ജനദ്രോഹം വഴിയല്ല വികസനം വരേണ്ടത്
February 9, 2017, 12:05 am
കേരളത്തിന്റെ സമഗ്ര വികസനത്തിനായി അതിബൃഹത്തായ ഒരു പദ്ധതി സംസ്ഥാന സർക്കാർ തയ്യാറാക്കി വരുന്നതായി അറിയുന്നു. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള 590 കിലോമീറ്റർ നീളത്തിൽ ഹരിത ഇടനാഴി നിർമ്മിക്കുന്നതാണ് പദ്ധതി. ഈ ഇടനാഴിയുടെ പടിഞ്ഞാറുവശം 35 മീറ്റർ വീതിയിൽ കേരളമാകെ മരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ചെലവ് 2881 കോടി രൂപയാണത്രേ. ഈ പദ്ധതിക്ക് വേണ്ടി 24040 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. അതിന് മാത്രമായി 5553 കോടി രൂപ വേറെയും വേണ്ടിവരുന്നതാണ്. പദ്ധതിയുടെ കരട് രേഖ തയ്യാറായി കഴിഞ്ഞു എന്നാണറിയുന്നത്. അതായത് നാട്ടുകാർ ഒന്നുമറിയുന്നില്ലെങ്കിലും എല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് നീങ്ങുന്നത്.
കേരളത്തിൽ ത്വരിതഗതിയിൽ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിവരുന്ന മറ്റു രണ്ടുപദ്ധതികളാണല്ലോ കണ്ണൂർ-തിരുവനന്തപുരം റെയിൽവേ ഇടനാഴിയും കാസർകോട് മുതൽ കഴക്കൂട്ടംവരെയുള്ള ദേശീയപാത വികസനവും. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനസാന്ദ്രതയും കണക്കിലെടുക്കാതെ ലക്ഷക്കണക്കിന് ആളുകളെ തെരുവാധാരമാക്കി വൻകിട കരാറുകാർക്ക് പണക്കൊയ്ത്തിന് അവസരം സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നിർദ്ദിഷ്ട പാതകൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളിലെ അദ്ധ്വാന ഫലമാണ് നഷ്ടപ്പെടുന്നത്. ഈ മൂന്ന് പദ്ധതികളും കൂടി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കീഴ്മേൽ മറിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ജനദ്രോഹപദ്ധതികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന മനുഷ്യസ്നേഹികളെ വികസന വിരുദ്ധരായി മുദ്രകുത്തുന്നു. രാമൻ വാണാലും രാവണൻ വാണാലും അടിസ്ഥാന മാറ്റമൊന്നുമില്ലെന്ന് ജനം മനസിലാക്കുന്നുണ്ട്.
വി.എസ്. ബാലകൃഷ്ണപിള്ള,
മണക്കാട്, തൊടുപുഴ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ