ലോ അക്കാഡമി വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ കാണാപ്പുറങ്ങൾ
February 11, 2017, 12:20 am
അഡ്വ. ജോൺസൺ എബ്രഹാം
കേരളത്തിലെ വിദ്യാർത്ഥി സമരങ്ങളുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് 29 ദിവസം പിന്നിട്ട ലാ അക്കാഡമി വിദ്യാർത്ഥി സമരം വിജയിച്ചു. സംഘടിത വിദ്യാർത്ഥി ശക്തിക്കുമുന്നിൽ സർക്കാരിനും മാനേജ്‌​മെന്റിനും മുട്ടുമടക്കേണ്ടിവന്നു. കേരളത്തിന്റെ സാമൂഹ്യ, സാസ്​കാരിക, രാഷ്ട്രീയ മനസ്സ് വിദ്യാർത്ഥികളോടൊപ്പം നിന്നു. വിദ്യാർത്ഥിസമരം പെൺ കൂട്ടായ്മയുടെയും, ഒരുമയുടെയും വിജയമായി മാറി. വിദ്യാർത്ഥി പീഡനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിൻസിപ്പലിനെ മാറ്റി പുതിയ പ്രിൻസിപ്പലിനെ യു.ജി.സി., സർവകലാശാല ചട്ടങ്ങൾക്ക് വിധേയമായി നിയമിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി നൽകിയ ഉറപ്പുമാനിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ സമരം പിൻവലിച്ചത്. ലാ അക്കാഡമി വിദ്യാർത്ഥിസമരം ഒരു ഉത്സവമായിരുന്നു. വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധം. ലോ അക്കാഡമി പെൺപടയുടെയും വിദ്യാർത്ഥികളുടെയും ചെറുത്തുനിൽപ്പ് സർക്കാരിനും മാനേജ്‌​മെന്റിനുമെതിരായ രോഷമായിമാറി. എസ്.എഫ്.ഐ., സമരത്തിന്റെ 20​ാം ദിവസം വിദ്യാർത്ഥികളെ ഒറ്റുകൊടുത്തു എന്നത് സമരത്തെ ഒരു രീതിയിലും തളർത്തിയില്ല. എസ്.എഫ്.ഐ. പിൻമാറ്റത്തിനുശേഷവും ആവേശം ചോരാതെ വിദ്യാർത്ഥികൾ സമരം നയിച്ചു. ഒരു വിദ്യാർത്ഥി സമരം വിജയിക്കാൻ എസ്.എഫ്.ഐ. എന്ന സംഘടന അനിവാര്യഘടകമല്ല എന്ന യാഥാർത്ഥ്യം രാഷ്ട്രീയകേരളം തിരിച്ചറിഞ്ഞു. ഒരു വനിതാ പ്രിൻസിപ്പലിന്റെ താരപൊലിമയ്ക്കുമുന്നിൽ സി.പി.എമ്മും, എസ്.എഫ്.ഐയും വിപ്ലവവീര്യം അടിയറവുവച്ചു.
കെ.എസ്.യു.യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിയുടെ നേതൃത്വത്തിൽ ജനുവരി 11 ന് ആരംഭിച്ച സമരത്തിൽ മൂന്ന് ദിവസത്തിന്‌​ ശേഷമാണ് എസ്.എഫ്.ഐ. നുഴഞ്ഞുകയറിയത്. നെഹ്‌​റു കോളേജ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധ കാമ്പയിൻ നടത്താൻ അനുമതി നിഷേധിച്ച പ്രിൻസിപ്പലിന്റെ നടപടിയ്‌​ക്കെതിരെ കെ.എസ്.യു., എ.ഐ.എസ്.എഫ്., എം.എസ്.എഫ്. തുടങ്ങിയ വിദ്യാർത്ഥിസംഘടനകൾ ആരംഭിച്ച സമരം ആളിപ്പടർന്നു. എസ്.എഫ്.ഐ.യെ വിളിച്ചുവരുത്തി സൗകര്യപ്രദമായ വ്യവസ്ഥകൾ എഴുതിനൽകി അവരെക്കൊണ്ട് സമരം അവസാനിപ്പിച്ച് പറഞ്ഞുവിടാൻ മാനേജ്‌​മെന്റിന് കഴിഞ്ഞു. കോളേജിന്റെ 21 അംഗ ഭരണസമിതിയുടെ മിനിറ്റ്‌​സിന്റെ കോപ്പി ഹാജരാക്കാൻപോലും ഇവർക്കായില്ല. എസ്.എഫ്.ഐ.യുമായി മാനേജ്‌​മെന്റ് ഉണ്ടാക്കിയ കരാറിലും അവർ പുറത്തിറക്കിയ പത്രക്കുറിപ്പിലും രണ്ടുരീതിയിലാണ് കാര്യങ്ങൾ അറിയിച്ചത്. ലോ അക്കാഡമി പ്രിൻസിപ്പലിനെ തൽക്കാലം മാറ്റിനിർത്തിയിരിക്കുകയാണെന്നും അവരെ പുറത്താക്കിയിട്ടില്ലെന്നുമായിരുന്നു മാനേജ്‌​മെന്റ് ആദ്യം അറിയിച്ചത്. അടിക്കടി മാനേജ്‌​മെന്റിന്റെ നിലപാടിന് മാറ്റമുണ്ടായി. ലോ അക്കാഡമി ട്രസ്റ്റിന്റെ പ്രസിഡന്റ് ഈ കരാറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സ്ഥാനങ്ങൾ രാജിവച്ചത് എസ്.എഫ്.ഐ.യെ വെട്ടിലാക്കി.
പട്ടിക വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെട്ടപ്പോഴും അച്ചടക്കത്തിന്റെ പേരിൽ വിദ്യാർത്ഥികളെ അടിമക്കൂട്ടങ്ങളാക്കാൻ ശ്രമിച്ചപ്പോഴും വിദ്യാർത്ഥികളുടെ സഹായത്തിന് എസ്.എഫ്.ഐ. ഉണ്ടായില്ല. ഇന്റേണൽ മാർക്ക്, ഹാജർ എന്നതിന്റെപേരിലുള്ള പകപോക്കൽ തടയുവാൻ എസ്.എഫ്.ഐ.ക്കു കഴിഞ്ഞില്ല.


ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള കക്ഷിയാണ് സി.പി.എം.എന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. സർവകലാശാല ചട്ടവും നിയമവും ലംഘിച്ചാലും കാര്യമില്ലെന്നും സ്ഥാപിതതാൽപര്യക്കാരും നിയമലംഘകരുമാണ് തങ്ങൾക്ക് സ്വീകാര്യർ എന്ന് സി.പി.എം. കാണിച്ചുതന്നു. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ സമീപനങ്ങളുടെ മാറ്റുരയ്ക്കലായിരുന്നു ലോ അക്കാഡമി സമരത്തിൽ കണ്ടത്.
വിദ്യാർത്ഥി സമരം ഒത്തുതീർപ്പിലായെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇനിയും പരിഹാരം കാണേണ്ടതുണ്ട്.
1. ലോ അക്കാഡമി ലോ കോളേജിന്റെ നിലവിലുള്ള സ്റ്റാറ്റസ് എന്താണെന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്വം കേരളസർവകലാശാലയ്ക്കുണ്ട്.
2. വിദ്യാഭ്യാസ ആവശ്യത്തിനായി പതിച്ചുനൽകിയ ഭൂമി വാണിജ്യാവശ്യത്തിനായി വിനിയോഗിച്ചു എന്ന് റവന്യൂവകുപ്പ് കണ്ടെത്തിയതിനാൽ ലോ അക്കാഡമി ഭൂമി സർക്കാർ തിരിച്ചെടുക്കേണ്ടതുണ്ട്.
3. പ്രിൻസിപ്പൽ ലക്ഷ്മിനായരുടെ എൽ.എൽ.ബി. ബിരുദത്തെപ്പറ്റി കേരളസർവകലാശാല പരീക്ഷാസ്ഥിരം സമിതി അന്വേഷണം നടത്തുകയാണ്. ഒരേസമയം രണ്ടുസർവകലാശാലകളിൽ ഇവർ ബിരുദത്തിന് പഠിച്ചത് ചട്ടലംഘനമാണ്.
(കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവും കെ.പി.സി.സി. ട്രഷററുമാ​ണ്.)

     
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ