നാടൻ തോട്ടണ്ടി സംഭരണം പാളി, ഒത്തുകളിയെന്ന് കർഷകർ
February 13, 2018, 12:02 am
സി. വിമൽകുമാർ
കൊല്ലം: തോട്ടണ്ടി ഇല്ലാതെ കശുഅണ്ടി ഫാക്ടറികൾ പൂട്ടിക്കിടക്കുമ്പോൾ നാടൻ തോട്ടണ്ടി സംഭരിക്കാനുള്ള സർക്കാർ നീക്കം പാളി. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് കഴിഞ്ഞവർഷം സംഭരിക്കാനുള്ള പദ്ധതി പാളിയതോടെ കർഷകർ ഈ വർഷവും ആശങ്കയിലാണ്. ഇറക്കുമതി തോട്ടണ്ടിയെക്കാൾ ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്ന നാടൻ തോട്ടണ്ടി സംഭരണം അട്ടിമറിച്ചത് സ്വകാര്യമുതലാളിമാരുമായുള്ള ഒത്തുകളിയാണെന്നാണ് കർഷകരുടെ ആരോപണം.

കഴിഞ്ഞ ഫെബ്രുവരിയിൽ കാഷ്യു കോർപ്പറേഷനും കാപ്പക്സും കണ്ണൂർ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സഹ. സംഘങ്ങൾ വഴി കർഷകർക്ക് ന്യായവില നൽകി തോട്ടണ്ടി സംഭരിക്കാനായിരുന്നു തീരുമാനം. ഇതിനായി കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിന്റെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു. കർഷകപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ തോട്ടണ്ടി ആര്, ഏത് രീതിയിൽ സംഭരിക്കണം, എന്ത് വില നൽകണം തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് ഒന്നുമുണ്ടായില്ല. ഇതിനിടെ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്ന കർഷകരിൽ നിന്ന് കിലോഗ്രാമിന് 150 രൂപ നൽകാമെന്ന് പറഞ്ഞ് മഗലാപുരത്ത് നിന്നുള്ള സ്വകാര്യ മുതലാളിമാരുടെ ഏജന്റുമാർ തോട്ടണ്ടി സംഭരിച്ചു. അതോടെ സർക്കാർ നീക്കം പാളി. സർക്കാർ പിന്മാറിയതോടെ സ്വകാര്യ മുതലാളിമാർ വിലയും കുറച്ചു. ഈ വർഷവും ഇതാവർത്തിക്കുമോ എന്നാണ് കർഷകർ ഉറ്റുനോക്കുന്നത്.

കശുമാവ് ക‌ർഷകരെ സർക്കാർ സഹായിക്കുന്നില്ല
മലബാറിലെ കശുമാവ് കർഷകരെ സഹായിക്കുന്ന നിലപാടല്ല സർക്കാരിൽ നിന്നുണ്ടാകുന്നതെന്നാണ് അവിടത്തെ കർഷകർ ആരോപിക്കുന്നത്. റബർ വില ഉയർന്നപ്പോൾ കശുമാവിൻ തോട്ടങ്ങൾ റബറിന് വഴി മാറിയിരുന്നു. എന്നാൽ റബറിന് വിലയിടിഞ്ഞതോടെ കർഷകർ കശുമാവ് കൃഷിയിലേക്ക് മടങ്ങുകയാണ്. ഇതിന് സർക്കാർ പ്രോത്സാഹനം നൽകുന്നില്ലെന്നും ഗുണമേന്മയിലും വലിപ്പത്തിലും മുന്നിൽ നിൽക്കുന്ന നാടൻ തോട്ടണ്ടി സംഭരിക്കാൻ ഇക്കുറിയെങ്കിലും സർക്കാർ മുൻകൈയെടുക്കണമെന്നും കണ്ണൂർ കാഷ്യു ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ. വാസവൻ പറഞ്ഞു.

സംഭരണം പാളി
കഴിഞ്ഞവർഷം നാടൻ തോട്ടണ്ടി സംഭരിക്കുന്നതിൽ വീഴ്ചയുണ്ടായി. കണ്ണൂരിൽ യോഗം വിളിച്ച് കി. ഗ്രാമിന് 130 രൂപ നിരക്കിൽ സഹ. സംഘങ്ങൾ വഴി സംഭരിക്കാൻ ആലോചിച്ചു. എന്നാൽ ഇതിനിടെ മംഗലാപുരം ലോബി 150 രൂപ നിരക്കിൽ കർഷകരിൽ നിന്ന് തോട്ടണ്ടി സംഭരിച്ചു. വില നിശ്ചയിച്ചതിൽ പിഴവുണ്ടായിരുന്നു. ഈ വർഷം കർഷകർക്ക് ന്യായവില ഉറപ്പാക്കി തോട്ടണ്ടി സംഭരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞവർഷം സർക്കാർ ഫാമുകളിൽ നിന്ന് തോട്ടണ്ടി സംഭരിച്ചിരുന്നു. ആറളം ഫാമിൽ നിന്ന് 400 മെട്രിക് ടൺ, പ്ളാന്റേഷൻ കോർപ്പറേഷനിൽ നിന്ന് 420 മെട്രിക് ടൺ, കാസർകോട് സർക്കാർ ഫാമിൽ നിന്ന് 30 മെട്രിക് ടണ്ണും വാങ്ങി.
കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ

# കേരളത്തിൽ തോട്ടണ്ടി ഉത്പാദനം - 85000 മെട്രിക് ടൺ
# ഇതിന്റെ 50- 60 ശതമാനവും കണ്ണൂർ, കാസർകോട് ജില്ലകളിൽ
# ഫെബ്രുവരി - മേയ് വരെ സീസൺ
# സംസ്ഥാനത്തെ കശുഅണ്ടി ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ വേണ്ടത് - 6 ലക്ഷം മെട്രിക് ടൺ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ