ഇത് 'കർഷകമൈത്രി' പൊലീസ്
October 11, 2017, 12:41 pm
ഇ.പി രാജീവ്
മാള: പൊലീസുകാർക്കെന്താ ഈ കൃഷിയിടത്തിൽ കാര്യം ?. ചോദ്യം സോമനോടാണെങ്കിൽ കൈക്കോട്ടു പിടിച്ച കൈത്തഴമ്പ് കാട്ടിയാകും മറുപടി. പൊലീസ് സേനയിലെ സേവനം മൂന്നുവർഷം ബാക്കിനിൽക്കേ കൃഷിയിടത്തിലേക്ക് ഇറങ്ങിയതാണ് മാള പഞ്ചായത്തിലെ കുരുവിലശ്ശേരി സ്വദേശി സി. സോമൻ. സർവീസിൽ നിന്ന് പോരുമ്പോൾ രഹസ്യാന്വേഷണ വിഭാഗം എസ്.ഐയായിരുന്നു. നീണ്ട മുപ്പത് വർഷത്തെ പൊലീസ് ജോലി ഉപേക്ഷിച്ചാണ് ചേറിലേക്കും ചെളിയിലേക്കും ഇറങ്ങിയത്.
സ്വന്തമായി മാത്രം കൃഷി ചെയ്യാമെന്ന് കരുതി ജോലി ഉപേക്ഷിച്ച് വന്നപ്പോൾ സമാനഹൃദയരായ സുഹൃത്തുക്കളെ കണ്ടെത്തി. പിന്നെ വാണിജ്യാടിസ്ഥാനത്തിലായി കൃഷി. സുഹൃത്തുക്കളായ പതിമൂന്ന് പേരെ കൂടി ചേർത്ത് തണൽ അക്ഷയശ്രീ പുരുഷ സ്വയം സഹായ സംഘം രൂപീകരിച്ച് പച്ചക്കറി കൃഷിയിലൂടെയാണ് തുടക്കം. മുൻ പൊലീസ് സൂപ്രണ്ടായ അതിയാരത്ത് എ.ആർ. രാമചന്ദ്രന്റെ രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കപ്പ, പയർ, വിവിധ ഇനം വാഴകൾ, വെണ്ട, ഇഞ്ചി, മഞ്ഞൾ, മത്തൻ, കുമ്പളം, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തത്. ഇനി പത്തേക്കർ പാടം പാട്ടത്തിനെടുത്ത് നെൽക്കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് സോമനും സംഘവും. മാള പഞ്ചായത്തിലെ കർഷകശ്രീ അവാർഡ് നേടിയ എം.കെ. വേലായുധനും വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് ഭാരവാഹിയായ എം. മോഹനനും കാർഷിക കൂട്ടായ്മയിലെ അംഗങ്ങളാണ്. ഗ്രാമീണ സാമൂഹിക സേവനങ്ങളും കാർഷിക ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവും സമീപ ഭാവിയിൽ ഈ സംഘം ലക്ഷ്യമിടുന്നു.

.......
കൃഷിയുടെ എല്ലാ പണികളും കൂട്ടായ്മയിലെ പതിനാല് പേരാണ് ചെയ്യുന്നത്. എല്ലാ പണികളും സ്വന്തമായി ചെയ്യുന്നതിനാൽ കൂലിയായി യാതൊന്നും ചെലവാകുന്നില്ല. കായിക ശേഷി കൂടി നിർവഹിക്കുന്നതിനാൽ മാനസിക ആരോഗ്യത്തിനൊപ്പം ശാരീരിക ആരോഗ്യവും സംരക്ഷിക്കാനാകുന്നു. ഇനി ഓരോ മാസവും കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തി കൃഷി വ്യാപിപ്പിക്കണം.

സോമൻ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ