ജുവലറി തുരന്ന് നാലേമുക്കാൽ കിലോ സ്വർണാഭരണം കവർന്നു
September 10, 2017, 12:21 am
തൃശൂർ: ജുവലറിയുടെ ഭിത്തി തുരന്ന് അകത്തുകയറിയ മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തറയുടെ അടിയിലുള്ള ലോക്കർ പൊളിച്ച് നാലേമുക്കാൽ കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്നു. 1.30 കോടിയിലേറെ രൂപ വിലവരുന്ന ആഭരണങ്ങളാണ് ഒല്ലൂർ സെന്ററിലെ ആത്മിക ജുവലറിയിൽ നിന്നു വെള്ളിയാഴ്ച രാത്രി കവർന്നത്. ലോക്കർ പൊളിക്കാനുപയോഗിച്ച ഗ്യാസ് കട്ടറും ഗ്യാസ് കുറ്റിയും സ്ക്രൂ ഡ്രൈവറും ജുവലറിക്കു പിന്നിലെ ഓട്ടുകമ്പനിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ 9ന് ഉടമ ചിയ്യാരം മുടപ്പിലാവ് പേരാത്ത് സ്വദേശി രഘുനാഥ് കടതുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. കടയുടെ പിന്നിലെ ഭിത്തി തുരന്ന ശേഷം മരം കൊണ്ടുള്ള ഒരു വാതിലിന്റെയും മറ്റ് മൂന്ന് ഇരുമ്പുവാതിലുകളുടെയും പൂട്ട് പൊളിച്ചാണ് കവർച്ചക്കാർ അകത്തുകടന്നത്. ജുവലറിക്കുള്ളിൽ രണ്ട് സി.സി ടിവി കാമറ ഉണ്ടായിരുന്നു. ഇതിന്റെ കണക്‌ഷൻ ടോർച്ചുമായി വന്ന് ഒരാൾ നീക്കം ചെയ്യുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇയാളുടെ മുഖം കറുത്ത തുണി കൊണ്ട് മറച്ച നിലയിലാണ്. അലാറത്തിന്റെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
ജുവലറിയുടെ മുൻഭാഗത്തെ രണ്ടു കാമറകൾ കേടു വരുത്തിയിട്ടില്ല. ഈ കാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ മറ്റു സി.സി ടിവി കാമറകളും പരിശോധിക്കും. 12 ഇഞ്ച് കനത്തിൽ വാർത്ത ലോക്കറിന് നാലടി താഴ്ചയും 24 ഇഞ്ച് വ്യാസവുമുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർക്കാനാവില്ലെന്ന് കമ്പനി അവകാശപ്പെടുന്ന ലോക്കറാണിത്. മുകൾഭാഗത്തെ ഉരുക്ക് വാതിൽ റാഡ് ഇട്ടാൽ മാത്രമേ തുറക്കാനാവൂ. അവിടം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഒരാൾക്ക് ഇറങ്ങാവുന്ന പാകത്തിൽ മുറിച്ച് നീക്കിയാണ് സ്വർണം കവർന്നത്.

പ്രൊഫഷണൽ കവർച്ചാസംഘം
വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ജുവലറി പൂട്ടുമ്പോൾ എല്ലാ സ്വർണാഭരണങ്ങളും ട്രേകളിൽ അടുക്കി ലോക്കറിലാക്കിയിരുന്നു. ഇവിടെ സെക്യൂരിറ്റി ജീവനക്കാരില്ല. രാത്രി ഇവിടെ നിന്നു മറ്റും ശബ്ദങ്ങളൊന്നും കേട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. ജില്ലയിൽ അടുത്തിടെയുണ്ടായ വലിയ സ്വർണക്കവർച്ചകളിൽ ഒന്നാണിത്. ഏറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയ്ക്ക് അരികിലാണ് ജുവലറി. വ്യക്തമായ ആസൂത്രണത്തോടെ പ്രൊഫഷണൽ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. തൃശൂർ എ.സി.പി പി. വാഹിദ്, സി.ഐമാരായ സജീവ്, സേതു എന്നിവരുൾപ്പെടുന്ന സംഘം സ്ഥലത്തെത്തി. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

 12 വർഷം മുമ്പും കവർച്ച

2005 ലും ഈ ജുവലറിയിൽ കവർച്ച നടന്നിരുന്നു. 1.600 കിലോഗ്രാം സ്വർണമാണ് അന്ന്‌ നഷ്ടപ്പെട്ടത്. ഇൻഷ്വറൻസിന്റെ തീയതി കഴിഞ്ഞതിനാൽ നഷ്ടപരിഹാരം കിട്ടിയില്ല. സ്വർണം കണ്ടെടുക്കാനും കഴിഞ്ഞില്ല. അന്ന് ജുവലറിയുടെ മുകളിലെ നിലയിലായിരുന്നു ലോക്കർ സ്ഥാപിച്ചിരുന്നത്. അന്നത്തെ കവർച്ചയ്ക്കുശേഷമാണ് താഴത്തെ നിലയിൽ തറയുടെ അടിയിൽ ലോക്കർ സ്ഥാപിച്ചത്. 20 വർഷമായി രഘുനാഥ് ഈ ജുവലറി നടത്തുന്നു. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ