വിധിയെ വെല്ലുന്ന നൂറഴകായി സ്വപ്നയും ജിലുവും
March 9, 2018, 12:10 am
കോട്ടാത്തല ശ്രീകുമാർ
കൊല്ലം: സ്വപ്നയും ജിലുമോളും അടുത്തടുത്ത നാട്ടുകാർ, ഒരേ ശാരീരിക പരിമിതി നേരിടുന്നവർ, പരിചയപ്പെട്ടത് ചെത്തിപ്പുഴയിലെ സ്കൂൾമുറ്റത്തുവച്ച്. കാൽവിരലുകളാൽ ചിത്രമെഴുതി ഇരുവരും കൂട്ടുകാരായി. ചേർത്തുപിടിക്കാൻ കൈകളില്ലാത്ത ഇവർ മനസുകൊണ്ട് ചേർത്തുപിടിച്ചു. ഇന്നതിന് ഒന്നര പതിറ്റാണ്ടിന്റെ മധുരമുണ്ട്. ഇരു കൈകളുമില്ലെങ്കിലെന്ത്; കാലിൽ വിരിയുന്നു നൂറഴക്. ഇവരുടെ ചങ്ങാത്തത്തിന് ഒരുപാടുപേരുടെ കണ്ണീരൊപ്പാനും കഴിഞ്ഞു.
കോതമംഗലം വൈങ്ങോട്ടൂർ കൊച്ചുമുട്ടം വീട്ടിൽ അഗസ്റ്റിന്റെയും സോഫിയുടെയും മൂത്ത മകളാണ് സ്വപ്ന. കല്ലുപെൻസിൽ കാൽവിരലുകളിൽ തിരുകി അക്ഷരങ്ങൾക്ക് രൂപംനൽകിയ സ്വപ്ന പിന്നെ, ചിത്രമെഴുതാൻ തുടങ്ങി. സ്കൂൾ പഠനത്തിനുശേഷം ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ ചരിത്രത്തിൽ ബിരുദം നേടി. കാലുകൊണ്ടും വായകൊണ്ടും വരയ്ക്കുന്ന കലാകാരന്മാരുടെ വേൾഡ് സംഘടനയായ അസോസിയേഷൻ ഒഫ് മൗത്ത് ആൻഡ് ഫുട് പെയിന്റിംഗ് ആർട്ടിസ്റ്റ്സിൽ അംഗമായത് വഴിത്തിരിവായി.
സംഘടന സ്വപ്നയുടെ ചിത്രങ്ങൾ വിപണിയിലെത്തിച്ചു. ഇതോടെ ജീവിക്കാനും സേവനത്തിനുമുള്ള വരുമാനം ലഭിച്ചു. ഖത്തറിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. മോട്ടിവേഷൻ ക്ളാസുകൾ നടത്താനും സ്വപ്ന സമയം കണ്ടെത്തുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ഏർപ്പെടുത്തിയ ഐകോണിക് വുമൺ പുരസ്കാരം ഇക്കൊല്ലം സ്വപ്നയ്ക്കാണ് ലഭിച്ചത്.

ഗ്രാഫിക്സിൽ ജിലുമോൾ കിടു:
അറിയപ്പെടുന്ന ഗ്രാഫിക് ഡിസൈനറാണ് ജിലുമോൾ. 50ൽപ്പരം ചിത്രങ്ങളും പ്രോജക്ടുകളും മിക്ക ദിവസങ്ങളിലും ചെയ്ത് തീർക്കേണ്ടതായിവരും. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും മകൾ. നാലാം വയസിൽ അമ്മ മരിച്ചതോടെ ചങ്ങനാശേരി ചെത്തിപ്പുഴ മേഴ്സി ഹോമിന്റെ സ്നേഹത്തണലിലാണ് വളർന്നത്.
കാൽവിരലുകളിൽ കളർപെൻസിൽ വച്ചുനൽകിയത് ഇവിടത്തെ സന്യാസിനിമാരാണ്. ബി.എ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ കോഴ്സ് പാസായതോടെ ജോലി ലഭിച്ചു. കാൽവിരലുകൾ കൊണ്ട് ഉപയോഗിക്കാൻ കഴിയുംവിധം കീബോർഡും മൗസും ക്രമീകരിച്ചാണ് ജോലി. ഇതിനിടയിൽ മോട്ടിവേഷൻ ക്ളാസെടുക്കാനും സേവനപ്രവർത്തനങ്ങൾക്കുമായി ഓടിനടക്കാനും സമയം കണ്ടെത്തുന്നു.

ചില്ലയില്ലെങ്കിലും തണൽ:
തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ എന്ന ജീവകാരുണ്യ സംഘടനയുടെ സജീവ പ്രവർത്തകരാണ് ഇരുവരും. കിടപ്പുരോഗികൾക്ക് മരുന്നും സാമ്പത്തികസഹായവും എത്തിക്കുകയാണ്‌ മുഖ്യ കർമ്മം. അതിനായി പണം സ്വരൂപിക്കുന്നതോടൊപ്പം സ്വന്തം വരുമാനത്തിൽനിന്ന് ഒരു പങ്കും വിനിയോഗിക്കുന്നു. ആശുപത്രികളിലും വീടുകളിലുമെത്തിയാണ് അത് നൽകുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ