പൊലീസ് സേനയിലെരേഖാചിത്രങ്ങളിലെ ആറിലൊരാൾ
August 13, 2017, 3:45 pm
ഇ.പി. രാജീവ്

മാള: ദൃക്‌സാക്ഷികളിൽ നിന്ന് കേട്ടറിഞ്ഞ വിവരപ്രകാരം രേഖാചിത്രങ്ങൾ തയ്യാറാക്കി കുറ്റാന്വേഷണ രംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയാണ് രാജേശ്വരൻ എന്ന സിവിൽ പൊലീസ് ഓഫീസർ. പ്രതിയുടെ രൂപവും ഭാവവും കേട്ടറിഞ്ഞ് രാജേശ്വരൻ തയ്യാറാക്കിയ ചിത്രങ്ങൾ നിരവധി കേസുകളിൽ പൊലീസിനെ കുറ്റവാളിയിലേക്കെത്തിച്ചു. ഇത്തരത്തിൽ രേഖാചിത്രങ്ങൾ വരയ്ക്കുന്ന സേനയിലെ തന്നെ ആറ് പേരിൽ ഒരാളാണ് മാളയ്ക്കടുത്ത് പൂപ്പത്തി സ്വദേശിയായ ആനാമ്പലത്ത് ദാമോദരന്റെ മകൻ രാജേശ്വരൻ. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ നിരവധി കേസുകളിൽ രാജേശ്വരന്റെ രേഖാചിത്രം നിർണ്ണായകമായി. 2012 ൽ ഇരിങ്ങാലക്കുടയിലെ ലോഡ്ജിൽ ഐ.എസ്.ആർ.ഒ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം അതിൽ പ്രധാനമാണ്.

പൊലീസ് സേനയിൽ ചേർന്ന ശേഷം കേസിൽ പ്രതിയെ പിടികൂടാൻ തയ്യാറാക്കിയ ആദ്യ രേഖാചിത്രവും ഇതായിരുന്നു. തൃശൂർ പൂരത്തിന്റെ പൊലീസ് പവലിയന്റെ രൂപകൽപ്പനയും സ്റ്റേഷനുകളുമായി ബന്ധപ്പെട്ട ഭൂപടങ്ങളും രൂപരേഖയും തയ്യാറാക്കുന്നതും അദ്ദേഹമാണ്. ഇപ്പോൾ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ സിവിൽ പൊലീസ് ഓഫീസറാണ്. 2003 ൽ പൊലീസ് സേനയിൽ എത്തിയ രാജേശ്വരൻ പരിശീലനകാലത്ത് തന്നെ ചിത്രകാരനെന്ന് തെളിയിച്ചു. സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ ചിത്ര രചനയിൽ മികവ് പ്രകടിപ്പിച്ചു. 2004 ൽ പാലക്കാട് എ.ആർ ക്യാമ്പിൽ ആദ്യ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. യേശുദാസ്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രിമാരായിരുന്ന കൊടിയേരി, തിരുവഞ്ചൂർ, ഡി.ജി.പി രമൺ ശ്രീവാസ്തവ, ആർട്ടിസ്റ്റ് നമ്പൂതിരി, ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി തുടങ്ങി പ്രമുഖരുടെ ചിത്രങ്ങൾ വരച്ച് സമർപ്പിച്ചിട്ടുണ്ട്.

രേഖാചിത്രം നിർണ്ണായകമായത് ഈ കേസുകളിൽ

തൃശൂരിൽ നാടോടി ബാലനെ തട്ടിക്കൊണ്ടുപോയ കേസ്
മതിലകം പെരിഞ്ഞനം നവാസ് വധം
ചാലക്കുടിയിലെ ലോഡ്ജ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവം
വടക്കാഞ്ചേരിയിൽ ഗർഭിണിയെ വാഹനം തടഞ്ഞുനിറുത്തി ആഭരണം കവർന്ന കേസ്
അടുത്തിടെ ചാലക്കുടിയിൽ നാടോടി സ്ത്രീകൾ ആഭരണങ്ങളും പണവും കവർന്ന സംഭവം 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ