മൺസൂണും വിനോദമാക്കി സഞ്ചാരികൾ
August 8, 2018, 12:08 am
സി.വിമൽകുമാർ
കൊല്ലം: കേരളത്തിലെ പല ജില്ലകളിലും മൺസൂൺ മഴക്കെടുതികൾ വിതച്ചെങ്കിലും മഴ ആസ്വദിക്കാനായി വിനോദ സഞ്ചാരികളുടെ പ്രവാഹം. അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നിന്ന് ധാരാളം വിനോദസഞ്ചാരികൾ എത്തുന്നതായി ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. ഈ വർഷം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 12 ശതമാനം വർദ്ധനയുണ്ടാവുമെന്നാണ് വിനോദ സഞ്ചാരവകുപ്പിന്റെ കണക്ക്കൂട്ടൽ.
മൂന്നാറിലെ നീലക്കുറിഞ്ഞികൾ, ചടയമംഗലത്തെ ജടായു എർത്ത് ടൂറിസം, ഐ.പി.എൽ മാതൃകയിലുള്ള വള്ളംകളി മത്സരം, കൊച്ചി ഫിനാലെ തുടങ്ങിയ ആകർഷണങ്ങൾ ഉയർത്തിക്കാട്ടി കൂടുതൽ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാണ് ശ്രമം. യൂറോപ്പ്, യു.കെ, ഫ്രാൻസ്, ജർമ്മനി, റഷ്യ, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും വിനോദ സഞ്ചാരികൾ എത്തുന്നത്.

സുരക്ഷിതത്വമില്ലെന്ന് പ്രചാരണം
ഇന്ത്യയിൽ വിദേശികൾക്ക് സുരക്ഷിതത്വമില്ലെന്ന പ്രചാരണം ചില വിദേശമാദ്ധ്യമങ്ങളും മറ്റ് ചില തത്പര കക്ഷികളും നടത്തുന്നുണ്ട്. എന്നാൽ അത്തരം പ്രചാരണങ്ങളൊന്നും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിപ്പ ബാധയെയും ചിലർ പ്രചാരണായുധമാക്കിയെങ്കിലും അതും വിലപ്പോയില്ല.

ഇ- വിസ അനുകൂലമായി
വിദേശികൾക്ക് ഇന്ത്യയിലെത്താൻ വിസ നിയമങ്ങൾ ഉദാരമാക്കിയത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായകമായി. ഓൺലൈനായി വിസ എടുക്കാമെന്നതാണ് പ്രത്യേകത. ഇന്ത്യയിൽ വന്ന ശേഷം വിസ സ്റ്റാമ്പ് ചെയ്താൽ മതി. മുൻ യു.പി.എ സർക്കാരിന്റെ കാലത്താണ് ഇ- വിസ സമ്പ്രദായത്തിന് തുടക്കം കുറിച്ചതെങ്കിലും മോദി സർക്കാർ വന്നശേഷം 150 രാജ്യങ്ങളുമായി ഇ- വിസ കരാറുണ്ട്.

'പുതിയ മാ‌ർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് വിനോദസഞ്ചാര വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഈ വർഷം വിനോദ സഞ്ചാരികളുടെ വരവിൽ വർദ്ധനയുണ്ടാകും.'
കെ. രാജ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം


കഴിഞ്ഞ മാർച്ച് വരെ കേരളത്തിലെത്തിയ
വിനോദ സഞ്ചാരികൾ- 43,18406
ഇതിലുൾപ്പെടുന്ന വിദേശികൾ- 440694

2017 ൽ കേരളത്തിലെത്തിയ
വിനോദ സഞ്ചാരികൾ- 1,57,65390.
ഇതിലുൾപ്പെടുന്ന വിദേശികൾ-10,91,870

സഞ്ചാരികളിൽ നിന്ന് കഴിഞ്ഞ വർഷം
കേരളത്തിന് ലഭിച്ച വരുമാനം - 33383. 68 കോടി
വിദേശത്തുള്ള വിനോദസഞ്ചാരികളിൽ
നിന്നുള്ള വരുമാനം - 8392.11 കോടി
crctd
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ