എം.ഡിയില്ല: പട്ടിക വിഭാഗ വികസന കോർപ്പറേഷൻ താളം തെറ്റുന്നു
July 16, 2017, 12:43 am
കൃഷ്ണകുമാർ ആമലത്ത്
തൃശൂർ: ഒരു വർഷമായി മാനേജിംഗ് ഡയറക്ടറില്ലാതെ സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ വികസന കോർപറേഷന്റെ പ്രവ‌ർത്തനം അവതാളത്തിലായി. പട്ടിക വിഭാഗക്കാർക്ക് വിവാഹ, വിദ്യാഭ്യാസ,തൊഴിൽ വായ്പകൾ ഉൾപ്പെടെ നൽകുന്നതിൽ മാത്രമല്ല, കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ നേടിയെടുക്കുന്നതിലും ഇത് കാലതാമസം സൃഷ്ടിക്കുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നിലവിലിരുന്ന എം.ഡി. ടി.ആർ. രഞ്ജു രാജിവച്ചു. ഈ ഒഴിവിലേക്ക് സ്ഥിരം എം.ഡിയെ നിയമിക്കുന്നതിന് പകരം പട്ടികജാതി വകുപ്പ് ഡയറക്ടർ അലി അസ്ഹർ പാഷയ്ക്ക് അധികച്ചുമതല നൽകുകയായിരുന്നു.
എന്നാൽ ,ആഴ്ചയിൽ ഒരു ദിവസം മാത്രമേ ഇദ്ദേഹം ഓഫീസിലെത്തുന്നുള്ളൂ.
സ്ഥിരം എം.ഡി ഇല്ലാത്തതിനാൽ കോർപ്പറേഷന്റെ സേവനം താഴേത്തട്ടിലേക്ക് എത്തുന്നില്ലെന്നാണ് ആക്ഷേപം. 51 ശതമാനം സംസ്ഥാന സർക്കാരും 49 ശതമാനം കേന്ദ്ര സർക്കാരും നൽകുന്ന വിഹിതം കൊണ്ടാണ് കോർപ്പറേഷന്റെ പ്രവർത്തനം. അനുവദിക്കുന്ന ഫണ്ടിന്റെ പകുതി മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്നും ആക്ഷേപവുമുണ്ട്.
ഓരോ വർഷവും 20 കോടിയോളം രൂപ വിവാഹ, വിദ്യാഭ്യാസ, സ്വയം തൊഴിൽ വായ്പകളായി കോർപ്പറേഷൻ നൽകുന്നുണ്ട്. ഇതിലേക്ക് സംസ്ഥാന വിഹിതം കൃത്യമായി ലഭിക്കുന്നില്ല. കേന്ദ്ര സർക്കാർ അനുവദിച്ച തുക മാത്രമാണ് ഈ വർഷം ലഭിച്ചത്. തുടർവിദ്യാഭ്യാസ സഹായം ആവശ്യ സമയത്ത് ലഭിക്കുന്നുമില്ല. ലക്ഷങ്ങൾ ചെലവഴിച്ച് കമ്പ്യൂട്ടർവത്കരണം ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. ഇതിനാൽ ദിനവും കൈകാര്യം ചെയ്യേണ്ട ഫയലുകളുടെ എണ്ണം ഏറെയാണ്. വായ്പകളുടെ കാലതാമസത്തിന് ഇതും കാരണമാണ്.

വെബ്‌സൈറ്റ്
അപ്‌ഡേഷനില്ല
കോർപ്പറേഷന്റെ വെബ് സൈറ്റ് അപ്‌ഡേറ്റ് ചെയ്തിട്ട് നാളുകളേറെയായി. വായ്പയുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന വിജിലൻസിന്റെ ഉത്തരവും നടപ്പിലാകുന്നില്ല.
വിവാഹ വായ്പ രണ്ട് ലക്ഷം രൂപവരെയാണ്. നാട്ടിൻപുറത്തുള്ളവർ ഇതേക്കുറിച്ച് ബോധവാന്മാരല്ല. നഗരപ്രദേശത്തുള്ള സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരാണ് കൂടുതലും വായ്പയെടുക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും തസ്തിക നിർണയവും നടത്തിയിട്ടില്ല. കോർപറേഷനു കീഴിൽ 12 ജില്ലാ ഓഫീസുകളും രണ്ട് സബ് സെന്ററുകളുമുണ്ട്. പലയിടത്തും ആവശ്യത്തിന് ജീവനക്കാരില്ല. ബോർഡ് ആസ്ഥാനത്ത് ഉൾപ്പെടെ ആകെ 170 തോളം ജീവനക്കാരേയുള്ളൂ.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ