നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടും സ്പെഷ്യൽ റൂൾസ് തയ്യാറാക്കാതെ സഹകരണ സ്ഥാപനങ്ങൾ
August 11, 2018, 12:30 am
സി.വിമൽകുമാർ
കൊല്ലം: സംസ്ഥാനത്തെ അപ്പക്സ് സഹകരണ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിട്ട് 23 വർഷം കഴിഞ്ഞിട്ടും ഭൂരിപക്ഷം സ്ഥാപനങ്ങളിലും നിയമനം സുതാര്യതയില്ലാതെ. ഏഴ് സ്ഥാപനങ്ങളിൽ മാത്രമാണ് പി.എസ്.സി വഴി നിയമനം നടത്തുന്നത്. ഇതുകാരണം ഈ മേഖലയിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് തൊഴിലവസരം നഷ്ടപ്പെടുന്നത്.

1995 ൽ എ.കെ. ആന്റണി സർക്കാരാണ് സഹകരണ അപ്പക്സ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിട്ടത്. പല സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ് തയ്യാറാക്കാതെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും ഫയലുകൾ പൂഴ്ത്തിയും പി.എസ്.സി നിയമനത്തിൽ നിന്നൊഴിവാകുകയാണ്.
സംസ്ഥാനത്തെ സഹകരണ അപ്പക്സ് സ്ഥാപനങ്ങളിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സി വഴിയേ നടത്താവൂ എന്ന് 1996 ൽ സർക്കുലറും ഇറക്കിയിരുന്നു. സഹകരണ വകുപ്പിന് കീഴിലല്ലെങ്കിലും സഹകരണ രജിസ്ട്രാർ ആ‌ഡിറ്റിംഗ് നടത്തുന്ന നിരവധി സ്ഥാപനങ്ങൾ വിവിധ വകുപ്പുകൾക്ക് കീഴിലുണ്ട്. ഈ സ്ഥാപനങ്ങളിൽ വർഷങ്ങളായി തസ്തികകൾ നികത്തുന്നത് കരാർ, പിൻവാതിൽ നിയമനങ്ങളിലൂടെയാണ്. ആദ്യം ദിവസ വേതനത്തിൽ നിയമിച്ച് പിന്നീട് കരാർനിയമനമാക്കും. തുടർന്ന് സ്ഥിരം നിയമനമാക്കുന്നതാണ് രീതി. എംപ്ളോയ്മെന്റ് എക്സ്‌ചേഞ്ചിനെപ്പോലും ഈ സ്ഥാപനങ്ങൾ നോക്കുകുത്തിയാക്കുകയാണെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. രാഷ്ട്രീയ ബന്ധങ്ങളും ഇടപെടലുകളുമാണ് പല സ്ഥാപനങ്ങളും നിയമനത്തിന് മാനദണ്ഡമാക്കുന്നത്.
നിയമനങ്ങൾ പി.എസ്.സി ക്ക് വിടും മുമ്പ് നിയമന ചട്ടം രൂപീകരിക്കാൻ സ്പെഷ്യൽ റൂൾസ് തയ്യാറാക്കേണ്ടതുണ്ട്. എന്നാൽ പല സ്ഥാപനങ്ങളും ഇതിന് തയ്യാറാകാതെ വർഷങ്ങളായി തടിതപ്പുകയാണ്. ചില ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് (കാർഡ് ബാങ്ക്) സ്പെഷ്യൽ റൂൾസ് തയ്യാറാക്കാൻ നിർബന്ധിതരായിട്ടുണ്ട്. എന്നാൽ നിയമന നടപടികളായിട്ടില്ല. 500 ലധികം ഒഴിവുകൾ കാർഡ് ബാങ്കിലുണ്ട്.

ഇനിയും സ്പെഷ്യൽ റൂൾസ് തയ്യാറാക്കാത്ത സ്ഥാപനങ്ങൾ:
ടൂർഫെഡ്, വനിതാഫെഡ്, ഹോസ്പിറ്റൽഫെഡ്, ലേബർഫെഡ്, മാർക്കറ്റ്ഫെഡ്, കേരഫെഡ്, കാപ്പക്സ്, സുരഭി, ടെക്സ്റ്റ്ഫെഡ്, കയർഫെഡ്, റൂട്രോണിക്സ്.

പി.എസ്.സി വഴി നിയമനം നടത്തുന്ന സ്ഥാപനങ്ങൾ
മിൽമ, ഹാൻടെക്സ്, കൺസ്യൂമർഫെഡ്, ഹൗസ്‌ഫെഡ്, സംസ്ഥാന സഹകരണബാങ്ക്, പട്ടികജാതി- പട്ടികവർഗ വികസന കോർപറേഷൻ, മത്സ്യഫെഡ്.
ജില്ലാ സഹകരണ ബാങ്ക് നിയമനങ്ങളും പി.എസ്.സി വഴിയാണ് നടത്തുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ