അങ്ങനെ ലളിതഗാനം പുല്ലാങ്കുഴലുമായി കൂട്ടായി
January 8, 2018, 12:21 am
കോവളം സതീഷ്‌കുമാർ
തൃശൂർ: ലളിതഗാന മത്സരം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ കൃഷ്ണപ്രിയയുടെ കാതുകളിലേക്ക് ഒഴുകിയെത്തിയത് പുല്ലാങ്കുഴലിന്റെ നാദസുഗന്ധം. ലളിതഗാന മത്സര വേദിയായ നന്ത്യാർവട്ടത്തിന് തൊട്ടപ്പുറത്താണ് ഓടക്കുഴൽ മത്സരം നടക്കുന്ന 'കുടമുല്ല'. കൃഷ്ണപ്രിയ മെല്ലെ ഓടക്കുഴൽ വിളികേട്ട ദിക്കിലേക്കു നടന്നു. കോഴിക്കോട് ഫാറൂഖ് വെനേറിനി ഹൈസ്കൂളിലെ കൃഷ്ണപ്രിയ മത്സരിച്ചത് ലളിതഗാനത്തിലാണെങ്കിലും ഓടക്കുഴൽ നാദത്തോട് വല്ലാത്തൊരിഷ്ടമാണ്.
കുടമുല്ലയിൽ നിറഞ്ഞുകവിഞ്ഞ് ആസ്വാദകർ. എത്തിനോക്കിയപ്പോൾ ഓടക്കുഴൽ വായിക്കുന്നത് ഒരു പെൺകുട്ടി. പെൺകുട്ടികൾ വിരളമായിട്ടേ പുല്ലാങ്കുഴൽ മത്സരത്തിൽ സംസ്ഥാനതലത്തിലെത്താറുള്ളൂ. ഓടക്കുഴലിലെ രാഗവിസ്താരം കഴിഞ്ഞുവന്ന പെൺകുട്ടിയെ കൃഷ്ണപ്രിയ പരിചയപ്പെട്ടു. എനിക്കിഷ്ടായി ഓടക്കുഴൽ നാദം. പേരെന്താണ്? കാസർകോട് ഹോസ്ദുർഗ് ഗേൾസ് ഹയർ സെക്കൻ‌ഡറി സ്കൂളിൽ നിന്ന്‌ എത്തിയ രേവതിയുമായി കൃഷ്ണപ്രിയ പെട്ടെന്ന് സൗഹൃദത്തിലായി. പുല്ലാങ്കുഴൽ പോലെ രേവതിക്ക് ലളിതഗാനങ്ങളും ഏറെയിഷ്ടമാണ്.
ഇരുവരും കൈകൾ ചേർത്തുപിടിച്ച് വേദിക്ക് പിന്നിലെ പച്ചപ്പിലേക്ക് നടന്നു. രേവതിക്ക് കൃഷ്ണപ്രിയയുടെ പാട്ട് കേൾക്കണം. കൃഷ്ണപ്രിയയ്ക്ക് ഓടക്കുഴൽ നാദം ഒന്നുകൂടി ആസ്വദിക്കണം. കൃഷ്ണപ്രിയ തുടങ്ങി.
'' നീലാംബരി നിരുപമ നാദമയൂഖം പോലെ
നിളയൊരു ഗാനം പാടി പ്രകൃതി തൻ നൂപുരം പോലെ...''
രാഗം ഹംസനാദം. രേവതി അതേരാഗത്തിൽ പുല്ലാങ്കുഴൽ വായിച്ചു. ഇനി വേറൊരു പാട്ടു പാടൂ, ഞാൻ വായിക്കാം- രേവതി പറഞ്ഞു.
''പാഴ്‌മുളം തണ്ടിൽ ആരോ പാടിയ
പല്ലവി കേട്ടൂ ഞാൻ...'' അതേ ഈണത്തിനൊപ്പിച്ച് രേവതി വീണ്ടും പുല്ലാങ്കുഴൽ വായിച്ചു. ഇതെല്ലാം ദൂരെ മാറി നിന്ന് കാണുകയാണ് രണ്ടു പേരുടെയും മാതാപിതാക്കൾ. 'എനിക്കാ പുല്ലാങ്കുഴലൊന്നു തരുമോ?' അതിനെന്താ... കൃഷ്ണ ഇപ്പോൾ എന്റെ കൂട്ടുകാരിയായില്ലേ. രേവതി തന്റെ പുല്ലാങ്കുഴൽ നൽകി. കൃഷ്ണപ്രിയ ഈണത്തിൽ ഓടക്കുഴൽ വായിക്കാൻ ശ്രമിക്കവേ രേവതിയുടെ ചുണ്ടിലൊരു ഗാനം.
''ഓടക്കുഴലേ ഓടക്കുഴലേ
ഓമനത്താമരക്കണ്ണന്റെ ചുംബന തൂമധു നുകർന്നവളേ
രാഗിണീ നീ അനുരാഗിണീ മറ്റൊരു
രാധയോ രുക്മിണിയോ''
വിലാസവും ഫോൺനമ്പരും കൈമാറി അവരിരുവരും കൂട്ടുകാരായി. കലോത്സവവേദികൾ ഇത്തരം സൗഹൃദപ്പിറപ്പുകളുടെ ഇടങ്ങൾ കൂടിയാണ്. മലപ്പുറം ചേലേമ്പ്രയിൽ ഗിരീഷിന്റെ മകളാണ് കൃഷ്ണപ്രിയ. കാഞ്ഞങ്ങാട് മഞ്ചീരയിൽ രാജഗോപാലിന്റെയും പ്രീതയുടെയും മകളാണ് രേവതി.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ