യുവാവിനെ മർദ്ദിച്ചതിന് ഗണേശ്കുമാർ എം.എൽ.എയ്ക്കെതിരെ കേസ്
June 14, 2018, 12:55 am
അഞ്ചൽ: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.ബി. ഗണേശ്കുമാർ എം.എൽ.എയും ഡ്രൈവർ ശാന്തകുമാറും ചേർന്ന് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മർദ്ദിച്ച സംഭവത്തിൽ അഞ്ചൽ പൊലീസ് കേസ്സെടുത്തു.

അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ - ഷീന ദമ്പതികളുടെ മകൻ അനന്തകൃഷ്ണനാണ് (22) മർദ്ദനമേറ്റത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച അമ്മ ഷീനയെ എം.എൽ.എ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. മർദ്ദനമേ​റ്റ യുവാവ് അഞ്ചൽ സർക്കാരാശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അഞ്ചൽ ശബരിഗിരി സ്‌കൂളിന് സമീപം ബന്ധുവിന്റെ മരണവീട്ടിൽ നിന്ന് മാതാവുമൊത്ത് കാറിൽ മടങ്ങുകയായിരുന്നു യുവാവ്. ഈ സമയം എം.എൽ.എ യുടെ കാർ എതിരെ വന്നു. രണ്ട് വാഹനത്തിന് കടന്നുപോകാവുന്ന വീതി റോഡിനുണ്ടായിരുന്നില്ല. ഈ സമയം അനന്തകൃഷ്ണൻ കാർ പിന്നോട്ടെടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് ഒതുക്കിയെങ്കിലും എം.എൽ.എയുടെ വാഹനത്തിന് കടന്നുപോകാനായില്ല. തന്റെ കാർ ഏറെ ദൂരം പിന്നോട്ടെടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ എം.എൽ.എയുടെ വാഹനം അല്പം പിന്നോട്ടെടുത്തെങ്കിൽ ഇരുവാഹനങ്ങൾക്കും സുഗമമായി പോകാമായിരുന്നു എന്ന് യുവാവ് പറഞ്ഞു. അതിന് തയ്യാറാകാതെ പ്രകോപിതനായ എം.എൽ.എ കാറിൽനിന്നിറങ്ങി വന്ന് ' നീ എടുത്ത് മാറ്റില്ലേടാ' എന്ന് ആക്രോശിച്ച് കാറിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചെന്നും തുടർന്ന് തന്നെ കാറിൽ നിന്ന് വലിച്ചു പുറത്തിറക്കി എം.എൽ.എ മർദ്ദിക്കുകയായിരുന്നുവെന്നും അനന്തകൃഷ്ണൻ പരാതിയിൽ പറയുന്നു. മകനെ മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്ത ഷീനയെ എം.എൽ.എ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. ഇതിന് പിന്നാലെയാണ് ഡ്രൈവറെത്തി അനന്തകൃഷ്ണനെ മർദ്ദിച്ചത്. മാതാവ് തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവറും മ‌ർദ്ദനം തുടർന്നു.

സംഭവം അറിഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന അഞ്ചൽ സി.ഐ മോഹൻദാസ് എത്തി ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ ശ്രമിച്ചു. പരിസരവാസികൾ കൂടുന്നതിന് മുമ്പേ എം.എൽ.എ സ്ഥലംവിട്ടു. എം.എൽ.എയെ പോലൊരു വ്യക്തിയിൽ നിന്ന് ഇങ്ങനെ ഒരനുഭവം ഉണ്ടായതിൽ അതീവ ദുഃഖിതനാണെന്നും ആദ്യമായാണ് താൻ ഗണേശ് കുമാറിനെ നേരിട്ട് കാണുന്നതെന്നും അനന്തകൃഷ്ണൻ പറഞ്ഞു.

അസഭ്യം പറഞ്ഞത് യുവാവെന്ന് ഗണേശ് കുമാർ
സംഭവത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും യുവാവ് തന്നെയാണ് അസഭ്യം പറഞ്ഞതെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കെ.ബി. ഗണേശ്കുമാർ പത്തനാപുരത്ത്
മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഗണേശ്കുമാറിന്റെ പരാതിയിൽ അനന്തകൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ