തൊഴിലാളികളുടെ മരുന്ന് കാശായാലെന്താ; എസ്.ബി.ഐ കൊള്ളയടിച്ചിരിക്കും !
March 10, 2018, 12:03 am
ബി.ഉണ്ണിക്കണ്ണൻ
കൊല്ലം: മരുന്ന് വാങ്ങിയതിന് റീ ഇംബേഴ്സ്മെന്റായി ഇ.എസ്.ഐ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെത്തുന്ന പണവും മിനിമം ബാലൻസില്ലെന്ന പേരിൽ എസ്.ബി.ഐ കൊള്ളയടിക്കുന്നു. സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലെ ഇ.എസ്.ഐ ഡിസ്പെൻസറികളിൽ മിക്കസമയവും മരുന്ന് കാണാറില്ല. ഓരോ മാസവും പുറത്ത് നിന്ന് വാങ്ങുന്ന ആയിരം രൂപ വരെയുള്ള ബില്ല് സമർപ്പിച്ചാൽ ഒരു വർഷത്തിനകം ഇ.എസ്.ഐ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകും. നേരത്തേ പണമായി കൈയിൽ ലഭിച്ചിരുന്നത് ഒരു വർഷം മുൻപാണ് അക്കൗണ്ട് വഴിയാക്കിയത്. കഴിഞ്ഞ ദിവസം മുതലാണ് പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ പണമെത്തി തുടങ്ങിയത്.

ഇത് പിൻവലിക്കാൻ ബാങ്കിലെത്തിയ തൊഴിലാളികൾ തങ്ങളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലെന്ന് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. മാസങ്ങളായി മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ ഇ.എസ്.ഐ കോർപറേഷൻ നിക്ഷേപിച്ച തുക പൂർണമായും ബാങ്ക് പിഴയായി ഈടാക്കുകയായിരുന്നു. ലയനത്തിന്റെ ഭാഗമായി എസ്.ബി.ഐ മിനിമം ബാലൻസ് ഉയർത്തുന്നതിന് മുൻപ് എടുത്ത അക്കൗണ്ടുകളാണ് തൊഴിലാളികൾ ചികിത്സാ ആനുകൂല്യത്തിനായി നൽകിയത്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിയുടെ ഭാഗമായുള്ള സീറോ ബാലൻസ് അക്കൗണ്ടുകൾ എസ്.ബി.ഐക്ക് ഉണ്ടെങ്കിലും നിലവിലുള്ളത് മാറ്റി പുതിയത് സ്വീകരിക്കാൻ ഇ.എസ്.ഐ കോർപറേഷനും തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ശ്രദ്ധയിൽപ്പെടുത്തും

തൊഴിലാളികൾക്ക് കൃത്യമായി പണം ലഭിക്കാനാണ് ചികിത്സാ ആനുകൂല്യം ബാങ്ക് അക്കൗണ്ട് വഴിയാക്കിയത്. ഇത് ബാങ്ക് കൊള്ളയടിക്കുന്ന സ്ഥിതി ഇ.എസ്.ഐ കോർപറേഷന്റെ ശ്രദ്ധയിൽപ്പെടുത്തും.

കെ.സുരേഷ് ബാബു
ഇ.എസ്.ഐ ഡയറക്ടർ ബോർഡ് അംഗം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ