നാലു കിലോ കഞ്ചാവുമായി സൈനബയും കൂട്ടാളിയും പിടിയിൽ
January 13, 2018, 1:56 am
ചെറുതുരുത്തി: വള്ളത്തോൾ നഗറിലെ കൊച്ചിൻ പാലത്തിന് സമീപത്ത് നിന്നു നാല് കിലോ കഞ്ചാവുമായി കഞ്ചാവ് റാണി സൈനബയും കൂട്ടാളിയും പൊലീസ് പിടിയിൽ. ചാലക്കുടി ആളൂർ പാളയംകോട്ടുകാരൻ വീട്ടിൽ സൈനബ (48), മുള്ളൂർക്കര പത്മതീർത്ഥം വീട്ടിൽ സജിത്ത് (34) എന്നിവരാണ് പിടിയിലായത്. സൈനബ ഒറ്റയ്ക്ക് തമിഴ്‌നാട്ടിൽ നിന്നു കഞ്ചാവ് കൊണ്ടുവന്ന് വിറ്റുവരികയായിരുന്നു പതിവ്. കിലോയ്ക്ക് പരമാവധി 20,000 രൂപ നിരക്കിലായിരുന്നു വില്പന. ഇവർ പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്കും കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. മുള്ളൂർക്കര സ്വദേശിയായ സജിത്തിന്റെ പേരിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഹിൽ പാലസ്, തൃശൂർ ടൗൺ എക്സൈസ് സ്റ്റേഷൻ എന്നിവിടങ്ങളിലും കഞ്ചാവ് കേസുകളുണ്ട്. ഇതിൽ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ കേസിൽ കോടതി ഇയാളെ മൂന്ന് വർഷം തടവിനു ശിക്ഷിച്ചിരുന്നു.
തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിൽ നിന്നു ബസ് - ട്രെയിൻ മാർഗം ചെറുതുരുത്തിയിലെത്തിച്ച കഞ്ചാവ് കൊച്ചിൻ പാലം പരിസരത്തു വച്ച് കൈമാറുമ്പോഴാണ് ഇരുവരും പിടിയിലായത്. തൃശൂർ റൂറൽ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം കുന്നംകുളം ഡിവൈ.എസ്.പി വിശ്വംഭരൻ, റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോട്ടിക് സ്‌പെഷ്യൽ ഫോഴ്‌സ് അംഗങ്ങൾ, വടക്കാഞ്ചേരി സി.ഐ സുരേഷ്, ചെറുതുരുത്തി എസ്.ഐ പത്മരാജൻ, റൂറൽ ക്രൈംബ്രാഞ്ച് എസ്.ഐ എം.എ. മുഹമ്മദ് റാഫി, എസ്.സി.പി.ഒമാരായ ജയകൃഷ്ണൻ, ജോബ്, സി.പി.ഒ ലിജു ഇയ്യാനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. തൃശൂർ റൂറൽ വനിതാ സെൽ സി.ഐ പ്രസന്ന അമ്പുരാത്ത്, ചെറുതുരുത്തി എ.എസ്.ഐ ബിജു റിജേഷ്, ജാസ്മിൻ എന്നിവരും അന്വേഷണത്തിന് നേതൃത്വം വഹിച്ചു.

പെൺകുട്ടികളും ഉപഭോക്താക്കൾ

പെൺകുട്ടികളും ഇവരിൽ നിന്നു കഞ്ചാവ് വാങ്ങാറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് സൂക്ഷിച്ചു വയ്ക്കുന്നതിനായി ചെറുതുരുത്തി, പെരിന്തൽമണ്ണ, ആളൂർ, കോണത്തുകുന്ന്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ വീടുകളും ഉണ്ടത്രേ. മോടിയിൽ വേഷം ധരിച്ച് ബിഗ് ഷോപ്പറുകളിലാക്കി ട്രെയിൻ മാർഗമാണ് കഞ്ചാവെത്തിക്കുക. കഞ്ചാവ് ശേഖരിക്കാൻ തമിഴ്‌നാട്ടിൽ പോകുമ്പോൾ ബാഗിൽ മന്ത്രിച്ചു പൂജിച്ച കല്ലും കൊണ്ടു പോകാറുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ