരയിൽ 'സി മൊബൈൽ' എന്ന സംവിധാനത്തിലൂടെ ദുരന്ത മുന്നറിയിപ്പ് നൽകുന്ന സുശീൽ ജേക്കബ് തര്യനോടാണ് ഈ 400 ബോട്ടുകാരും കടപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരം സംവിധാനം സ്വന്തമായുള്ളത് സുശീലിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന 'വിവനെറ്റ് സൊല്യൂഷൻസ്' എന്ന സ്ഥാപനത്തിനാണ്. അപകട മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ സംവിധാനങ്ങൾ പോലും വേണ്ട വിധം പ്രവർത്തിച്ചില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് , അധികമാരും അറിയാത്ത ഈ സ്ഥാപനത്തിന്റെ സേവന മാഹാത്മ്യം.

'സി മോബൈൽ'

കരയിൽ നിന്ന് കടലിലേക്കും തിരിച്ചും വയർലസ് സെറ്റ് വഴി മത്സ്യത്തൊഴിലാളികൾക്ക് പരമാവധി ബന്ധപ്പെടാവുന്ന ദൂരം 20 നോട്ടിക്കൽ മൈൽ (35 കി.മീ) വരെയാണ്.

എന്നാൽ , 'സി മോബൈലി'ലൂടെ കടലിൽ 100 കി.മീ. ഉള്ളിൽ വരെ ബന്ധപ്പെടാം. ഈ മൊബൈലിന്റെ ആന്റിനയും ഹാൻഡ് റിസീവറും ബോട്ടിൽ ഘടിപ്പിക്കും. കരയിൽ സ്ഥാപിച്ച റിസീവറിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് സംസാരിക്കാം. കരയിൽ നിന്ന് അപകട മുന്നറിയിപ്പും നൽകാം. കരയിൽ സിഗ്നലുകൾ നിയന്ത്രിക്കുന്ന ടവറുകൾ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലുണ്ട്. കൺട്രോൾ റൂം നീണ്ടകരയിലാണ്. 100 കിലോമീറ്റർ ചുറ്റളവാണ് ഒരു ടവറിന്റെ പരിധി. സി മൊബൈൽ സ്ഥാപിക്കാൻ 33000 രൂപ ചെലവാകും. പ്രതിമാസം ടാക്ക് ടൈമിന് 1700 രൂപ വീതം . ടെലികോം വകുപ്പിന്റെ ലൈസൻസോടെ മത്സ്യ ത്തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക വിനിമയ സംവിധാനമാണിതെന്ന് സുശീൽ പറഞ്ഞു.

കുളച്ചൽ മുതൽ അഴീക്കൽ വരെയുള്ള 400 ഓളം ബോട്ടുകളാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. കൊല്ലം നീണ്ടകരയിൽ മാത്രം 1500 ഓളം ബോട്ടുകളുണ്ട്. സർക്കാർ സബ്സിഡി നൽകിയാൽ വള്ളങ്ങൾക്കും ഈ സംവിധാനം നടപ്പാക്കാനാവും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ