റെയിൽവേ വികസനം: തിരുവനന്തപുരം ഡിവിഷൻ വെട്ടിമുറിക്കാൻ വീണ്ടും നീക്കം
November 28, 2017, 12:11 am
സി.വിമൽകുമാർ
കൊല്ലം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത പ്രഹരമേല്പിച്ചും, സംസ്ഥാനത്തിന് നൽകിയ ഉറപ്പുകൾ കാറ്റിൽപ്പറത്തിയും, തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കുന്നതിന് റെയിൽവേ വീണ്ടും നീക്കം തുടങ്ങി.

തിരുവനന്തപുരം ഡിവിഷൻ വിഭജിച്ച് ഒരു ഭാഗം മധുര ഡിവിഷനിലേക്ക് മാറ്റാനുള്ള തമിഴ്നാട് ലോബിയുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയേക്കുമെന്നാണ് സൂചന. തിരുവന്തപുരം ഡിവിഷൻ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ദക്ഷിണ റെയിൽവെയുടെ ചെന്നൈ ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്ന് മധുര, തിരുവനന്തപുരം ഡിവിഷനുകളിലേക്ക് വീണ്ടും അയച്ച കത്ത് ഇതിന് തെളിവായി. വിഭജനം നടപ്പായാൽ, തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള തിരുനെൽവേലി- നാഗർകോവിൽ - കന്യാകുമാരി- തിരുവനന്തപുരം റൂട്ടിലെ 161 കിലോമീറ്റർ പാത മധുര ഡിവിഷന് കീഴിലാവും. ഇതിന് പകരമായി, മധുര ഡിവിഷന് കീഴിലുള്ള കൊല്ലം- ചെങ്കോട്ട പാതയിലെ കൊല്ലം മുതൽ ഭഗവതിപുരം വരെയുള്ള 89 കിലോമീറ്റർ തിരുവനന്തപുരം ഡിവിഷന് കീഴിലാക്കും.

തിരുവനന്തപുരം ഡിവിഷന് വൻ വരുമാന നഷ്ടം


തിരുവനന്തപുരം ഡിവിഷന് യാത്ര, ചരക്ക് കടത്ത് കൂലിയിനത്തിൽ വൻ വരുമാന നഷ്ടവും ഭാവി വികസനം അവതാളത്തിലാക്കുന്നതുമാവും വിഭജനം. നേമം കേന്ദ്രീകരിച്ച് ലക്ഷ്യമിട്ട ഭാവി റെയിൽവേ വികസനവും നഷ്ടമാവും.

തിരുവനന്തപുരം ഡിവിഷന്റെ ഭാഗമായ നാഗർകോവിൽ- കന്യാകുമാരി- തിരുനെൽവേലി ഭാഗം മധുര ഡിവിഷനിലേക്ക് മാറ്റാൻ തമിഴ്നാട് ലോബി കുറെക്കാലമായി കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ഈ ഭാഗത്തെ യാത്രക്കാർക്ക് റിസർവേഷനിലും എമർജൻസി ക്വോട്ട അനുവദിക്കുന്നതിലും അർഹമായ പ്രാതിനിദ്ധ്യം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ ഭാഗത്ത് റെയിൽവേ വികസനം നടക്കുന്നില്ലെന്ന ആരോപണവും ഉയർന്നിരുന്നു. വിഭജനം സംബന്ധിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റിൽ ബന്ധപ്പെട്ട ഓപ്പറേഷൻസ്, ഭരണ വിഭാഗം അടക്കമുള്ളവരോട് റെയിൽവേ ബോർഡ് അഭിപ്രായം ആരാഞ്ഞിരുന്നു. എല്ലാ വിഭാഗം മേധാവികളും നിർദ്ദേശം അംഗീകരിച്ചു. ഡിവിഷൻ വിഭജിക്കാനുള്ള നീക്കം തുടങ്ങിയപ്പോൾ ശശി തരൂർ എം.പി ഇടപെട്ട് റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ എന്നിവരോട് നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു തീരുമാനവും റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് എം.പിക്ക് ഉറപ്പ് നൽകിയിരുന്നു.
ഡിവിഷൻ വിഭജനത്തിന് തീരുമാനമെടുത്തിട്ടില്ലെന്നാണ് ഈയിടെ തിരുവനന്തപുരം സന്ദർശന വേളയിൽ റെയിൽവേ ബോർഡ് ചെയർമാനും വ്യക്തമാക്കിയത്.

തിരുവനന്തപുരം ഡിവിഷൻ നിലവിൽ

 പാലക്കാട് ഡിവിഷനിൽ നിന്ന് വള്ളത്തോൾ നഗർ മുതൽ തിരുവനന്തപുരം വരെയും, മധുര ഡിവിഷനിൽ നിന്ന് തിരുനെൽവേലി- നാഗർകോവിൽ- കന്യാകുമാരി മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗങ്ങളും കൂട്ടിച്ചേർത്ത് 1979 ഒക്ടോബർ 2 ന് രൂപീകരിച്ചു.

 ആകെ ദൂരം: 625 കിലോമീറ്റർ; റെയിൽ പാതയുടെ നീളം: 893 കി.മീറ്റർ

 കായംകുളം- ആലപ്പുഴ- എറണാകുളം തീരദേശ പാത 1991 ലും തൃശൂർ- ഗുരുവായൂർ
പാത 1994 ലും കമ്മിഷൻ ചെയ്തു.

 ചില ഭാഗങ്ങൾ ഒഴികെ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാക്കി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ