പിന്നാക്ക ക്ഷേമ വകുപ്പിനെ നോക്കുകുത്തിയാക്കരുത്
January 20, 2017, 12:05 am
കേരളത്തിലെ വിശ്വകർമ്മ സംഘടനകൾ ഉൾപ്പെടെയുള്ള അനേകം സംഘടനകളുടെ ഏറെക്കാലത്തെ പ്രവർത്തനഫലമായാണ് 2011ൽ പിന്നാക്ക ക്ഷേമ വകുപ്പ് നിലവിൽ വന്നത്. നാളിതുവരെയും കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്താതെ ഈ വകുപ്പ് വെറും നോക്കുകുത്തിയായിരിക്കുന്നു.
പിന്നാക്ക വിഭാഗക്കാരുടെ ലക്ഷക്കണക്കിന്, വിവിധ ആവശ്യങ്ങൾക്കായുള്ള അപേക്ഷകൾ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമായി കെട്ടിക്കിടക്കുമ്പോൾ അവ പരിശോധിച്ച് വേണ്ടതു ചെയ്യാൻ സർക്കാർ മുതിരുന്നില്ലെന്ന് പറയുമ്പോൾ പിന്നാക്കക്കാരോടുള്ള സർക്കാരിന്റെ നയമാണ് അത് സൂചിപ്പിക്കുന്നത്.
വിശ്വകർമ്മജരായ ആയിരം പേർക്ക് പണിയായുധങ്ങൾ വാങ്ങാൻ സഹായ പദ്ധതി പ്രഖ്യാപനം വന്നപ്പോൾത്തന്നെ അൻപതിനായിരത്തിൽപ്പരം പേർ അപേക്ഷ സമർപ്പിക്കുകയുണ്ടായി. എന്നാൽ അവ പൊട്ടിച്ചുനോക്കുന്നതിനുപോലും ഇതുവരെ തുനിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. വിശ്വകർമ്മജരോടുള്ള കടുത്ത അവഗണനയാണ് സൂചിപ്പിക്കുന്നത്. ആവശ്യമായ തസ്തികകളിൽ പി.എസ്.സി വഴി നിയമനം നടത്തണം.
നടപ്പു സാമ്പത്തിക വർഷത്തിൽ പിന്നാക്ക ക്ഷേമ വികസനത്തിനായി വകയിരുത്തിയ 81 കോടി രൂപയിൽ ഒന്നരക്കോടി മാത്രമേ ഇതിനകം ചെലവഴിച്ചിട്ടുള്ളൂവെന്നു പറയുമ്പോൾ എത്ര നിസാരമായാണ് സർക്കാർ പിന്നാക്കക്കാരുടെ കാര്യങ്ങൾ നോക്കിക്കാണുന്നതെന്ന് മനസിലാവും. ഇതിൽത്തന്നെ വിശ്വകർമ്മ പെൻഷനായി ഒരുകോടി രൂപ നീക്കിവച്ചിരുന്നെങ്കിലും ഒരു രൂപ പോലും ചെലവാക്കിയില്ല എന്നതാണ് വസ്തുത.
പിന്നാക്ക വിഭാഗങ്ങളിൽത്തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലാണ് ഇന്ന് ബഹുഭൂരിപക്ഷം വിശ്വകർമ്മജരും. സ്വർണപ്പണിയും ഇരുമ്പുപണിയും മറ്റും അന്യം നിന്നുപോവുന്ന അവസ്ഥയിലാണിപ്പോൾ. ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം കാണേണ്ട സർക്കാർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് തികഞ്ഞ പ്രതിഷേധത്തോടെയാണ് വിശ്വകർമ്മജർ നോക്കിക്കാണുന്നത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനെട്ട് വിശ്വകർമ്മ സംഘടനകൾ ഒരുമിച്ചു കൂടിയ വിശ്വകർമ്മ മഹാസഖ്യം എൽ.ഡി.എഫിന് പരസ്യമായ പിന്തുണയാണ് പ്രഖ്യാപിച്ചിരുന്നത്. താൻ മഹാസഖ്യത്തിന്റെ പ്രസിഡന്റായിരിക്കുമ്പോഴാണ് എൽ.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തി പിന്തുണ പ്രഖ്യാപിച്ചത്.എന്നാൽ വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെന്ന് തന്നെയല്ല നിലവിലുള്ളവ ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്.
മറ്റു പല മാദ്ധ്യമങ്ങളും ഇത്തരം വാർത്തകൾ മറച്ചുവയ്ക്കുമ്പോൾ പൊതുജന നന്മയ്ക്കായി ഈ വാർത്ത വെളിച്ചത്തുകൊണ്ടുവന്ന കേരളകൗമുദി അഭിനന്ദനമർഹിക്കുന്നു.
ഡോ.ബി.രാധാകൃഷ്ണൻ
ജനറൽ സെക്രട്ടറി
പ്രവാസി വിശ്വകർമ്മ ഐക്യവേദി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ