അവയവത്തിന് പ്രതിഫലം നിശ്ചയിക്കണം
February 12, 2018, 12:57 am
സി.വിമൽകുമാർ
വിലമതിയ്ക്കാനാകാത്ത അവയവങ്ങൾ പ്രതിഫലം പോലും വാങ്ങാതെ ദാനം നൽകുന്നവരെ പിന്നീട് ആരെങ്കിലും അന്വേഷിക്കാറുണ്ടോ ? അവരുടെ ആരോഗ്യ സ്ഥിതി, കുടുംബത്തിന്റെ അവസ്ഥ ഇവയൊന്നും പിന്നീട് സ്വീകർത്താവ് പോലും അന്വേഷിക്കാറില്ല. മനുഷ്യത്വം മരവിച്ച ലോകത്ത് ഇതൊക്കെ നിസ്സാരമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്ന് അവയവദാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരും ജീവകാരുണ്യ പ്രവർത്തകരും പറയുന്നു. ഇടനിലക്കാരാണ് ഇപ്പോൾ ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്. ഇതിനുള്ള പ്രതിവിധി ദാനം നൽകാൻ തയ്യാറുള്ളവർക്ക് സർക്കാർ തന്നെ പ്രതിഫലം നിശ്ചയിക്കുക എന്നതാണ്. മിക്ക വിദേശ രാജ്യങ്ങളിലും നിലവിലുള്ളതു പോലെ ഓരോ അവയവത്തിനും പ്രതിഫലം നിശ്ചയിക്കുകയും പ്രതിഫലതുക സ്വീകർത്താവ് ദാതാവിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുകയും വേണം. ദാതാവിൽ നിന്ന് അവയവം എടുത്ത ശേഷം അയാളുടെ പിന്നീടുള്ള മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കണം. മരുന്നുകൾ സൗജന്യമായി നൽകുകയും ദാതാവിന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും വേണം. ലോകത്ത് ഇന്ന് നടക്കുന്ന അവയവദാനത്തിന്റെ 50 ശതമാനത്തിലേറെയും പ്രതിഫലം നൽകിയാണെന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ഇടപാട് നിയമവിധേയമാക്കിയാൽ ദാതാക്കളായി കൂടുതൽ പേർ മുന്നോട്ട് വരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്.

ഇടനിലക്കാരെ ഒഴിവാക്കാൻ സർക്കാർ

അവയവദാനത്തിന്റെ മറവിൽ ഇടനിലക്കാർ ലക്ഷങ്ങൾ തട്ടുന്നതൊഴിവാക്കാൻ സർക്കാർ തന്നെ ഇടനിലക്കാരാകുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. മരണാനന്തര അവയവദാനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണിത്. സ്റ്റേറ്റ് അറ്റോർണി, നിയമ, ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ജനുവരി 27 ന് ചേർന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജീവിച്ചിരിക്കെ ലാഭേച്ഛ കൂടാതെ അവയവദാനം ചെയ്യുന്നവരുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കാനും യോഗത്തിൽ തീരുമാനിച്ചു. അവയവ ദാനത്തിന് സന്നദ്ധരായവർ മുന്നോട്ട് വരണമെന്നഭ്യർത്ഥിച്ച് സർക്കാർ പരസ്യം നൽകും. രോഗിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയില്ല. അവയവം ആവശ്യപ്പെട്ട് പത്രപരസ്യം നൽകാൻ അനുമതി തേടി ഏതാനും വ്യക്തികൾ ഹൈക്കോടിയെ സമീപിച്ചിരുന്നു. പരസ്യം നൽകാൻ കോടതി അനുമതി നൽകിയില്ലെങ്കിലും അവയവ ദാനം കൂടുതൽ സുതാര്യമാക്കാൻ സർക്കാർ ആവശ്യമായ നപടികൾ സ്വീകരിക്കണമെന്ന് ഇക്കഴിഞ്ഞ നവംബർ 24 ന് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് ഉന്നതതല യോഗം ചേർന്നത്. തീരുമാനങ്ങൾ 15 നകം ഹൈക്കോടതിയെ അറിയിച്ച് കോടതിയുടെ അനുമതിയോടെ ആയിരിക്കും തുടർ നടപടികളുണ്ടാകുക. അവയവദാനത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. 'മൃതസഞ്ജീവനി' തന്നെ ഈ പദ്ധതിയുടെയും നോഡൽ ഏജൻസിയായി പ്രവർത്തിക്കും.

അവയവദാനം കുറഞ്ഞത് ഗൗരവമായി കാണും: മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് അവയവദാനവും അവയവമാറ്റവും ഗണ്യമായി കുറഞ്ഞുെവെന്നത് യാഥാർത്ഥ്യമാണെന്നും ഇതിനെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. അവയവം ലഭിക്കാത്തതിനാൽ രോഗികൾ പലരും മരിക്കുന്ന സംഭവങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മൃതസഞ്ജീവനി വഴി ഇതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. മസ്തിഷ്ക്ക മരണവും അവയവമാറ്റവും സംബന്ധിച്ച് വ്യാപകമായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സർക്കാർ വ്യക്തമായ നിയമം കൊണ്ടുവന്നത്. മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കാൻ രണ്ട് പ്രധാനവ്യവസ്ഥകളാണ് സർക്കാർ കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നശേഷം മസ്തിഷ്ക്കമരണത്തിന്റെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് അവയവമാറ്റവും കുറയാൻ കാരണം. മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അവയവമാറ്റം ശാശ്വത മാർഗ്ഗമല്ല: ഡോ. എം.എസ് വല്യത്താൻ (BOX)

അവയവം മാറ്രിവയ്ക്കൽ വൈദ്യശാസ്ത്ര രംഗത്തെ വൻ നേട്ടമാണെങ്കിലും അതൊരു ശാശ്വതമായ മാർഗ്ഗമല്ലെന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്റർ മുൻ ഡയറക്ടർ ഡോ. എം.എസ് വല്യത്താൻ പറഞ്ഞു. അവയവങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കൃത്രിമമായി അവയവങ്ങൾ നിർമ്മിക്കാനുള്ള ഗവേഷണങ്ങളാണ് തുടങ്ങേണ്ടത്. നിർഭാഗ്യവശാൽ ഇന്ത്യയിൽ അത്തരം ഗവേഷണങ്ങൾ മന്ദഗതിയിലാണ്. ഇക്കാര്യത്തിൽ ദീർഘവീക്ഷണമില്ലാത്ത നയമാണ് നമ്മുടേത്. അമേരിക്കയടക്കം വിദേശ രാജ്യങ്ങളിൽ ഗവേഷണം പുരോഗമിക്കുകയാണ്. ടിഷ്യു എൻജിനിയറിംഗിലൂടെ കരൾ നിർമ്മിക്കാനുള്ള ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. 'ബയോപ്രിന്റിംഗ്' എന്ന രീതിയിലൂടെ കോശകലകളിൽ നിന്ന് അവയവം നിർമ്മിക്കാം. തകരാർ സംഭവിക്കുന്ന ഹൃദയ വാൽവുകൾക്ക് പകരമായി കൃത്രിമ വാൽവുകൾ കേരളത്തിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. 1950 കളിൽ മൃതദേഹത്തിൽ നിന്നെടുത്ത വാൽവുകളാണുപയോഗിച്ചിരുന്നത്. അവയവം മാറ്റിവയ്ക്കലിന് താൻ എതിരല്ല. കേരളത്തിൽ അവയവദാനത്തിലുണ്ടായ മാന്ദ്യം താത്ക്കാലികമാണ്. മസ്തിഷ്ക്കമരണം സംബന്ധിച്ച വിവാദങ്ങളും താത്ക്കാലികമാണ്. ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഗണപതിയുടെ പോരാട്ടം ഇനി സുപ്രീം കോടതിയിൽ

മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കാനും അവയവമാറ്റത്തിനും കേരളത്തിൽ കൊണ്ടുവന്ന നിയമങ്ങളും നിയന്ത്രണങ്ങളും ദേശീയതലത്തിൽ നടപ്പാക്കിയാൽ മാത്രമേ അവയവദാനത്തിന്റെ പേരിൽ നടക്കുന്ന കച്ചവടവും കൊള്ളയും നിയന്ത്രിക്കാൻ കഴിയൂ എന്നാണ് ഡോ. എസ്. ഗണപതി പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്രനിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. രാജ്യം മുഴുവൻ ഒറ്റ നിയമം ഉണ്ടാകണം. മസ്തിഷ്ക്കമരണം ഇപ്പോൾ സ്ഥിരീകരിക്കുന്നത് തലച്ചോറിന്റെ 10 ശതമാനം മാത്രം വരുന്ന 'ബ്രെയിൻ സ്റ്റെം' നിശ്ചലമായോ എന്ന് 6 മണിക്കൂർ വീതം ഇടവിട്ട് പരിശോധിച്ചാണ്. എന്നാൽ തലച്ചോറിന്റെ മുഴുവൻ ഭാഗങ്ങളും ഇനി ഒരിയ്ക്കലും തിരികെ വരാനാകാത്ത വിധം നിശ്ചലമായെന്ന് ഉറപ്പാക്കിയ ശേഷമേ മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കാവൂ എന്നാണ് ഡോ.ഗണപതി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രെയിൻ സ്റ്റെം മാത്രം നിശ്ചലമായാൽ മസ്തിഷ്ക്ക മരണം സംഭവിക്കുമെന്ന് ലോകത്തൊരിടത്തും ഇതുവരെ തെളിയിച്ചിട്ടില്ല. മസ്തിഷ്ക്ക മരണം എന്നാൽ തലച്ചോറിന്റെ മുഴുവൻ മരണം എന്ന അവസ്ഥയാണ് വേണ്ടത്. മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കും മുമ്പ് തലച്ചോറിന്റെ ആൻജിയോഗ്രാമും ഇ.ഇ.ജി (ഇലക്ട്രോ എൻസഫലോഗ്രാം) യും എടുക്കണമെന്നതാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലെ മറ്റൊരാവശ്യം. സംസ്ഥാനത്ത് നിയമം ഉണ്ടാക്കിയപ്പോൾ ഈ ആവശ്യം ഒഴിവാക്കി മറ്റുകാര്യങ്ങൾ അംഗീകരിക്കുകയായിരുന്നു. ഡോ.ഗണപതിയുടെ ഈ ആവശ്യം കേരള ഹൈക്കോടതിയും അംഗീകരിച്ചിരുന്നില്ല. സുപ്രീം കോടതി ബന്ധപ്പെട്ട എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം കോടതി കേസിൽ വാദം കേൾക്കുമെന്ന് ഡോ.ഗണപതി പറഞ്ഞു. (അവസാനിച്ചു)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ