അർഹതയുണ്ടായിട്ടും സ്വാതന്ത്ര്യ സമര പെൻഷൻ നിഷേധിച്ചതിങ്ങനെ
February 7, 2017, 12:10 am
സ്വാതന്ത്ര്യസമരസേനാനി പെൻഷന് അർഹതയുണ്ടായിട്ടും നിസാരമായ സാങ്കേതികതകളിൽ കടിച്ചുതൂങ്ങി പെൻഷൻ നിഷേധിക്കപ്പെട്ട ഒരു റിട്ടയേഡ് അദ്ധ്യാപകനാണ് ഞാൻ.
എന്റെ വിദ്യാഭ്യാസകാലത്ത് പലപ്പോഴായി രണ്ടുമൂന്ന് സമരങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് ഗാന്ധിത്തൊപ്പിയണിഞ്ഞ് ഖദർ വേഷത്തിൽ വന്ന സ്വാതന്ത്ര്യസമര ഭടന്മാരോടൊപ്പം ക്ളാസ് ബഹിഷ്കരിച്ച് മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചുകൊണ്ട് ഒരു യോഗസ്ഥലം വരെ പോയി. യോഗം കഴിഞ്ഞുപിരിയുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ ക്ളാസ് ബഹിഷ്കരിച്ചു ജാഥയിലും യോഗത്തിലും പങ്കെടുത്ത ഞാനുൾപ്പെടെയുള്ള കുറേപ്പേരുടെ പേരിൽ കേസെടുത്തു. കോടതിയിൽനിന്ന് സമൻസ് കിട്ടിയതിനെത്തുടർന്ന് നാലഞ്ച് അവധിക്ക് കോടതികയറുകയും ചെയ്തു. സംഭവം 1947 -48 വിദ്യാലയവർഷത്തിൽ എങ്ങനെയെന്നറിഞ്ഞില്ല. കേസ് തീർന്നു.
ഞാൻ പഠിത്തം തുടർന്നു. 1948 - 53 കാലം തിരുവനന്തപുരം സംസ്കൃത കോളേജിലായിരുന്നു. അക്കാലത്തും ചില സമരങ്ങളിൽ ഭാഗഭാക്കാകേണ്ടിവന്നു. ഒരേ സമയം മുഖ്യമന്ത്രിയുടെയും യൂണി. രജിസ്ട്രാറുടെയും വീട്ടുപടിക്കൽ നിരാഹാരമനുഷ്ഠിച്ചുകൊണ്ടുള്ള സമരമായിരുന്നു പ്രധാനപ്പെട്ടത്. മൂന്നുദിവസം നിരാഹാരമനുഷ്ഠിച്ച ഒരാളായിരുന്നു ഞാൻ. കാലംകടന്നുപോയി. ഹൈസ്കൂൾ അദ്ധ്യാപകനായി 32 വർഷത്തെ സേവനത്തിനുശേഷം 1986 ൽ സർവീസിൽനിന്ന് പിരിഞ്ഞു.
2000-ാമാണ്ടിൽ സ്വാതന്ത്ര്യസമരസേനാനി പെൻഷന് എനിക്കർഹതയുണ്ടെന്നും അപേക്ഷിക്കണമെന്നും കാണിച്ച് ഒരു സുഹൃത്തിന്റെ കത്ത് വന്നു. തുടർന്ന് കേരള ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷനുമായി ബന്ധപ്പെടുകയും സംഘടനയിൽ എനിക്ക് അംഗത്വം ലഭിക്കുകയും ചെയ്തു. സംഘടനയുടെ നിർദ്ദേശപ്രകാരം ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട കേന്ദ്രത്തിൽ അപേക്ഷ നൽകി. കളക്ടറേറ്റിലും സെക്രട്ടേറിയറ്റിലും കോടതിയിലുമായി പതിനഞ്ച് വർഷം നിയമയുദ്ധത്തിലായിരുന്നു. പ്രസ്തുത പെൻഷന് ഞാൻ തികച്ചും അർഹനാണെന്ന് എന്നെ നേരിട്ടറിയാവുന്ന രണ്ട് എം.എൽ.എമാരുടെയും രണ്ട് എം.പിമാരുടെയും സർട്ടിഫിക്കറ്റ് തക്ക സമയത്ത് വേണ്ട കേന്ദ്രങ്ങളിൽ സമർപ്പിച്ചിട്ടും നിസാരമായ ചില സാങ്കേതിക തടസങ്ങൾ കണ്ടുപിടിച്ച് എന്റെ അർഹതയും അവകാശവും നിഷേധിക്കുകയായിരുന്നു.
ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്റെയും ജനപ്രതിനിധികളുടെയും സർട്ടിഫിക്കറ്റുകൾക്ക് പുല്ലുവിലയോ? ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഇന്നും കൊടികുത്തിവാഴുന്നുവെന്നോ?
എം.പി. വസുന്ധരൻ
പുനലൂർ

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ