ചെങ്ങഴിയുടെ വിത്ത്; ‌താണിക്കുടത്തെ ഒൗഷധപ്പഴം
July 16, 2017, 12:00 am
ഭാസി പാങ്ങിൽ
തൃശൂർ: ഒരേക്കറിൽ 250 ലേറെ ചെങ്ങഴിക്കോടൻ വാഴകൾ കുലച്ചുപഴുത്തപ്പോൾ, ഗിരീഷ് ആദ്യത്തെ പഴം നൽകിയത് തന്റെ വെച്ചൂർ പശുവായ തന്റെ 'നന്ദിനി'ക്കായിരുന്നു. പിന്നെ മനസുകൊണ്ട് സമർപ്പിച്ചത് മൺമറഞ്ഞ ചെങ്ങഴി നമ്പ്യാർമാർക്കും. വെച്ചൂർ പശുവിന്റെ ഒൗഷധസമ്പുഷ്ടമായ ചാണകവും ചെങ്ങഴിക്കോടൻ വാഴക്കന്നുമുണ്ടെങ്കിൽ നേന്ത്രവാഴക്കൃഷിയിൽ വിപ്ളവം സൃഷ്ടിക്കാം. അതെങ്ങനെ എന്ന് താണിക്കുടത്ത് ഒൗഷധപ്പഴം വിളയിക്കുന്ന ഗിരീഷ് പറയും: '' ആറടി അകലത്തിൽ കുഴിയെടുക്കണം. വാഴക്കന്ന് വയ്ക്കുന്നതിനുമുമ്പ് അടിവളമായി പച്ചിലയും കടലപ്പിണ്ണാക്കും ആട്ടിൻകാഷ്ഠവും ഇട്ടശേഷം ഇടകിളച്ച് ഒരുമാസം വെയിൽ കായാനിടണം. വാഴ നട്ടശേഷം ഒന്നിടവിട്ട ദിനങ്ങളിൽ നന പ്രധാനം. വാഴ കുലയ്ക്കുന്നതിനുമുമ്പ് മൂന്നു തവണയായി വെച്ചൂർ പശുവിന്റെ ചാണകവും മൂത്രവും ശർക്കരയും പയറുപൊടിയും ഒരുപിടി രാസവളം കലരാത്ത മണ്ണും ചേർത്തുണ്ടാക്കുന്ന ജൈവമിശ്രിതം 'ജീവാമൃതം' വളമായി ഇടണം. വാഴ കുലച്ചു മൂന്നാഴ്ചയാകുമ്പോൾ ചാക്കും വാഴയിലച്ചപ്പും ഉപയോഗിച്ചു കുല മൂടിയാൽ കിളി കൊത്തില്ല. ചെങ്ങഴിക്കോടന്റെ ഗുണവും സ്വർണനിറവും കൂടും. പിണ്ടിതുരപ്പൻ പുഴുവിനെപ്പോലുള്ള കീടങ്ങളെ പ്രതിരോധിക്കാനായി രാസവസ്തുക്കൾക്കു പകരം വാഴത്തണ്ടിൽ മണ്ണുകുഴച്ചു പൊതിഞ്ഞാൽ മതി.'' ഒരു വാഴക്കുലയ്ക്ക് ശരാശരി 14 കിലോ തൂക്കമുണ്ടാകും. ജൈവക്കൃഷിയായതിനാൽ സാധാരണ വാഴക്കുലയേക്കാൾ പണം കിട്ടും. ജൈവകൃഷി പ്രചാരകനായ സുഭാഷ് പലേക്കറിന്റെ കൃഷിപാഠങ്ങൾ കേട്ടറിഞ്ഞാണ് ബിരുദധാരിയായ ഗിരീഷും ആ വഴിയെ പോയത്. അങ്ങനെയാണ്, രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ നേന്ത്രവാഴ കുലയ്ക്കില്ല എന്നു വിശ്വസിക്കുന്നവർക്കിടയിൽ, 250 ലേറെ ചെങ്ങഴിക്കോടൻ വാഴക്കുലകൾ ജൈവകൃഷിയിലൂടെ വിളയിച്ചത്. താണിക്കുടത്ത് ആറ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മണ്ണുത്തി തൃപ്പാക്കൽ ഗിരീഷിന്റെ കൃഷിയിടത്തിൽ റബറും തെങ്ങും കപ്പയുമുണ്ട്. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു മക്കളും കൃഷിയിടത്തിൽ ഗിരീഷിനൊപ്പമുണ്ട്; എപ്പോഴും.

 മുറജപത്തിനായെത്തിയ കാഴ്ചക്കുലകൾ

പഴയകൊച്ചി രാജ്യത്തിലെ രാജവംശമായ തലപ്പിള്ളിയിലെ നാടുവാഴികൾ ചെങ്ങഴി നമ്പ്യാരായിരുന്നു. അവരുടെ ആസ്ഥാനം ചെങ്ങഴിക്കോട് എന്നറിയപ്പെട്ടു. ഈ പ്രദേശം തൃശൂർ തലപ്പള്ളി താലൂക്കിലാണുള്ളത്. കാർഷിക സമ്പുഷ്ടവും ജൈവവൈവിദ്ധ്യവും ചേർന്നതാണ് ഈ ഭൂപ്രദേശം. അന്നത്തെ തിരുവിതാംകൂറിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് മുറജപത്തിനായി കാഴ്ചക്കുലകൾ ചെങ്ങഴിക്കോട്ടുനിന്ന് കൊണ്ടുപോയിരുന്നതായും ചരിത്രമുണ്ട്. ഇതിനുള്ള നേന്ത്രവാഴകൾ ഇവിടെ മാത്രം ഉള്ളവയായിരുന്നു. ര​ണ്ടു​വർ​ഷം മു​മ്പ് കേ​ന്ദ്ര​സർ​ക്കാ​രി​ന്റെ ഭൗ​മ​സൂ​ചിക പ​ട്ടി​ക​യിൽ ഇ​ടം നേ​ടിയ ചെ​ങ്ങ​ഴി​ക്കോ​ട​നെ, ചെ​ങ്ങാ​ലി​ക്കോ​ട​നെ​ന്നും വി​ളി​ക്കാ​റു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ