മനക്കൊടി വളവിൽ ബസിടിച്ച് വ്യാപാരി മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിച്ചു
July 13, 2018, 1:16 am
കാഞ്ഞാണി : തൃശൂർ-കാഞ്ഞാണി സംസ്ഥാന പാതയിലെ മനക്കൊടി വളവിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികനായ വ്യാപാരി മരിച്ചതിനെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തരയോടെ ജംഗ്ഷനു സമീപം ഗുഡ്‌ ഡേ‌ ബേക്കറി നടത്തിവരുന്ന ചാലിശേരി ദേവസിയുടെ മകൻ പീറ്ററാണ് (58) മരിച്ചത്.
തൃശൂരിൽ നിന്ന് ചെന്ത്രാപ്പിന്നിയിലേക്ക് പോവുകയായിരുന്ന 'ബട്ടർ ഫ്ലൈ' എന്ന സ്വകാര്യബസ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. രാവിലെ കടയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു പീറ്റർ. സംഭവം നടന്ന ഉടൻ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. വ്യാപാരി മരിച്ചത് റോഡിന്റെ ശോചനീയാവസ്ഥ മൂലമാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി. സമരം നീണ്ടതോടെ വാഹനങ്ങളുടെ നിര മൂന്നു കിലോമീറ്റർ അകലെ വരെ നീണ്ടു. പ്രതിഷേധം ശക്തമായതോടെയാണ് കൂടുതൽ പൊലീസുകാരെത്തിയത്. ബി.ജെ.പിയും ജനകീയ സമരസമിതിയും റോഡ് ഉപരോധിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, സി.ഐ മനോജ്, എസ്.ഐ എസ്.ആർ. സനീഷ് എന്നിവർ സമരക്കാരുമായി നടത്തിയ ചർച്ചയിൽ ജില്ലാ കളക്ടർ സ്ഥലത്തെത്തി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് ഉറപ്പ് നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം എ.ഡി.എം സി. ലതികയും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയറും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കാമെന്ന ഉറപ്പിലാണ് ബി.ജെ.പി ഉൾപ്പെടെയുള്ളവർ സമരം നിറുത്തിയത്.
ഉച്ചയോടെ സ്വകാര്യ ബസുകൾ ഓടിയെങ്കിലും ബി.എം.എസ് തൊഴിലാളികൾ ബസ് തടഞ്ഞതോടെ വീണ്ടും ഗതാഗതം സ്തംഭിച്ചു. പൊലീസ് സമരക്കാരുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് റോഡ് പണി ആരംഭിച്ചതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മേഖലയിൽ പത്ത് അപകട മരണങ്ങളാണ് നടന്നതെന്ന് നാട്ടുകാർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ