'നൃത്തം എന്റെ പ്രാർത്ഥന, വൈദ്യം കർമ്മം
January 6, 2018, 12:36 am
ഭാസി പാങ്ങിൽ
തൃശൂർ: ഓരോ കലോത്സവവും കണ്ണെഴുതി പൊട്ടും തൊട്ട് കൊലുസണിഞ്ഞ് വരുമ്പോൾ ചിലങ്ക കെട്ടി ആടുന്നത് സ്വപ്നം കണ്ടുപോകും, കണ്ണൂർ ജില്ലാ ആശുപത്രിയിലെ അസി. സർജൻ ഡോ. രഞ്ജിമ എൻ. മോഹൻ.1998 ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാമതെത്തിയിട്ടും കലാതിലകം കൈവിട്ടുപോയ താരം. 2000 ലെ വി.എച്ച്.എസ്.ഇ സംസ്ഥാന കലാതിലകം. കാലടി ശ്രീശങ്കര സർവകലാശാലയുടെ യുവനർത്തകി പുരസ്കാരത്തിനുടമ. 2004ൽ ഇന്റർമെഡിക്കോസ് ഫെസ്റ്റിൽ കലാതിലകം... ഡോ. രഞ്ജിമയ്ക്ക് അങ്ങനെ വിശേഷണങ്ങളേറെയുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടക്കുമ്പോൾ, മനസു മുഴുവൻ ഇവിടെയാണ്. പക്ഷേ, ജോലിത്തിരക്ക് കാരണം എത്തില്ല. നൃത്തവേദികളിൽ മിന്നും പ്രകടനങ്ങളായിരുന്നു രഞ്ജിമയുടേത്. യു.പി - ഹൈസ്കൂൾ പഠനകാലത്ത് ഉപജില്ല, ജില്ലാതലങ്ങളിൽ കലാതിലകപ്പട്ടത്തിന് രഞ്ജിമയ്ക്ക് എതിരാളികളുണ്ടായില്ല.

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ പുസ്തകങ്ങളോടൊപ്പം ചിലങ്കയും നൃത്താഭരണങ്ങളുമായിരുന്നു കൂട്ട്. നിത്യചൈതന്യ യതിയുടെ ഗുരുകുലത്തിലെ സന്ദർശകയായിരുന്ന രഞ്ജിമയെ ശ്രീനാരായണഗുരുദേവന്റെയും മുനിനാരായണപ്രസാദിന്റെയും രചനകളും ഏറെ സ്വാധീനിച്ചു. അടൂരിൽ നടന്ന വി.എച്ച്.എസ്.ഇ കലോത്സവത്തിൽ കലാതിലകമായതും ഗുരുദേവന്റെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിക്കാനാണ് രഞ്ജിമയ്ക്ക് ഇഷ്ടം. അടൂരിൽ കലോത്സവം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് നൃത്തത്തിനുള്ള ആടയാഭരണങ്ങളും വസ്ത്രങ്ങളും എടുക്കാൻ മറന്നുപോയ കാര്യം അറിയുന്നത്. ആറ്റുനോറ്റ് കാത്തിരുന്ന മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കരുതിനിൽക്കുമ്പോൾ, എവിടെ നിന്നോ ആരോ വേഷവിധാനങ്ങളുമായി വരുന്നു!
ആ വേഷവിധാനങ്ങളുമായി അരങ്ങേറി; പുലർച്ചെ വരെ മത്സരം നീണ്ടു. കലാതിലകമായി. വിജയം ആഘോഷിച്ച് മധുരം വിതരണം ചെയ്യുന്ന രഞ്ജിമയെ സ്വപ്നം കണ്ട അമ്മയുടെ സ്വപ്നം സഫലമായി. ആർ.എൽ.വി ആനന്ദിന്റെ ശിഷ്യയായിരുന്ന രഞ്ജിമ ചൊവ്വന്നൂർ നീണ്ടൂർ മോഹനന്റെ മകളാണ്. മറൈൻ എൻജിനിയറായ ഭർത്താവ് ദീപക്കും മകൾ തന്മയയും ഡോ. രഞ്ജിമയുടെ നൃത്താഭിനിവേശം പങ്കിടുന്നു. കാരണമില്ലാത്ത ഒരു പാട് രോഗങ്ങളുടെ കാരണം മാനസിക സംഘർഷങ്ങളാണെന്ന് ആധുനിക വൈദ്യശാസ്ത്രം തന്നെ അടിവരയിടുമ്പോൾ, ഡാൻസ് തെറാപ്പി എങ്ങനെ ഇതിനൊരു പ്രതിവിധിയാക്കാം എന്ന ചിന്തയുമുണ്ട് ഡോ. രഞ്ജിമയ്ക്ക്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ