Wednesday, 26 April 2017 3.31 PM IST
കൃഷ്ണദാസ് അകത്തായി
March 21, 2017, 12:03 am
തൃശൂർ: ഒറ്റപ്പാലം ലക്കിടി നെഹ്‌റു ലാ കോളേജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തിനെ (22) ഇടിമുറിയിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കോളേജ് ചെയർമാൻ പി. കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചുപേരെ തൃശൂർ റൂറൽ എസ്.പി അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, അന്യായമായി തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവമേല്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ലാ കോളേജ് നിയമോപദേശക സുചിത്ര, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടിവ് വത്സലകുമാരൻ, ലക്കിടി ജവഹർലാൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുകുമാരൻ, ഫിസിക്കൽ ട്രെയിനർ ഗോവിന്ദൻകുട്ടി എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ കൃഷ്ണദാസിനെ പട്ടാമ്പിയിൽ നിന്നും മറ്റുള്ളവരെ അതത് കോളേജുകളിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എരുമപ്പെട്ടി സ്റ്റേഷനിൽ റൂറൽ എസ്.പി എൻ. വിജയകുമാർ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയും നെഹ്‌റു കോളേജ് പി.ആർ.ഒയുമായ സഞ്ജിത്ത് വിശ്വനാഥൻ, നാലാം പ്രതി ലക്കിടി കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ശ്രീനിവാസൻ എന്നിവർ ഒളിവിലാണ്.
കോളേജിന്റെ അനധികൃത പണപ്പിരിവ് ചോദ്യംചെയ്തതിന് കൃഷ്ണദാസ് മർദ്ദിച്ചെന്നും നിർബന്ധിച്ച് പരാതി പിൻവലിപ്പിച്ചെന്നും രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ഷഹീർ നൽകിയ പരാതിയിൽ നേരത്തേ പഴയന്നൂർ പൊലീസ് കേസെടുത്തിരുന്നു.

ഷഹീറിന്റെ പരാതി ഇങ്ങനെ:
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ജനുവരി മൂന്നിനായിരുന്നു സംഭവം. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫൈൻ ഈടാക്കുന്നതിനെതിരെയും കോളേജിലെ മറ്റു നടപടികൾക്കെതിരെയും കഴിഞ്ഞ ഒക്ടോബറിൽ സുതാര്യ കേരളത്തിലേക്ക് ഉൾപ്പെടെ ആറു പരാതികൾ ഞാൻ അയച്ചിരുന്നു. കേന്ദ്ര സർക്കാരിനും ഇൻകംടാക്‌സിനും പരാതി നൽകി. കഴിഞ്ഞ ക്രിസ്മസ് വെക്കേഷന് ചെയർമാൻ കൃഷ്ണദാസ് എന്നെ കോളേജിലേക്ക് വിളിപ്പിച്ചു. അവധിയായതിനാൽ പോയില്ല.

ജനുവരി മൂന്നിന് കോളേജ് തുറന്ന ദിവസം പാമ്പാടി കോളേജിലേക്ക് ഓട്ടോയിൽ കയറ്റി എന്നെ കൊണ്ടുപോയി. ചെയർമാന് സംസാരിക്കാനുണ്ടെന്നായിരുന്നു അറിയിപ്പ്. കോളേജിൽ കൃഷ്ണദാസും സഞ്ജിത്തും മറ്റും കാത്തുനില്പുണ്ടായിരുന്നു. ഇവർ മുറിയിലേക്ക് കൊണ്ടുപോയി പറയുന്ന പേപ്പറിൽ ഒപ്പിട്ടു തന്നില്ലെങ്കിൽ പുറത്തുപോകില്ലെന്ന് ഭീഷണിപ്പെടുത്തി. മ‌ർദ്ദനം ആരംഭിച്ചതോടെ ഒപ്പിട്ടുകൊടുത്തു. തെറ്റിദ്ധരിക്കപ്പെട്ടാണ് പരാതി അയച്ചതെന്നും പരാതിയില്ലെന്നും എഴുതിയ പേപ്പറിലാണ് ആദ്യം ഒപ്പിട്ടത്. ടി.സി വാങ്ങിപ്പോകുന്നതായി അപേക്ഷയും എഴുതി ഒപ്പിട്ട് വാങ്ങി. റാഗിംഗ് നടത്തിയെന്ന ഒന്നാംവർഷ വിദ്യാർത്ഥികളുടെ വ്യാജ പരാതിക്ക് താഴെ ഒപ്പിടാൻ നിർബന്ധിച്ചു. ഇതുകൂടി ഒപ്പിട്ടില്ലെങ്കിൽ നീ പുറംലോകം കാണില്ലെന്നായിരുന്നു കൃഷ്ണദാസിന്റെ ഭീഷണി. പല തവണ ചെകിട്ടത്തടിച്ചു. മുട്ടുകാലു കൊണ്ട് വയറ്റത്ത് ഇടിച്ചു, നിലത്തുവീണപ്പോൾ തലയിൽ ഷൂസുകൊണ്ട് ചവിട്ടി. ജീവനോടെ പുറത്തുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അവസാന പേപ്പറിലും ഒപ്പിട്ടു നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ