ഈ യൂത്തിന് പോത്ത് ഒരു 'വിവാദ' ജീവിയല്ല
July 13, 2018, 7:35 am
ഭാസി പാങ്ങിൽ
തൃശൂർ: പോത്തിനെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്ത കണ്ണൂരിലെ യൂത്ത്  കോൺഗ്രസുകാരെ മറക്കാനിടയില്ല.  എന്നാൽ ആ ചീത്തപ്പേര് മാറ്റുകയാണ് കുറ്റൂർ മേഖലാ കമ്മിറ്റിയിലെ യൂത്തന്മാർ. നാട്ടിൽ നല്ലൊരു കാർഷിക സംസ്കാരമുണ്ടാവാൻ, വടംവലി മത്സരത്തിൽ  ഒന്നാം സ്ഥാനം നേടുന്നവർക്ക് ഇവർ നൽകുന്ന സമ്മാനമാണ് പോത്ത് !  ഒന്നാന്തരം പോത്തുകുട്ടനോടൊപ്പം 25,000 രൂപയും ട്രോഫിയും കൂടെപ്പോരും.

യൂത്ത് കോൺഗ്രസ് കുറ്റൂർ മേഖലാ കമ്മിറ്റിയാണ് സെപ്തംബർ 15 ന്  സംസ്ഥാനതല വടംവലി മത്സരം നടത്തുന്നത്.  രണ്ടാംസ്ഥാനക്കാർക്ക്   ആടിനെ സമ്മാനിക്കും, കൂടെ 20,000 രൂപയും. മൂന്നാമതെത്തുന്നവർക്ക് പൂവൻകോഴിയും 15,000 രൂപയും. ആട്ടോർ സെന്ററിലെ മൈതാനത്ത് ഫ്ളഡ് ലൈറ്റിൽ രാത്രി ഏഴിന് മത്സരം തുടങ്ങും, പുലർച്ചെ തീരും. പിറ്റേന്ന്  ഫലപ്രഖ്യാപനവും സമ്മാനദാനവും നടക്കും. ജില്ലാ ടഗ് ഒഫ് വാർ അസോസിയേഷന്റെ നിയമപ്രകാരമാണ് മത്സരം.   സ്പോൺസർമാരിൽ നിന്നാണ് ഫണ്ട് ശേഖരണം.    അന്ന് വെട്ടി, വെട്ടിലായി കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെ കഴിഞ്ഞവർഷം മേയിൽ, കണ്ണൂർ നഗരത്തിൽ പരസ്യമായി പോത്തിനെ അറുത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടിലായിരുന്നു.  കശാപ്പിനെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ ഉത്തരവു പ്രകാരം കേസെടുക്കുകയും ചെയ്തു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതോടെ സംഭവം ദേശീയതലത്തിൽ വിവാദമായി. യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കം നാലുപേരെ പാർട്ടി സസ്‌പെൻഡ് ചെയ്തു.  എട്ടു പേർ അറസ്റ്റിലായി.

'ആദ്യമായാണ് ഇങ്ങനെയാരു മത്സരം നടത്തുന്നത്.  ജില്ലയിൽ മരിച്ച മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളുടെ സ്മരണയ്ക്കായാണ് മൂന്ന് ട്രോഫികൾ.   - ജോമോൻ ആട്ടോർ, യൂത്ത് കോൺഗ്രസ് ആലത്തൂർ മണ്ഡലം ജനറൽസെക്രട്ടറി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ