സുരക്ഷ വേണോ? തെരുവിന്റെ പെൺമക്കൾക്ക് ആണായി ഒളിക്കണം
January 13, 2018, 12:01 am
ആർ. ഹരിപ്രസാദ്
കൊല്ലം: നീളൻ മുടി വെട്ടിയൊതുക്കും. കണ്ണെഴുതി പൊട്ടു തൊടാതെ ആൺവേഷമണിയും. തെരുവിന്റെ പെൺമക്കൾ സ്വയം സുരക്ഷിതരാകുന്നത് ഇങ്ങനെയാണ്. തലചായ്ക്കാൻ തെരുവോരങ്ങൾ മാത്രം സ്വന്തമായുള്ള നാടോടി സംഘങ്ങളിലെ പെൺകുട്ടികളുടെ ജീവിതം ഇതാണ്. ഓച്ചിറ വലിയകുളങ്ങരയിലെ രാജസ്ഥാനി നാടോടി കുടുംബത്തിലെ കുട്ടികളെ സ്കൂളിൽ അയയ്ക്കാത്തതിനെ തുടർന്ന് കൊല്ലം ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്.

15 വർഷമായി കേരളത്തിൽ താമസമാക്കിയ ഹരി റാമിനും ഭാര്യ ലീലയ്ക്കും എട്ട് മക്കളാണ്. ഇവരുടെ ആറ് പെൺകുട്ടികളിൽ നാലുപേരെയും ആൺകുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചാണ് വളർത്തുന്നത്. പെൺകുഞ്ഞുങ്ങളെ ഉപദ്രവിക്കാനെത്തുന്ന കഴുകൻ കരങ്ങളെ ഭയന്നാണിതെന്ന് ഹരിയും ലീലയും സമ്മതിക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന നാടോടി സംഘങ്ങളിലെ മിക്ക പെൺകുഞ്ഞുങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്. കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ ആവശ്യം രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താൻ ശിശുക്ഷേമ യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെങ്കിലും നാടോടി സ്ത്രീകളുടെ സുരക്ഷയുടെ കാര്യം ഉറപ്പാക്കാൻ പ്രത്യേകിച്ച് സംവിധാനങ്ങളൊന്നുമില്ല.

 പേടിക്ക് കാരണമുണ്ട്
നാല് വർഷം മുമ്പ് സ്വന്തം നാടായ രാജസ്ഥാനിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ഇവരുടെ ഭയത്തിന് കാരണം. പെൺമക്കളെ ആൺവേഷം ധരിപ്പിച്ച് വളർത്തുക മാത്രമാണ് സുരക്ഷയ്ക്ക് ഇവർക്കു മുന്നിലുള്ള ഏക വഴി. ആക്രമണം ഉണ്ടായാൽ, എവിടെ പരാതി നൽകണം എന്ന കാര്യം പോലും പ്രാഥമിക വിദ്യാഭ്യാസമില്ലാത്ത ഇവർക്ക് അറിയില്ല.

ശ്രദ്ധ വേണം
ആക്രമണം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് ഇത്തരം നാടോടി സംഘങ്ങൾക്ക് അറിയില്ല. ആൺകുട്ടികളെ പോലെ നമ്മൾ കാണുന്ന പലരും പെൺകുട്ടികളായിരിക്കാം. ഇവരുടെ പ്രശ്നങ്ങൾ വിശ്വാസത്തിലെടുത്ത് ഗൗരവതരമായി വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. ഇവരുടെ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.

സിജുബെൻ
ജില്ലാ ശിശുസംരക്ഷണ ഓഫീസർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ