കൈവിട്ട ഭാഗ്യം, കണ്ണീരോർമ്മയുടെ നാല്പതാണ്ട്
January 6, 2018, 12:35 am
പ്രഭുവാര്യർ
തൃശൂർ: ജില്ലയിൽ ഒന്നാമനായിട്ടും സംസ്ഥാനതലത്തിൽ മത്സരിക്കാനാകാതെ വേദിക്ക് മുന്നിൽ കണ്ണീരൊലിപ്പിച്ച് നിന്ന ഒമ്പതാം ക്‌ളാസുകാരന്റെ സങ്കടം 40 വർഷം കഴിഞ്ഞെങ്കിലും അബ്ദുൾ റസാക്കിനെ വിട്ടൊഴിയുന്നില്ല. പൂരനഗരിയിൽ സ്‌കൂൾ കലോത്സവം വീണ്ടുമെത്തുമ്പോൾ റസാക്കിന്റെ ദുഃഖം ഇരട്ടിക്കുകയാണ്.
1978ലെ തൃശൂർ ജില്ലാ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം വിവേകോദയം ബോയ്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന റസാക്കിനായിരുന്നു . ആ വർഷം സംസ്ഥാന കലോത്സവത്തിന് വേദിയായതും തൃശൂരാണ്.
സ്വന്തം നാട്ടിലെ കലോത്സവത്തിൽ മത്സരിക്കുന്നതിൽ ത്രില്ലടിച്ചിരുന്ന റസാക്കിന് ഒരബദ്ധം പറ്റി. എൻ.സി.സിയിൽ സജീവമായിരുന്നതിനാൽ സ്‌കൂൾ കലോത്സവ ടീമിന്റെ വോളന്റിയർ ക്യാപ്ടനായിരുന്നു റസാക്ക്. സംഘാംഗങ്ങളുടെ എല്ലാ കാര്യങ്ങൾക്കും മുൻനിരയിലുണ്ടാകണം. നഗരത്തിലെ കൊക്കാലെ മമ്മത്രായി ഇല്ലം വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ വേദിയുടെ അടുത്തേക്ക്.
വോളന്റിയർ ജോലിക്കിടയിൽ മത്സരം തുടങ്ങുന്നതിന് മുമ്പ് വേദിക്ക് പിറകിലെത്തിയാൽ മതിയെന്ന ധാരണയിൽ ചെന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു. മത്സരം തുടങ്ങുന്നതിന് മുമ്പ് മോഡൽ ബോയ്‌സിലെത്തി രജിസ്റ്റർ ചെയ്താലേ മത്സരിക്കാനാകൂ. ഓടിക്കിതച്ച് ബോയ്‌സ് സ്‌കൂളിലെത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മത്സരിക്കേണ്ട ഇനം വേദിക്ക് മുന്നിലിരുന്ന് കണ്ണീരോടെ റസാക്ക് കണ്ടു.
അറിവില്ലായ്മ കൊണ്ട് കൈവിട്ട ഭാഗ്യം നേടിയെടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. പ്രസംഗം, മിമിക്രി, നാടകം എന്നിവയിലും സ്‌കൂൾ തലത്തിൽ റസാക്കിനായിരുന്നു ഒന്നാംസ്ഥാനം. നാലുവർഷം ബെസ്റ്റ് ആക്ടർ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഇന്റർ യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ പിന്നീട് ബെസ്റ്റ് ആക്ടറായി. അഭിനയത്തിൽ സജീവമായപ്പോഴേക്കും കൈവിടാതിരുന്ന മിമിക്രി കലാഭവനിലേക്കുള്ള വാതിൽ തുറന്നു. ജയറാം കലാഭവൻ വിട്ടപ്പോൾ റസാക്ക് അവിടെയെത്തി. ജയറാമായിരുന്നു കലാഭവനിലേക്ക് ക്ഷണിച്ചത്. ഒട്ടേറെ മത്സരങ്ങളും പ്രോഗ്രാമുകളുമായി പിന്നീട് ഒരുപാട് വേദികൾ. ഇതിനിടയിൽ എന്നെന്നും കണ്ണേട്ടൻ, മണിവത്തൂരിലെ ആയിരം ശിവരാത്രി തുടങ്ങിയ സിനിമകളിൽ ഫാസിലിന്റെ കൂടെ അസി. ഡയറക്ടറായി. ഇതിനു ശേഷം സീരിയലുകൾ സംവിധാനം ചെയ്തു. സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളൊരുക്കി ഈ മേഖലയിലും സജീവമായി. ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചു. ഭാര്യ: നാസിറ, മക്കൾ: റിസ്‌‌വാൻ, റെയ്‌ഹാൻ. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ