ഈ വീട് കണ്ടുപിടുത്തങ്ങളുടെ സന്തോഷക്കൂടാരം
April 20, 2017, 2:37 pm
ഇ.പി. രാജീവ്
മാള: വൈദ്യുതി നിരക്ക് എത്ര വർദ്ധിപ്പിച്ചാലും സന്തോഷ്‌ മാസ്റ്റർ നെറ്റി ചുളിക്കില്ല. കറണ്ട് കട്ടായാലും തലയിൽ കൈവച്ച് ചതിച്ചല്ലോ എന്ന്‌ വിലപിക്കുമില്ല. സ്വന്തമായി വികസിപ്പിച്ച സൗരോർജ്ജ സംവിധാനം ഉപയോഗിച്ച് വീട് മുഴുവൻ വെളിച്ചം പരത്തുന്ന സന്തോഷ് മാസ്റ്റർക്ക് 74ാം വയസിലും വിശ്രമം എന്നൊന്നില്ല. കണ്ടുപിടുത്തങ്ങളുടെ ലോകത്താണ് ഇദ്ദേഹത്തിന്റെ മനോവ്യാപാരമെല്ലാം. പാലിശ്ശേരി എസ്.എൻ.ഡി.പി സ്കൂളിൽ നിന്ന് ചിത്രകലാ അദ്ധ്യാപകനായി വിരമിച്ച ഇദ്ദേഹം എസ്.എൻ.ഡി.പിയുടെ സജീവ പ്രവർത്തകനാണ്. വിരമിച്ച ശേഷം പൂർണ്ണ സമയം വീട്ടിൽ പരീക്ഷണ ശാലയൊരുക്കി അതിൽ മുഴുകുകയും ചെയ്തു. അതിന്റെയെല്ലാം പരിണതഫലമാണ് ഈ കണ്ടുപിടുത്തങ്ങൾ.
വീട് മുഴുവൻ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് സൗരോർജ്ജം കൊണ്ട് വെളിച്ചം പരത്തുകയാണ് സന്തോഷ് മാസ്റ്റർ. ഈ സംവിധാനം നടപ്പാക്കിയതോടെ വീട്ടിലെ വൈദ്യുതി നിരക്ക് 900ൽ നിന്ന് 301 രൂപയായി കുറഞ്ഞെന്നത് ഇദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം. വിപണിയിലുള്ളതിനേക്കാൾ ചെലവ് കുറഞ്ഞ സംവിധാനമാണ് മാസ്റ്ററുടേത്. 12 വോൾട്ട് ഫാൻ, എൽ.ഇ.ഡി.-ടി.വി., കമ്പ്യൂട്ടർ എന്നിവ ഈ സംവിധാനത്തിൽ പ്രവർത്തിക്കും. പകൽ സമയത്ത് സോളാർ പാനലിൽ നിന്ന് നേരിട്ടുള്ളതും രാത്രിയിൽ ബാറ്ററിയിൽ സംഭരിച്ച വൈദ്യുതിയുമാണ് ഉപയോഗിക്കുന്നത്.
വീട്ടു ഉപയോഗത്തിനുള്ള ചില സാധനങ്ങൾ കൂടി 12 വോൾട്ടിൽ പ്രവർത്തിക്കുന്നതാക്കി മാറ്റാനുള്ള പരീക്ഷണത്തിലാണ് അദ്ദേഹം. പാലിശേരിയിലെ ചക്കനാശ്ശേരി വീട്ടിൽ നടത്തിയ മറ്റൊരു പരീക്ഷണം ജല ശുദ്ധീകരണ സംവിധാനവും വിജയ തീരത്തിലാണ്. ജല ശുദ്ധീകരണ സംവിധാനത്തിന് ഉപയോഗിക്കുന്നത് വിവിധ വലിപ്പത്തിലുള്ള പി.വി.സി പൈപ്പുകൾ, വാൽവുകൾ, പോളിസ്റ്റർ തുണി, മണൽ, കരി, അരിപ്പ എന്നിവയാണ്. ജലം ശുദ്ധീകരിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യം അരിപ്പയിൽ നിന്ന് നീക്കം ചെയ്യാൻ ബാക്ക് വാഷ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാൽവുകൾ ക്രമീകരിച്ച് എതിർ ദിശയിലേക്ക് വെള്ളം കടത്തി വിടുന്നതാണ് ബാക്ക് വാഷ്. മാസത്തിലൊരിക്കൽ മാത്രം ഇത് ഉപയോഗിക്കും. വീട്ടിലേക്ക് ആവശ്യമായ മുഴുവൻ വെള്ളവും കുറഞ്ഞ ചെലവിൽ ഈ സംവിധാനത്തിൽ ശുദ്ധീകരിക്കാനാകും. ഇരിങ്ങാലക്കുട സോഷ്യൽ ആക്‌ഷൻ ഫോറം ജല അതോറിട്ടിയുടെ കൊച്ചി നെട്ടൂർ പരിശോധനാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മാഷിന്റെ ശുദ്ധീകരണ സംവിധാനത്തിന്റെ ഗുണനിലവാരം തെളിഞ്ഞതാണ്. വെള്ളത്തിലെ മാലിന്യം 19.5 ഉണ്ടായിരുന്നത് ശുദ്ധീകരണ ശേഷം അനുവദനീയമായ പരിധിയിലും താഴെയാണെന്ന് തെളിഞ്ഞു. അതുപോലെ ഇരുമ്പ്, കോളിഫോം എന്നിവയുടെ തോതും താഴെയാണ്. ട്രെഡ് മില്ല്, ബയോ ഗ്യാസ് പ്ലാന്റ് , വൈബ്രേറ്റർ, വ്യായാമത്തിൽ നിന്ന് വൈദ്യുതി, എഫ്.എം.റേഡിയോ തുടങ്ങിയ നിരവധി സാധനങ്ങളും സന്തോഷ്‌ മാസ്റ്റർ വികസിപ്പിച്ചു. ഏത് ഉൽപന്നങ്ങളും ചെലവ് പകുതിയിലധികം കുറച്ച് ഉണ്ടാക്കുകയാണ് ഇദ്ദേഹത്തിന്റെ ഹരം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ