ഈ ദുരന്തനായകനു വേണം പ്രണയസാഫല്യത്തിന്റെ ക്ലൈമാക്‌സ്
February 14, 2018, 12:02 am
കോട്ടാത്തല ശ്രീകുമാർ
കുണ്ടറ: ക്ളൈമാക്സ് എഴുതിയിട്ടില്ലാത്ത ഒരു പ്രണയകാവ്യമാണ് കിഷോർ കുമാറിന്റെ ജീവിതം. തലച്ചോറിൽ വെടിയുണ്ട തുളഞ്ഞുകയറിയിട്ടും ട്രെയിനിനടിയിൽപ്പെട്ട് കൈകാലുകൾ മുറിഞ്ഞുമാറിയിട്ടും മരണം കിഷോർ കുമാറിനെ വെറുതേവിട്ടത് പ്രണയസാഫല്യത്തിനു വേണ്ടിയാവാം!
നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ കിഷോർ വായുസേനയിലെ ഗരുഡ് കമാൻഡോ ആയിരുന്നു. അവിടെനിന്ന് എല്ലാം നഷ്ടപ്പെട്ടവനായി പത്തനാപുരം ഗാന്ധിഭവനിൽ ജീവിതം തള്ളിനീക്കുകയാണിപ്പോൾ. വയസ് 55 ആയെങ്കിലും യൗവനത്തിൽ മനസിൽ കുടിയേറിയ ഒരു പ്രണയത്തിന്റെ സാക്ഷാത്കാരത്തിനായി ഹൃദയം വിങ്ങുന്നു. ജീവിതം കിഷോറിന് സമ്മാനിച്ച ദുരിതങ്ങളൊന്നും അറിയാതെ അനന്തപുരിയിൽ അവളുണ്ട്. എന്നെങ്കിലും മടങ്ങിവരുന്ന കിഷോറിനെ അവൾ പ്രതീക്ഷിക്കുന്നുണ്ടാവും.

തിരുവനന്തപുരം അതിയന്നൂർ രാമപുരം കാലായിൽ വീട്ടിൽ ഓമനഅമ്മയുടെ ഏക മകനായ കെ. കിഷോർകുമാർ 1991ലാണ് വായുസേനയിലെത്തിയത്. അക്കാലത്തുതന്നെ തിരുവനന്തപുരത്തുകാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായി. അവളുടെ നിർദ്ധന കുടുംബത്തിന്റെ ചുമതല കിഷോർ‌ ഏറ്റെടുത്തു. എന്നാൽ, അമ്മയുടെ കഠിനമായ എതിർപ്പിൽ ഇവരുടെ വിവാഹം നടന്നില്ല. അമ്മയെ പിണക്കാനാവാത്തതിനാൽ പ്രണയം മനസിലൊതുക്കി ജീവിച്ചു. ഒന്നര വർഷം മുൻപ് കിഷോറിന്റെ അമ്മ മരിച്ചു. വിധി ഇതിനിടെ കിഷോറിനോട് കാട്ടിയ ക്രൂരതകൾ ചില്ലറയല്ല.

ആത്മസഖിക്കെഴുതുന്ന ഓർമ്മക്കുറിപ്പ്:
2006 നവംബറിൽ ചിറാപുഞ്ചിയിൽ ഔദ്യോഗിക മീറ്റിംഗിന് എത്തിയ ചീഫ് എയർ മാർഷൽ പിങ്ക്‌ളയുടെ ബോഡി ഗാർഡായിരുന്നു കിഷോർ. മീറ്റിംഗ് കഴിഞ്ഞ്‌ ഇറങ്ങിയപ്പോൾ മൂന്ന് അസാം തീവ്രവാദികൾ കാടിന്റെ മറവിൽ നിന്ന് കാറിനുനേർക്ക് വെടിവച്ചു. മൂവരെയും സൈന്യം വെടിവച്ചുകൊന്നെങ്കിലും മൂന്നാമന്റെ അവസാന വെടിയുണ്ട തറച്ചത് കിഷോറിന്റെ വലതുനെറ്റിയിൽ. ബോധം വീണത് 59 ദിവസത്തിനുശേഷം. തലച്ചോറിന്റെ നല്ലൊരു പങ്കും നീക്കംചെയ്യേണ്ടിവന്നു. ചികിത്സയ്ക്കുശേഷം 2007 ഫെബ്രുവരിയിൽ ജോലിക്കുകയറി. ജൂലായിൽ വി.ആർ.എസ് വാങ്ങി.

2015ൽ ട്രെയിൻ യാത്രയ്ക്കിടെയാണ് അടുത്ത ദുരന്തമുണ്ടായത്. ഇരണിയൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കവേ കാലുതെന്നി വീണു. വലതുകാലും കൈയും ട്രെയിൻ കയറി അറ്റുപോയി. ചികിത്സ കഴിഞ്ഞപ്പോഴേക്കും കിടപ്പാടമുൾപ്പെടെ നഷ്ടപ്പെട്ടിരുന്നു. എൻ.ഡി.എയിലെ പരിശീലനത്തിന്റെ ആറ് വർഷം സർവീസായി പരിഗണിക്കാഞ്ഞതിനാൽ വി.ആർ.എസിന് സൈന്യത്തിന്റെ ആനുകൂല്യങ്ങൾ ലഭിച്ചില്ല.
ഈ പ്രണയദിനത്തിൽ ആത്മസഖിക്ക് ഇടംകൈയാൽ ഒരു ഓർമ്മക്കുറിപ്പ് എഴുതാനുള്ള ശ്രമത്തിലാണ് കിഷോർ. പോസ്റ്റ് ചെയ്യാനല്ല. കാരണം ഇതൊക്കെ അറിഞ്ഞാൽ അവൾ ഓടിയെത്തും. സർക്കാർ ഉദ്യോഗമുണ്ടായിട്ടും അവൾ കാത്തിരിക്കയാണ്. നടന്ന സംഭവങ്ങളൊന്നുമറിയാതെ ... കിഷോറിന്റെ ശബ്ദം ഇടറി. വാക്കുകൾ മുറിഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ