വെയിലെത്തി... മീനുകൾക്ക് പുതുജീവൻ
September 13, 2018, 1:45 am
വീണാ വിശ്വൻ
കൊല്ലം: പ്രളയജലത്തിൽപ്പെട്ട് രോഗബാധിതരായ ഉൾനാടൻ ജലാശയങ്ങളിലെ മീനുകൾ രോഗമുക്തരാകുന്നു. കനത്ത മഴ മാറി, ആവശ്യത്തിന് വെയിൽ ലഭിക്കാൻ തുടങ്ങിയതോടെയാണ് എപ്പിസൂട്ടിക് അൾസറേറ്റീവ് സിൻഡ്രോം (ഇ.വി.എസ്) ബാധിച്ച മീനുകൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തുന്നത്.
മത്സ്യങ്ങളുടെ ശരീരഭാഗങ്ങൾ അഴുകി വ്രണം രൂപപ്പെടുന്നതാണ് രോഗലക്ഷണം. വൈപ്പിൻ, വല്ലാർപാടം, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ കേരള സമുദ്രപഠന സർവകലാശാല (കുഫോസ്) അനിമൽ ഹെൽത്ത് ലബോറട്ടറി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കരിമീൻ, തിരുത, കണമ്പ്, മാല തുടങ്ങിയ മത്സ്യങ്ങളിലായിരുന്നു കൂടുതൽ രോഗബാധ.
മഴ ശക്തമായതോടെ ഉൾനാടൻ ജലാശയങ്ങളിൽ അളവിലധികം തണുത്ത ജലം എത്തുകയും, ജലത്തിന്റെ ഊഷ്മാവ്, പി.എച്ച് ലവണാംശം എന്നിവ വൻതോതിൽ കുറയുകയും ചെയ്തതാണ് രോഗകാരണം. സംസ്ഥാനത്ത് മൺറോതുരുത്തിലാണ് രോഗം ഏറ്റവുമധികം ബാധിച്ചത്. ചെറിയ കുളങ്ങളിലെ മീനുകൾ പോലും രോഗബാധിതരായി.
മത്സ്യകർഷകരുടെ മീൻകുഞ്ഞുങ്ങൾ പകുതിയിലധികവും പ്രളയത്തിൽ ഒഴുകി പോയി. ശേഷിച്ചവയ്‌ക്ക് രോഗം പിടിപെട്ടതോടെ മത്സ്യക്കൃഷി നഷ്ടത്തിലായി. കർഷകർ കടക്കെണിയിലും. വൈപ്പിൻ ഭാഗത്ത് നിന്ന് ചൂണ്ടയിട്ട് പിടിച്ച മീനുകളിലും ഇതേ രോഗം സ്ഥിരീകരിച്ചിരുന്നു. കുളങ്ങളിൽ കുമ്മായം വിതറി പി.എച്ച് അളവ് ഉയർത്തുക, ഡോളോമൈറ്റ് ഉപയോഗിക്കുക തുടങ്ങിയ രോഗപ്രതിരോധ നടപടികളെടുക്കാൻ അധികൃതർ കർഷകരോട് നിർദ്ദേശിച്ചിരുന്നു. കാലാവസ്ഥയിൽ മാറ്റം വന്നതും മീനുകളിലെ രോഗബാധ കുറയാനിടയാക്കി.


''മഴ അമിതമാകുമ്പോൾ രോഗം സാധാരണയാണ്. 1991ൽ കരിമീനിലും മറ്റും ഇത്തരം രോഗങ്ങൾ കാണപ്പെട്ടിരുന്നു. പ്രളയം മത്സ്യകർഷകർക്ക് വൻനഷ്ടമുണ്ടാക്കി''.
ഡോ. ദേവികപിള്ള, കുഫോസ് അനിമൽ ഹെൽത്ത് ലബോറട്ടറി മേധാവി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ