ശിവഗിരി തീർത്ഥാടനവും മുഖ്യമന്ത്രിയുടെ പ്രസംഗവും
January 3, 2017, 9:47 am
ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം സശ്രദ്ധം ശ്രദ്ധിച്ച ഒരു തീർത്ഥാടകനാണ് ഞാൻ. ഗുരുദേവനെയും ശിവഗിരിയെയും നവോത്ഥാനത്തെക്കുറിച്ചുമൊക്കെ പല നേതാക്കളും ഉന്നതന്മാരും അങ്ങുമിങ്ങും തൊടാതെ നീണ്ട പ്രസംഗങ്ങൾ തട്ടിവിടാറുണ്ട്. എന്താണ് പറഞ്ഞതെന്ന് പറഞ്ഞവർക്കോ കേട്ടവർക്കോ ഒരുപിടിയും കിട്ടില്ല. അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു മുഖ്യമന്ത്രിയുടേത്. ആലങ്കാരിക ഭാഷകൊണ്ട് കസർത്തുനടത്താനൊന്നും അദ്ദേഹം ശ്രമിച്ചില്ല. കൈയടി നേടുകയെന്ന ലക്ഷ്യത്തോടെയുമായിരുന്നില്ല ആ പ്രസംഗമെന്ന് ആദ്യവസാനം കേട്ടിരുന്ന ആയിരങ്ങൾക്ക് വ്യക്തമായി. ഗുരുദേവ സന്ദേശങ്ങളെക്കുറിച്ച് ഇത്രയും അഗാധമായ അറിവും വായനയും പിണറായിക്കുണ്ടായിരുന്നുവെന്ന് ആ പ്രസംഗം കേൾക്കുന്നതുവരെ അറിയാമായിരുന്നില്ലെന്നതാണ് സത്യം.

ശ്രീനാരായണഗുരു ഏതെല്ലാം രീതിയിൽ മലയാളമണ്ണിലും മനുഷ്യമനസിലും വേരൂന്നി നിൽക്കുകയും പൂത്തുലഞ്ഞ് പരിമളം പരത്തുകയും ചെയ്യുന്നുവെന്ന് തന്റേതായ ശൈലിയിൽ അദ്ദേഹം വരച്ചുകാട്ടി. സത്യസന്ധവും വിമർശനാത്മകവുമായ നിലപാടിൽനിന്നുകൊണ്ടായിരുന്നു ആ ഉദ്ഘാടന പ്രസംഗം. കേരളം വീണ്ടും അന്ധവിശ്വാസങ്ങളുടെ ഇരുട്ടിലേക്ക് പതുക്കെപ്പതുക്കെ ആഴ്ന്നിറങ്ങുന്നതും അദ്ദേഹം തുറന്നുകാട്ടി. ഇക്കാര്യത്തിൽ നമ്മുടെ രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് പറ്റിയ അശ്രദ്ധയും അമാന്തവും പിണറായി തുറന്നടിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും മുന്നറിയിപ്പും നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ രണ്ടുദിവസങ്ങളിലായി കേരളകൗമുദി എഡിറ്റോറിയൽ പേജിൽ കൊടുത്തതിനാൽ ശിവഗിരിയിൽ എത്താൻ കഴിയാത്ത ലക്ഷക്കണക്കിന് വായനക്കാർക്കും പ്രയോജനപ്പെട്ടു.

എൻ. ദാമോദരൻ
ഹരിപ്പാട് 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ